1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 15, 2024

സ്വന്തം ലേഖകൻ: കര്‍ണാടകത്തിലെ സ്വകാര്യവ്യവസായ മേഖലയില്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ തൊഴില്‍നിയമം മലയാളികളുള്‍പ്പെടെയുള്ള ഇതരസംസ്ഥാന തൊഴിലന്വേഷകര്‍ക്ക് തിരിച്ചടിയാകും. സ്വകാര്യവ്യവസായ സ്ഥാപനങ്ങളിലെ ക്ലറിക്കല്‍, ഗ്രൂപ്പ് ഡി. ജോലികളില്‍ കന്നഡികര്‍ക്ക് നൂറുശതമാനം സംവരണം ചെയ്യുന്നതാണ് പുതിയ നിയമം. തൊഴില്‍മേഖലയില്‍ തദ്ദേശീയരുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഇത്തരം സ്ഥാപനങ്ങളില്‍ മലയാളികളുള്‍പ്പെടെ ഒട്ടേറെ ഇതരസംസ്ഥാനക്കാര്‍ ജോലിചെയ്യുന്നുണ്ട്.

കര്‍ണാടക ഇന്‍ഡസ്ട്രിയില്‍ എംപ്ലോയ്മെന്റ് (സ്റ്റാന്‍ഡിങ് ഓര്‍ഡേഴ്സ്) (അമന്‍ഡ്മെന്റ്) റൂള്‍സ് 2024 എന്നപേരിലാണ് പുതിയ നിയമം കൊണ്ടുവരുന്നത്. ഇത് നടപ്പാക്കുന്നത് സംബന്ധിച്ച് അടുത്ത മന്ത്രിസഭായോഗം ചര്‍ച്ചചെയ്യും. സ്വകാര്യമേഖലയില്‍ കന്നഡികര്‍ക്ക് നൂറുശതമാനം സംവരണംവേണമെന്ന് കന്നഡ അനുകൂലസംഘടനകളുടെ നേരത്തേയുള്ള ആവശ്യമാണ്. ഇതുകണക്കിലെടുത്ത് 2019-ല്‍ സ്വകാര്യമേഖലയില്‍ കന്നഡികര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് നിയമഭേദഗതി കൊണ്ടുവന്നു. എന്നാല്‍ അത് എത്ര ശതമാനം എന്ന് വ്യക്തമാക്കിയിരുന്നില്ല.

തൊഴിലിടങ്ങളിലെ സാഹചര്യങ്ങള്‍ നിര്‍വചിക്കുന്ന നിയമത്തില്‍നിന്ന് ഐ.ടി., ഐ.ടി. അനുബന്ധ മേഖലയെ ഒഴിവാക്കിയത് അഞ്ചുവര്‍ഷംകൂടി നീട്ടിയ സര്‍ക്കാര്‍നടപടി ജീവനക്കാര്‍ക്ക് വെല്ലുവിളിയാകുന്നു. ജീവനക്കാരുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതിന് തുല്യമാണിതെന്നാണ് ആരോപണം. ഐ.ടി. മേഖലയില്‍ ജോലിചെയ്യുന്നവരില്‍ നല്ലൊരുശതമാനവും മലയാളികളാണ്.

25 വര്‍ഷംമുമ്പാണ് കര്‍ണാടകസര്‍ക്കാര്‍ ഐ.ടി., ഐ.ടി. അനുബന്ധ മേഖലയെ ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്മെന്റ്് നിയമപരിധിയില്‍നിന്ന് ഒഴിവാക്കിയത്. ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും ഈ നടപടിയുടെ സമയപരിധി നീട്ടുകയാണ് സര്‍ക്കാര്‍. ജീവനക്കാരുടെ അവധിനയം, ജോലിസമയം, പിരിഞ്ഞുപോകുമ്പോളുള്ള ആനുകൂല്യങ്ങള്‍ തുടങ്ങിയവയെല്ലാം നിയന്ത്രിക്കുന്ന ഈ നിയമത്തിന്റെ പരിധിയില്‍ ഐ.ടി., ഐ.ടി. അനുബന്ധ മേഖലയെ തിരികെ കൊണ്ടുവരണമെന്നാണ് ജീവനക്കാരുടെ ആവശ്യം.

2019-ല്‍ നീട്ടിയ സമയം ഈവര്‍ഷം മേയിലാണ് അവസാനിച്ചത്. ഈവര്‍ഷം മുതല്‍ ഐ.ടി. മേഖലയെ നിയമപരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് കര്‍ണാടക സംസ്ഥാന ഐ.ടി./ഐ.ടി.ഇ.എസ്. എംപ്ലോയീസ് യൂണിയന്‍ ആവശ്യപ്പെട്ടിരുന്നു. ഈയാവശ്യമുന്നയിച്ച് കഴിഞ്ഞ മാര്‍ച്ചില്‍ യൂണിയന്റെ നേതൃത്വത്തില്‍ കര്‍ണാടക ലേബര്‍ കമ്മിഷണര്‍ ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തുകയും കമ്മിഷണര്‍ക്ക് നിവേദനം നല്‍കുകയും ചെയ്തു.

തുടര്‍ന്ന്, യൂണിയനെയും തൊഴില്‍ദാതാക്കളെയും കേട്ടശേഷമേ തീരുമാനമെടുക്കൂവെന്ന് കമ്മിഷണര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, ആശങ്കകള്‍ അവഗണിച്ച് സര്‍ക്കാര്‍നിയമത്തില്‍നിന്ന് ഇവരെ ഒഴിവാക്കിയ നടപടി അഞ്ചുവര്‍ഷത്തേക്കുകൂടി നീട്ടി ഉത്തരവിറക്കുകയായിരുന്നു. ഈ മേഖലയില്‍ ജോലിചെയ്യുന്ന 20 ലക്ഷത്തിലേറെ ആളുകളുടെ ആശങ്ക അവഗണിച്ച നടപടി കോര്‍പ്പറേറ്റ് മുതലാളിമാരെ പ്രീണിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമമാണെന്ന് യൂണിയന്‍ ജനറല്‍ സെക്രട്ടറി സൂരജ് നിടിയങ്ങ പറഞ്ഞു.

ഇതിനെതിരേ യൂണിയന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. 25 വര്‍ഷംമുമ്പ് സംസ്ഥാനത്തെ ഐ.ടി. മേഖല സജീവമായി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. അക്കാലത്ത് ഐ.ടി. കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്മെന്റ്് നിയമപരിധിയില്‍നിന്ന് ഒഴിവാക്കിയത്. എന്നാല്‍, ഇപ്പോള്‍ സാഹചര്യങ്ങള്‍മാറി ഒട്ടേറെ ഐ.ടി. കമ്പനികള്‍ പ്രവര്‍ത്തനം തുടങ്ങിയെന്ന് യൂണിയന്‍ ചൂണ്ടിക്കാട്ടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.