സ്വന്തം ലേഖകൻ: കോവിഡ് മൂന്നാം തരംഗം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനൊരുങ്ങി കർണാടക സർക്കാർ. സംസ്ഥാനത്ത് നടപ്പാക്കിയിരുന്ന രാത്രി കർഫ്യൂ ജനുവരി 31 മുതൽ പിന്‍വലിക്കും. കൂടാതെ കോവിഡ് പെരുമാറ്റ ചട്ടങ്ങൾ കർശനമായി പാലിച്ചുകൊണ്ട് ബംഗളൂരുവിലെ എല്ലാ സ്കൂളുകളും കോളജുകളും വീണ്ടും തുറക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
പബ്ബുകൾ, റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, ഭക്ഷണശാലകൾ എന്നിവയിൽ 50 ശതമാനം സീറ്റുകളിൽ മാത്രമായിരുന്നു പ്രവേശന അനുമതി. 31ന് ശേഷം എല്ലാവരെയും പ്രവേശിപ്പിക്കാനും സർക്കാർ അനുമതി നൽകി. സർക്കാർ ഓഫിസുകളിൽ എല്ലാവരും ഹാജരാകണം. എന്നാൽ തിയേറ്ററുകൾ, നീന്തൽക്കുളങ്ങൾ, ജിമ്മുകൾ, സ്പോർട്സ് കോംപ്ലക്സുകൾ, സ്റ്റേഡിയങ്ങൾ എന്നിവടങ്ങളിൽ പകുതി പേരെ മാത്രമേ പ്രവേശിപ്പിക്കൂ.
വിവാഹത്തിന് 300 ആളുകൾക്ക് പങ്കെടുക്കാം. ആരാധനാലയങ്ങളിൽ പകുതി പേർക്ക് പ്രവേശന അനുമതിയുണ്ട്. കൂടാതെ മേളകൾ, റാലികൾ, ധർണകൾ, പ്രതിഷേധങ്ങൾ, സാമൂഹിക-മത സമ്മേളനങ്ങൾ എന്നീ പരിപാടികൾ എല്ലാം പൂർണമായും നിരോധിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, ഗോവ, കേരളം എന്നീ സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കണമെന്നും സർക്കാർ നിർദേശിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല