
സ്വന്തം ലേഖകൻ: ഐ.ടി നഗരം എന്നു കേൾക്കുന്ന ഏതൊരാളുടേയും മനസിലേക്ക് ആദ്യമെത്തുന്ന ചിത്രം ബെംഗളൂരുവിന്റേതായിരിക്കും. കാരണം ബെംഗളൂരുവും ഐ.ടി മേഖലയും അത്രയേറെ ഇഴുകിച്ചേർന്നുകിടക്കുന്നു. ഈ നഗരത്തെ ഇങ്ങനെയൊരു നേട്ടത്തിലേക്ക് നയിച്ചതിൽ മുഖ്യപങ്കുവഹിച്ചത് അന്തരിച്ച മുൻ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയായിരുന്നു. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തിലാണ് ബെംഗളൂരു ഐ.ടി രംഗത്ത് അതിവേഗം വളര്‍ന്നത്.
കർണാടകയുടെ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ബെംഗളൂരുവിനെ ഐ.ടി നഗരമാക്കുന്നതിനായി എസ്.എം.കൃഷ്ണ ശ്രമമാരംഭിച്ചത്. ഒരു കോർപ്പറേറ്റ് കമ്പനിയുടെ സി.ഇ.ഓയെപ്പോലെയാണ് അദ്ദേഹം പ്രവർത്തിച്ചതെന്ന് മുതിർന്ന മാധ്യമപ്രവർത്തകനായ ഇമ്രാൻ ഖുറേഷി ഡെക്കാൺ ഹെറാൾഡിലെഴുതിയ ലേഖനത്തിൽ പറയുന്നു. ഐടി മേഖലയിലെ വളർച്ചയ്‌ക്കുള്ള കൃഷ്ണയുടെ പിന്തുണയും പൊതു-സ്വകാര്യ പങ്കാളിത്ത മോഡലിന് നൽകിയ മുന്തിയ പരിഗണനയും ബാംഗ്ലൂരിനെ ഒരു ബ്രാൻഡെന്ന നിലയിൽ ആഗോള ഭൂപടത്തിൽ എത്തിക്കാൻ സഹായിച്ചെന്നും ഖുറേഷി അഭിപ്രായപ്പെടുന്നു.
എങ്കിലും നിരവധി വെല്ലുവിളികൾ നിറഞ്ഞതായിരുന്നു എസ്.എം. കൃഷ്ണയുടെ മുഖ്യമന്ത്രിക്കാലം. അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന സമയത്തായിരുന്നു കുപ്രസിദ്ധ ചന്ദനക്കൊള്ളക്കാരൻ വീരപ്പൻ കന്നഡ സൂപ്പർതാരം ഡോ.രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയത്. സംസ്ഥാനത്തുടനീളം പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ഇതിൽ ആരാധകർതന്നെയായിരുന്നു മുന്നിൽ. ഇതിനിടയിൽ ഒരുഘട്ടത്തിൽ രാജ്കുമാറിന്റെ മോചനം വൈകുന്നതിൽ മനംനൊന്ത് ഒരു ആരാധകൻ ജീവനൊടുക്കി. 108 ദിവസമാണ് ഈ വിഷയത്തിൽ കർണാടക സംസ്ഥാനം നിന്നുകത്തിയത്. കാവേരി നദീജലം പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട്-കർണാടക സംസ്ഥാനങ്ങൾ തമ്മിലുണ്ടായ തർക്കവും കൃഷ്ണ മന്ത്രിസഭയ്ക്ക് തലവേദന സൃഷ്ടിച്ചു.
ജീവിതത്തിൽ താൻ രണ്ടേ രണ്ട് അബദ്ധങ്ങളാണ് ചെയ്തതെന്ന് എസ്.എം.കൃഷ്ണ മുൻപ് പറഞ്ഞിട്ടുണ്ട്. 2004-ൽ കാലാവധി തീരാൻ ആറുമാസം ബാക്കിനിൽക്കേ സർക്കാർ പിരിച്ചുവിട്ടതാണ് ആദ്യത്തേത്. ഇതിനെ ഹിമാലയൻ ബ്ലണ്ടർ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. രണ്ടാമത്തേതാകട്ടെ മഹാരാഷ്ട്ര ഗവർണർ പദവി സ്വീകരിച്ചതും. ഇങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ സംസ്ഥാന രാഷ്ട്രീയത്തിൽ കുറച്ചുനാൾകൂടിയെങ്കിലും നിൽക്കാമായിരുന്നെന്നും കൃഷ്ണ പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയെന്ന നിലയിൽ കൃഷ്ണ അവതരിപ്പിച്ച മറ്റൊന്നായിരുന്നു ബാംഗ്ലൂർ അജണ്ട ടാസ്ക് ഫോഴ്സ്. 1994 മുതൽ 2004 വരെയുള്ള കാലയളവിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതിയായിരുന്നു ഇത്. ഇൻഫോസിസ് സഹസ്ഥാപകനായ നന്ദൻ നിലേകനിയായിരുന്നു ഈ സംവിധാനം സ്ഥാപിക്കുന്നതിൽ മുഖ്യപങ്കുവഹിച്ച മറ്റൊരാൾ.
ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അദ്ദേഹം അന്തരിച്ചത്. കര്‍ണാടക രാഷ്ട്രീയത്തിലെ അതികായനായിരുന്ന അദ്ദേഹം ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, മന്‍മോഹന്‍ സിങ് മന്ത്രിസഭകളില്‍ അംഗമായിരുന്നു. നീണ്ടകാലത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് 2017 ലാണ് ബി.ജെ.പിയിലെത്തിയത്. സംസ്‌കാരം ബുധനാഴ്ച ജന്മദേശമായ മദ്ദൂരില്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല