1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 17, 2024

സ്വന്തം ലേഖകൻ: കർണാടകത്തിൽ സ്വകാര്യമേഖലയിൽ തദ്ദേശീയർക്ക് 100 ശതമാനം നിയമനങ്ങൾ സംവരണംചെയ്യാൻ ലക്ഷ്യമിടുന്ന ബില്ലിന് കർണാടക മന്ത്രിസഭ അംഗീകാരംനൽകി. ​ഗ്രൂപ്പ് സി, ​ഗ്രൂപ്പ് ഡി പോസ്റ്റുകളിലായിരിക്കും സംവരണം. കന്നടക്കാരുടെ ക്ഷേമത്തിനാണ് തങ്ങളുടെ പ്രഥമ പരി​ഗണനയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ എക്സിൽ കുറിച്ചു. ജനങ്ങൾക്ക് കർണാടകയിൽ ജോലി നൽകി സ്വന്തം നാട്ടിൽ തന്നെ ജീവിക്കാൻ അവസരം നൽകാനാണ് തന്റെ സർക്കാർ ആ​ഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടാതെ, സംസ്ഥാനത്തെ വ്യവസായമേഖലയിൽ തദ്ദേശീയർക്ക് 75 ശതമാനംവരെ നിയമനങ്ങൾ സംവരണംചെയ്യാൻ ലക്ഷ്യമിടുന്ന ബില്ലിനും സഭ അം​ഗീകാരംനൽകി. കർണാടകത്തിൽ ജനിച്ചുവളർന്നവർക്കൊപ്പം 15 വർഷമായി കർണാടകത്തിൽ സ്ഥിരതാമസമാക്കിയവരും കന്നഡ എഴുതാനും വായിക്കാനും പറയാനും അറിയുന്നവരുമായവർക്ക് സംവരണംനൽകാനാണ് ബില്ലിലെ വ്യവസ്ഥ.

വ്യവസായസ്ഥാപനങ്ങളിലും ഫാക്ടറികളിലും മറ്റുസ്ഥാപനങ്ങളിലും മാനേജ്‌മെന്റ് തസ്തികകളിൽ 50 ശതമാനവും മാനേജ്‌മെന്റ് ഇതരതസ്തികകളിൽ 75 ശതമാനവും തദ്ദേശീയർക്ക് സംവരണംചെയ്യാനാണ് ബിൽ വ്യവസ്ഥചെയ്യുന്നത്. ബിൽ, നടപ്പുനിയമസഭാസമ്മേളനത്തിൽ അവതരിപ്പിച്ചേക്കും.

കർണാടക സ്റ്റേറ്റ് എംപ്ലോയ്‌മെന്റ് ഓഫ് ലോക്കൽ കാൻഡിഡേറ്റ്‌സ് ഇൻ ദ ഇൻഡസ്ട്രീസ്, ഫാക്ടറീസ്, ആൻഡ് അദർ എസ്റ്റാബ്ലിഷ്‌മെന്റ് ബിൽ-2024 എന്നപേരിൽ രൂപംനൽകിയ ബില്ലിനാണ് അംഗീകാരംനൽകിയത്. ജോലിക്കുള്ള അപേക്ഷകർ കന്നഡഭാഷ ഒരു വിഷയമായി പഠിച്ച് പത്താംക്ലാസ് പരീക്ഷ പാസായിരിക്കണം. അല്ലെങ്കിൽ സർക്കാർ വിജ്ഞാപനംചെയ്യുന്ന നോഡൽ ഏജൻസി നടത്തുന്ന കന്നഡ നൈപുണി ടെസ്റ്റ് പാസാകണം.

അപേക്ഷകരായി വേണ്ടത്ര തദ്ദേശീയരെത്തിയില്ലെങ്കിൽ നിയമത്തിൽ ഇളവുവരുത്താൻ സ്ഥാപനം സർക്കാരിന് അപേക്ഷനൽകണം. അന്വേഷണം നടത്തിയശേഷം സർക്കാർ ആവശ്യമായ ഉത്തരവുനൽകും. അതേസമയം, തദ്ദേശീയരായ അപേക്ഷകർ മാനേജ്‌മെന്റ് തസ്തികകളിൽ 25-ലും മാനേജ്‌മെന്റ് ഇതരതസ്തികകളിൽ 50 ശതമാനത്തിലും കുറയാൻപാടില്ലെന്നും ബിൽ വ്യവസ്ഥചെയ്യുന്നു. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് 10,000 രൂപമുതൽ 25,000 രൂപവരെ പിഴയിടുമെന്നും ബിൽ വ്യവസ്ഥചെയ്യുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.