സ്വന്തം ലേഖകൻ: കര്‍ണാടകത്തിലെ കനത്ത മഴയില്‍ മുങ്ങി റോഡുകള്‍. കോടികള്‍ ചെലവിട്ട് നിര്‍മിച്ച റോഡുകളാണ് നല്ലൊരു മഴയെ അതിജീവിക്കാനാവാതെ വീണുപോയിരിക്കുന്നത്. ബെംഗളൂരു നഗരത്തിലെ റോഡുകള്‍ എല്ലാ തരിപ്പണമായ അവസ്ഥയിലാണ്. വാഹനങ്ങളൊക്കെ മുങ്ങിയിരിക്കുകയാണ്. ഏറെ കൊട്ടിഘോഷിക്കപ്പെട്ട ബെംഗളൂരു-മൈസൂരു കനത്ത മഴയെ അതിജീവിക്കാനാവാതെ വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. സര്‍വീസ് റോഡുകളെല്ലാം വെള്ളത്തിനടിയിലാണ്. കഴിഞ്ഞ രണ്ട് ദിവസമായി ഗംഭീര മഴയാണ് നഗരത്തില്‍ ലഭിച്ച് കൊണ്ടിരിക്കുന്നത്.
ബെംഗളൂരുവില്‍ ഡ്രെയിനേജ് സംവിധാനം വളരെ മോശമാണ്. വെള്ളത്തിന് ഒഴുകി പോകാന്‍ സ്ഥലമൊന്നുമില്ലാത്തത് കൊണ്ടാണ് വെള്ളപ്പൊക്കം ഉണ്ടാവുന്നത്. നഗരത്തിലെ ഏറ്റവും ചെലവേറിയ റോഡുകളിലൊന്നാണ് ബെംഗളൂരു-മൈസൂരു പദ്ധതി. ആദ്യ ഘട്ടത്തില്‍ 3501 കോടി രൂപയാണ് ചെലവിട്ടത്. രണ്ടാംഘട്ടത്തില്‍ 2920 കോടിയും. കുംബല്ഗോഡു, ബിദാദി, രാംനഗര്‍, ചന്നപട്ടണ, എന്നിവയ്ക്കടുത്തായുള്ള ഹൈവേകളൊന്നും സഞ്ചരിക്കാന്‍ സാധിക്കാത്ത തരത്തിലായിരുന്നു. എല്ലാം വെള്ളത്തില്‍ മുങ്ങി. പലയിടത്തും വാഹനങ്ങള്‍ ഗതിതിരിച്ച് വിട്ടിരിക്കുകയാണ്.
മൈസൂരു, മാണ്ഡ്യ, തുംഗുരു മേഖലകളില്‍ മഴ ശക്തമായിരുന്നു. പുഴകളും തടാകങ്ങളുമെല്ലാം കരകവിഞ്ഞു. അതേസമയം എക്സ്പ്രസ് ഹൈവേയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ഡ്രൈനേജ് നിര്‍മാണം പൂര്‍ത്തിയാവാത്തതും വെള്ളക്കെട്ടിന് കാരണമായിട്ടുണ്ട്. ഇതിനിടെയാണ് ബെംഗളൂരു-മൈസൂരു പാതയില്‍ ഗതാഗതം കനകപുര വഴി തിരിച്ചുവിട്ടത്. കേരളത്തില്‍ നിന്നുള്ള കെഎസ്ആര്‍ടിസി ബസ്സുകളും പാതി വഴിയില്‍ കുടുങ്ങി കിടക്കുകയാണ്. ബസ്സുകളും കാറുകളും വെള്ളത്തില്‍ മുങ്ങി കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
കുടുങ്ങി കിടക്കുന്ന വാഹനങ്ങളില്‍ നിന്ന് സാഹസികമായിട്ടാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്. വെള്ളത്തില്‍ ബസ്സുകളും കാറുകളും ഒലിച്ചുപോവുന്നത് ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. ഒരു സ്വകാര്യ ബസ്സ് വെള്ളപ്പൊക്കത്തില്‍ ഭാഗികമായി മുങ്ങിയതും യാത്രക്കാരെ വാഹനത്തില്‍ നിന്ന് ഒഴിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ നിന്ന് കാണാം. രാമനഗര ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 134 മില്ലിമീറ്റര്‍ മഴയാണ് പെയ്തതാണ്. ഇതുകൊണ്ട് പല പ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. സ്കൂളുകള്‍ക്ക് ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു.
ബെംഗളൂരുവിലും മൈസൂരുവിലും മഴയില്‍ ഹൈവേയില്‍ വെള്ളക്കെട്ടുണ്ടാവുന്നത് ഇത് ആദ്യമായിട്ടല്ല. മാദൂര്‍, മാണ്ഡ്യ എന്നിവിടങ്ങള്‍ കഴിഞ്ഞ മാസത്തെ മഴയില്‍ മുങ്ങിയിരുന്നു. വെള്ളം ഒഴുകി പോകുന്ന തരത്തിലാണ് റോഡുകള്‍ നിര്‍മിക്കേണ്ടത്. വെള്ളം കെട്ടികിടന്നാല്‍ റോഡുകള്‍ തകരാറിലാവും. വിള്ളലുകള്‍ വരും. അത് വാഹനമോടിക്കുന്നവരെ അപകടത്തിലേക്കും നയിക്കുമെന്ന് ഗതാഗത വിദഗ്ധനായ ശ്രീനിവാസ് പറഞ്ഞു. പല റോഡുകളും കാഴ്ച്ചയില്‍ മികച്ചതാണ്. എന്നാല്‍ മഴ വരുമ്പോഴാണ് ഇവയുടെ യഥാര്‍ത്ഥ പരാജയം പുറത്തുകാണുന്നതെന്നും വിദഗ്ധര്‍ പറയുന്നു.
ഇപ്പോള്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന റോഡ് പൂര്‍ത്തിയാവും മുമ്പാണ് അപാകതകള്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ റോഡുകളെയും ഡ്രെയിനേജുകളെയും പരസ്പരം ബന്ധിപ്പിക്കുന്നതോടെ വെള്ളക്കെട്ടുകള്‍ ഉണ്ടാവില്ലെന്നാണ് ദേശീയ പാത അതോറിറ്റി പറയുന്നു. കര്‍ണാടകത്തില്‍ അടുത്ത രണ്ട് ദിവസം കൂടി മഴയുണ്ടാവുമെന്നാണ് പ്രവചനം. ബെംഗളൂരുവിലും മഴ ശക്തമായിരിക്കും. ഒപ്പം ഇടിവെട്ടാനും സാധ്യതയുണ്ട്. ഏതൊക്കെ റോഡുകള്‍ വീണ്ടും വെള്ളത്തില്‍ മുങ്ങുമെന്ന് കണ്ടറിയാമെന്ന് ജനങ്ങള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല