സ്വന്തം ലേഖകൻ: ഷിരൂര്‍ മണ്ണിടിച്ചിലില്‍ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കാണാതായിട്ട് ഒരു മാസം തികയുന്നു. ജൂലൈ പതിനാറിന് പുലര്‍ച്ചെയാണ് അര്ജുന് ഓടിച്ചിരുന്നു ലോറിയെ ഉള്‍പ്പെടെ കവര്‍ന്ന് ദേശീയ പാത 66 ല്‍ ഷിരൂര്‍ വില്ലേജിലെ കാര്‍വാറിന് സമീപം അങ്കോളയില്‍ അപകടം ഉണ്ടായത്.
അര്ജുന് ഉള്‍പ്പെടെ പത്ത് പേരാണ് അപകടത്തില്‍ മരിച്ചത്. അര്‍ജുനെയും ലോറിയെയും കണ്ടെത്താന്‍ രണ്ടാഴ്ചയോളം തിരച്ചില്‍ നടത്തിയെങ്കിലും ശ്രമങ്ങള്‍ കാലാവസ്ഥ ഉള്‍പ്പെടെ പ്രതികൂലമായതോടെ വിഫലമാവുകയായിരുന്നു.
അര്‍ജുനെ കണ്ടെത്താനായി മത്സ്യത്തൊഴിലാളി ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തിലുള്ള തിരച്ചില്‍ ഇന്നലെ പുനഃരാരംഭിക്കുകയും ചെയ്തിരുന്നു. ഗംഗാവാലി പുഴയിലെ ഒഴുക്ക് കുറഞ്ഞതിന് പിന്നാലെ നടത്തിയ പരിശോധനയില്‍ ലോറിയുടേത് എന്ന് കരുതുന്ന ജാക്കിയുള്‍പ്പെടെ കണ്ടെടുത്ത സാഹചര്യത്തില്‍ ഇന്ന് വിശദമായ പരിശോധന നടത്താന്‍ ഒരുങ്ങുകയാണ് അധികൃതര്‍.
എസ്ഡിആര്‍എഫും ഈശ്വര്‍ മല്‍പെ സംഘവും തിരച്ചിലിനായി ഗംഗാവാലി പുഴയില്‍ ഇറങ്ങി. ലോറിയുടെ ജാക്കി കണ്ടെത്തിയ സ്ഥലത്താകും ആദ്യം പരിശോധന നടത്തുക.പുഴയിലെ അടിയൊഴുക്ക് കുറഞ്ഞതും വെള്ളം തെളിഞ്ഞതും തിരച്ചിലിന് സഹായകമാകുമെന്നാണ് വിലയിരുത്തല്‍.
നിലവില്‍ മഴ കുറഞ്ഞുനില്ക്കുന്നതും ആശ്വാസമാണ്. ഉച്ചയ്ക്ക് ശേഷം കൂടുതൽ ഡൈവർമാർ പുഴയിൽ ഇറങ്ങും. പ്രതികൂല കാലാവസ്ഥയും ഗംഗാവാലി പുഴയിലെ ഒഴുക്കും കാരണം നിര്‍ത്തിവെച്ചിരുന്ന തിരച്ചില്‍ ചൊവ്വാഴ്ചയാണ് പുനരാരംഭിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല