1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 3, 2023

സ്വന്തം ലേഖകൻ: ഹ്രസ്വദൂര വിമാനസർവീസുകൾക്കായി സ്വന്തം വിമാനക്കമ്പനി തുടങ്ങാൻ കർണാടക സർക്കാർ. സംസ്ഥാനത്തെ വിവിധ നഗരങ്ങളെ ബന്ധിപ്പിച്ചുള്ള വിമാനസർവീസുകളാണ് ലക്ഷ്യമിടുന്നത്. കമ്പനി രൂപവത്കരിക്കുന്നതുമായി ബന്ധപ്പെട്ട പ്രാരംഭപ്രവർത്തനങ്ങൾക്ക് എയർ ഇന്ത്യയിലുണ്ടായിരുന്ന ഉന്നതോദ്യോഗസ്ഥനെ നിയോഗിച്ചതായി അടിസ്ഥാന വികസനവകുപ്പ് മന്ത്രി എം.ബി. പാട്ടീൽ പറഞ്ഞു.

ആദ്യഘട്ടത്തിൽ മൂന്ന് വിമാനങ്ങൾ വാങ്ങാനാണ് ലക്ഷ്യമിടുന്നത്. ഇതിനൊപ്പം വിമാനത്താവളങ്ങളുടെ നടത്തിപ്പിന് കർണാടക എയർപോർട്ട്‌സ് ആൻഡ് എയർലൈൻസ് അതോറിറ്റി എന്ന പ്രത്യേക അതോറിറ്റിയെയും നിയോഗിക്കും. ഭാവിയിൽ സംസ്ഥാനത്ത് നിർമിക്കുന്ന മുഴുവൻ വിമാനത്താവളങ്ങളുടെയും നടത്തിപ്പ് അതോറിറ്റിക്കായിരിക്കും.

പുതിയ വിമാനങ്ങൾ വാങ്ങുമ്പോൾ ഒരുവിമാനത്തിന് 200 കോടി വീതം ചെലവുവരുമെന്നാണ് കണക്ക്. കൂടുതൽ സർവീസുകൾ തുടങ്ങുമ്പോൾ വിമാനങ്ങൾ വാങ്ങുന്നതിനുപകരം വാടകയ്ക്കെടുക്കാനുള്ള സാധ്യതകളും തേടും. സാധാരണക്കാരനും വിമാനയാത്ര സാധ്യമാകുന്നതരത്തിലാകും ടിക്കറ്റ് നിരക്കുകൾ.

സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്കും ചെറുനഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള വിമാനസർവീസ് കുതിപ്പേകുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്. ചിക്കമഗളൂരു, കുടക്, ധർമസ്ഥല, ഹംപി എന്നിവിടങ്ങളിൽ രണ്ടുവർഷത്തിനുള്ളിൽ ചെറുകിടവിമാനത്താവളങ്ങൾ നിർമിക്കാനുള്ള പദ്ധതിയുമുണ്ട്.

അതേസമയം, കഴിഞ്ഞദിവസം പ്രവർത്തനം തുടങ്ങിയ ശിവമോഗ വിമാനത്താവളത്തിൽനിന്ന് ഒരുമാസത്തിനുള്ളിൽ ചെന്നൈ, ഹൈദരാബാദ് ഉൾപ്പെടെയുള്ള നഗരങ്ങളിലേക്ക് വിമാനസർവീസുകൾ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.