ലണ്ടന്‍ :പ്രശസ്ത പ്രവാസി സാഹിത്യകാരന്‍ കാരൂര്‍ സോമന്‍ എഴുത്തിന്റെ രജത ജൂബിലി ആഘോഷിച്ചു. എന്‍ഫീല്‍ഡ് മലയാളി അസോസിയേഷനും ലണ്ടന്‍ മലയാള സാഹിത്യവേദിയും സംയുക്തമായ് സംഘടിപ്പിച്ച ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന്‍ സക്കറിയ കാരൂര്‍ സോമനെ പൊന്നാട അണിയിച്ചു. സാഹിത്യത്തിന്റെ സമസ്ത മേഖലകളിലും കയ്യൊപ്പ് ചാര്‍ത്തിയ കാരൂര്‍ നാടകം, നോവല്‍, കഥ, കവിത, ലേഖനങ്ങള്‍, യാത്രാവിവരണം തുടങ്ങി ഇരുപത്തഞ്ചിലധികം കൃതികള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ചടങ്ങില്‍ സക്കറിയയ്ക്ക് പുറമേ രാജി നന്തിലത്ത്, ജോര്‍ജ് പറ്റിയാല്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
ചെറുപ്പത്തില്‍ തന്നെ കവിതകള്‍ എഴുതുകയും ബാലപ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു കൊണ്ടായിരുന്നു കാരൂര്‍ സോമന്റെ എഴുത്തിന്റെ തുടക്കം. പിന്നീട് നാടക രംഗത്തേക്ക് തിരിഞ്ഞു. തിരുവനന്തപുരം, തൃശ്ശൂര്‍ റേഡിയോ സ്റ്റേഷനുകള്‍ തുടരെ റേഡിയോ നാടകങ്ങള്‍ പ്രക്ഷേപണം ചെയ്തു. കര്ട്ടനിടൂ, കാര്‍മേഘം എന്നീ റേഡിയോ നാടകങ്ങള്‍ കാരൂര്‍ സോമന് ഏറെ ആരാധകരെ നേടി കൊടുത്തു. 1972 മുതല്‍ സ്റ്റേജ് നാടകങ്ങളിലേക്ക് തിരിഞ്ഞു. ഇക്കാലത്ത് എഴുതിയ ഇരുളടഞ്ഞ താഴ്വര എന്നാ നാടകം ഏറെ വിവാദത്തില്‍ ഉള്‍പ്പെട്ടു. അക്കാലത്തെ പോലീസിന്റെ കിരാത വാഴ്ച്ചയ്ക്കെതിരെയുള്ള ശക്തമായ താക്കീത് എന്ന നിലയിലായിരുന്നു നാടകം രംഗത്തെത്തിച്ചത്. എന്നാല്‍ നാടകത്തിനെതിരെ പോലീസ് രംഗത്ത് വന്നു. വിളക്കും വിവാദവും ഭീഷണിയും ശക്തിപ്പെട്ടതോടെ റാഞ്ചിയിലേക്ക് കുടിയേറി.
റാഞ്ചി മലയാളി അസോസിയേഷന് വേണ്ടി നാടകങ്ങളും ഗാനങ്ങളുമെഴുതിക്കൊണ്ട് സജീവ കലാജീവിതം തുടര്‍ന്ന കാരൂര്‍ സോമന്‍ ഇക്കാലത്ത് എഴുതിയ നാടകങ്ങള്‍ ബോംബെ,ആഗ്ര,ലുധിയാന,ബോക്കാരോ മലയാളി സംഘടനകള്‍ രംഗത്തെത്തിച്ചു. ഇവിടെയൊക്കെയും ഏറെ കയ്യടികലോടു കൂടിയാണ് കാരൂരിന്റെ നാടകങ്ങളെ ആസ്വാദകര്‍ സമീപിച്ചത്. ശ്രീമൂലനഗരം വിജയന്‍റെ അവതാരികയോടെ ആദ്യത്തെ പ്രസിദ്ധീകരണം വെളിച്ചം കണ്ടു 1985 ല്‍ കോട്ടയം വിദ്യാര്‍ഥിമിത്രമായിരുന്നു പ്രസാധകര്‍, പുസ്തകത്തിന്റെ പേര് കടല്‍ക്കര. ഇക്കാലത്ത് റാഞ്ചി എക്സ്പ്രസ് ദിനപത്രത്തില്‍ ജോലി ചെയ്തു കൊണ്ടിരിക്കവേ ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു. അക്കാലത്തെ അനുഭവ പശ്ചാത്തലത്തില്‍ നിന്ന് ഡല്‍ഹിയില്‍ വെച്ച് കണ്ണീര്‍പ്പൂക്കള്‍, കട്നമഴ നനഞ്ഞപ്പോള്‍ എന്നിവയെഴുതി. കണ്ണീര്‍പ്പൂക്കള്‍ എന്ന കൃതിക്ക് അവതാരിക എഴുതിയത് പ്രശസ്ത സാഹിത്യകാരന്‍ തകഴി ശിവശങ്കരപിള്ളയായിരുന്നു.
തുടര്‍ന്നു ഗള്‍ഫ് നാടുകളിലേക്ക് കുടിയേറി. ഇവിടെ വെച്ച് എഴുത്ത് സജീവമാക്കി. കനല്‍, കിനാവുകളുടെ തീരം (നോവലുകള്‍), സുഗന്ധസൂനങ്ങള്‍(കവിത), സൌദിയുടെ മണ്ണില്‍, കഥകളുറങ്ങുന്ന പുണ്യഭൂമി (ലേഖനങ്ങള്‍) എന്നിവ പ്രസിദ്ധപ്പെടുത്തി. കടലിനക്കരെ എംബസി സ്കൂള്‍ ഗള്‍ഫില്‍ നിന്നുള്ള ആദ്യ മലയാള സംഗീത നാടകം എന്ന ഖ്യാതി നേടിയെടുത്തു. കണ്ണീര്‍ പൂക്കള്‍ എന്ന നോവല്‍ ആദ്യത്തെ വിദേശ മലയാളി സാഹിത്യ പുരസ്കാരത്തിന് അര്‍ഹമായ്. അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി നരംസിംഹ റാവുവില്‍ നിന്നായിരുന്നു പുരസ്കാരം കാരൂര്‍ ഏറ്റു വാങ്ങിയത്.
ലണ്ടനിലേക്ക് കുടിയേറിയതോടെ കാല്പാടുകള്‍, കാണാപ്പുറങ്ങള്‍, കാവല്‍മാലാഖ, കനല്‍ ചിറകുകള്‍, കത്തനാര്‍, കഥാനായകന്‍ , എന്നീ നോവലുകള്‍ ബാല സാഹിത്യ നോവലായ കിളിക്കൊഞ്ചല്‍, കര്‍ഷകമന്ത്രി, കടലാസ്, കറുത്തപക്ഷികള്‍ (കവിതകള്‍),കനക നക്ഷത്രങ്ങളുടെ നാട്ടില്‍ (യാത്രാവിവരണം) കാട്ടുകോഴി എന്ന ചെറുകഥാ സമാഹാരം എന്നിവ പ്രസിദ്ധപ്പെടുത്തി. എഴുത്തിന്റെ രജത ജൂബിലിയോട് അനുബന്ധിച്ച് ആത്മകഥാ രചനയിലാണിപ്പോള്‍. ചരിത്രം, രാഷ്ട്രീയം, സാഹിത്യം എന്നിവയുമായ് ബന്ധപ്പെടുത്തി കൊണ്ടുള്ള ഗവേഷണം തുടരുന്ന കാരൂര്‍ സോമന്‍ പ്രവാസ സാഹിത്യത്തിന്റെ മലയാള ബന്ധം വിപുലപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല