സ്വന്തം ലേഖകന്‍: മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിയെ ആശുപത്രിയിലേക്ക് മാറ്റി; ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മകന്‍ സ്റ്റാലിന്‍. ഡോക്ടര്‍മാരുടെ നിരീക്ഷണം തുടരുകയാണെന്നും മകനും പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റുമായ എം.കെ.സ്റ്റാലിന്‍ അറിയിച്ചു. രക്തസമ്മര്‍ദം താഴ്ന്നതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം രാത്രി വൈകി ഒന്നരയോടെ കരുണാനിധിയെ ആശുപത്രിയിലേക്കു മാറ്റിയത്. ചെന്നൈ ഗോപാലപുരത്തെ വീട്ടില്‍ ആശുപത്രിസമാന സന്നാഹത്തോടെയായിരുന്നു ഇതുവരെയുള്ള ചികില്‍സ.
‘വാര്‍ധക്യസഹജമായ ചില ബുദ്ധിമുട്ടുകളില്‍ കരുണാനിധിയുടെ ആരോഗ്യത്തില്‍ നേരിയ പ്രശ്‌നങ്ങളുണ്ട്. മൂത്രാശയത്തിലെ അണുബാധ കാരണമുണ്ടായ പനിക്കാണ് നിലവില്‍ ചികിത്സ നല്‍കുന്നത്. 24 മണിക്കൂറും നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്, കാവേരി ഹോസ്പിറ്റല്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. അരവിന്ദന്‍ സെല്‍വരാജ് അറിയിപ്പില്‍ വ്യക്തമാക്കി.
കരുണാനിധിയെ കാണുന്നതിന് സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി കരുണാനിധിയുടെ ആരോഗ്യനിലയെപ്പറ്റി അന്വേഷിച്ചു. സ്റ്റാലിനോടും കനിമൊഴിയോടും മോദി ഫോണില്‍ വിവരങ്ങള്‍ തിരക്കി. കരുണാനിധി പാര്‍ട്ടി തലവനായുള്ള അമ്പതാം വാര്‍ഷികം 27ന് ആഘോഷിക്കാനിരിക്കെയാണു ഡിഎംകെ അണികളെ ആശങ്കയിലാക്കി അദ്ദേഹം അസുഖ ബാധിതനായത്. ഡിഎംകെ എംഎല്‍എമാരോടും നിര്‍വാഹകസമിതി അംഗങ്ങളോടും അടിയന്തരമായി ചെന്നൈയിലെത്താന്‍ പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ഗോപാല്‍പുരത്തെ വസതിയിലേക്കു നേതാക്കളുടേയും പ്രവര്‍ത്തകരുടേയും പ്രവാഹമായിരുന്നു.
അതിനിടെ, ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം ഉള്‍പ്പെടെയുള്ള മന്ത്രിമാരും നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കമല്‍ഹാസനും വസതിയിലെത്തി സ്റ്റാലിനെ സന്ദര്‍ശിച്ചു. കരുണാനിധിയുടെ വീടിനു മുന്നില്‍ വന്‍സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ചെന്നൈ നഗരത്തിലും സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി. ഡിഎംകെ സ്ഥാപക നേതാവ് സി.എന്‍.അണ്ണാദുരൈയുടെ മരണത്തെത്തുടര്‍ന്ന് 1969 ജൂലൈ 27നാണ് കരുണാനിധി പാര്‍ട്ടി തലപ്പത്തെത്തുന്നത്. ഇതിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിക്കുന്നതിന് അണികളോട് കരുണാനിധിയുടെ മകന്‍ എം.കെ.സ്റ്റാലിനും ആഹ്വാനം ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല