‘ഉടല്‍ മണ്ണുക്ക്, ഉയിര്‍ തമിഴുക്ക്’; കുറിക്കുകൊള്ളുന്ന ആ വാക്കും നാക്കും ഇനിയില്ല; തമിഴ് മക്കളുടെ കലൈജ്ഞര്‍ ഓര്‍മയാകുമ്പോള്‍; എംജിആറുമായുള്ള ഇണക്കവും പിണക്കവും ജയലളിതയുമായുള്ള യുദ്ധവുമെല്ലാമായി സംഭവബഹുലമായ ജീവിതം. തമിഴകരാഷ്ട്രീയത്തെ നാലു പതിറ്റാണ്ടു ഭരിച്ച കരുണാനിധി പതിനാലാം വയസ്സിലാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. ഇരുപത്തഞ്ചാം വയസ്സില്‍ ഡിഎംകെയുടെ സ്ഥാപക നേതാവായി; മുപ്പത്തിമൂന്നാം വയസ്സില്‍ എംഎല്‍എയും.
തമിഴ്‌നാടിന്റെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി എന്ന റെക്കോര്‍ഡും കരുണാനിധിക്കു തന്നെയാണ്. 1969ല്‍ നാല്‍പത്തിയഞ്ചാം വയസ്സില്‍. നാടകത്തിലൂടെ ആയിരുന്നു കലാരംഗത്ത് കരുണാനിധിയുടെ തുടക്കം. ഇരുപതാം വയസ്സില്‍ ജൂപ്പിറ്റര്‍ പിക്‌ചേഴ്‌സിന്റെ ‘രാജകുമാരി’ എന്ന സിനിമയ്ക്കു വേണ്ടി ആദ്യമായി സംഭാഷണമെഴുതി. ഈ ചിത്രത്തിന്റെ സെറ്റില്‍വച്ചാണ് എംജിആറുമായി പരിചയപ്പെടുന്നതും സൗഹൃദത്തിലാകുന്നതും. അന്നു കോണ്‍ഗ്രസുകാരനായിരുന്ന എംജിആറിനെ ദ്രാവിഡ പ്രസ്ഥാനത്തിലേക്കു കൊണ്ടുവന്നതും കലൈജ്ഞര്‍ തന്നെ. കന്നിച്ചിത്രം തന്നെ വന്‍വിജയമായി.
കരുണാനിധിക്കു മികച്ച തിരക്കഥാകൃത്ത് എന്ന ലേബലും എംജിആറിനു വെള്ളിത്തിരയില്‍ ഉയരങ്ങളിലേക്കുളള ചവിട്ടുപടിയുമായി ആ ചിത്രം. കരുണാനിധിയുടെ പേരുവച്ച് പുറത്തിറങ്ങിയ ആദ്യചിത്രം ‘മരുതനാട്ട് ഇളവരശി’യായിരുന്നു. (ആദ്യ ചിത്രമായ രാജകുമാരിക്ക് സംഭാഷണം എഴുതിയെങ്കിലും പടം റിലീസായപ്പോള്‍ മറ്റൊരാളുടെ പേരാണ് പ്രത്യക്ഷപ്പെട്ടത്.) 1950 ല്‍ റിലീസുചെയ്ത ‘മരുതനാട്ട് ഇളവരശി’യിലെ നായികാനായകന്മാര്‍ എംജിആറും ജാനകിയുമായിരുന്നു. അവരുടെ പ്രണയം മൊട്ടിട്ടതും ചിത്രത്തിന്റെ ഈ സെറ്റില്‍. 1954 ല്‍ എംജിആറിനെ സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ത്തിയ ‘മാലൈ കളളന്‍’ എന്ന വമ്പന്‍ ഹിറ്റിനു പിന്നിലും കരുണാനിധി തന്നെ.
ഓരോ സിനിമയിലൂടെയും കരുണാനിധി ഒരു രാഷ്ട്രീയ സന്ദേശം നല്‍കിയിരുന്നു. മൊത്തം എഴുപതോളം തിരക്കഥകളും നൂറോളം പുസ്തകങ്ങളും കലൈജ്ഞരുടെ തൂലികയില്‍ പിറന്നു. തമിഴ് ക്ലാസിക്കായ ചിലപ്പതികാരത്തെ ആസ്പദമാക്കി രചിച്ച പൂം പുഹാര്‍, മന്ത്രികുമാരി, പരാശക്തി (ശിവാജി ഗണേശനെ താരമാക്കിയത് ഈ ചിത്രമാണ്), മനോഹര, തിരുമ്പിപ്പാര്‍, തായില്ലാപിളള, രാജാ റാണി, പൂക്കാരി, കണ്ണമ്മ… അങ്ങനെ എത്രയോ ചിത്രങ്ങള്‍. തിരക്കഥാകൃത്ത്, സംഭാഷണ രചയിതാവ്, ഗാനരചയിതാവ്, നിര്‍മാതാവ് എന്നീ നിലകളിലെല്ലാം അദ്ദേഹം തിളങ്ങി.
കരുണാനിധി പാര്‍ട്‌നറായ മേഖലാ പിക്‌ചേഴ്‌സാണ് ‘മറക്കമുടിയുമാ’, ‘വാലിബ വിരുന്ന്’ എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചത്. അദ്ദേഹത്തിന്റെ അടുത്ത ബന്ധുവും പില്‍ക്കാലത്ത് കേന്ദ്രമന്ത്രിയുമായ മുരശൊലി മാരന്‍ സംവിധായകനായതും വാലിബ വിരുന്നിലൂടെ തന്നെ. സിനിമയിലെത്തും മുന്‍പേ കലൈജ്ഞര്‍ രാഷ്ട്രീയത്തില്‍ ഹരിശ്രീ കുറിച്ചു. ഇ.വി. രാമസ്വാമി പെരിയോറിന്റെ ശിഷ്യനായാണ് പൊതുപ്രവര്‍ത്തനം തുടങ്ങിയത്. 1949 ല്‍ സി.എന്‍.അണ്ണാദുരൈ ഡിഎംകെ സ്ഥാപിച്ചപ്പോള്‍ ഒപ്പംചേര്‍ന്ന അദ്ദേഹം 1957 ല്‍ കുളിത്തലൈയിലെ ആദ്യ പോരാട്ടത്തില്‍ വിജയിച്ചു. 1961 ല്‍ പാര്‍ട്ടി ട്രഷററായ അദ്ദേഹം പിന്നീട് പ്രതിപക്ഷ നേതാവായി. 1967 ല്‍ മന്ത്രി, 1969ല്‍ അണ്ണാ മരിച്ചപ്പോള്‍ മുഖ്യമന്ത്രി.
1971 ല്‍ വീണ്ടും മുഖ്യമന്ത്രിയായി. 1972 ല്‍ അടുത്ത സുഹൃത്തും രാഷ്ട്രീയ തോഴനുമായിരുന്ന എം.ജി.ആറുമായി തെറ്റിപ്പിരിഞ്ഞു. ഡിഎംകെയില്‍ നിന്നു പുറത്തായ എം.ജി.ആര്‍. എഡിഎംകെ (അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം പിന്നീട് അത് എഐഎഡിഎംകെ ആയി) രൂപീകരിച്ചു. 1975 ല്‍ കരുണാനിധി മന്ത്രിസഭയെ ഇന്ദിരാഗാന്ധി പിരിച്ചുവിട്ടു. എംജിആറുമായി തെറ്റിയതു മുതല്‍ രാഷ്ട്രീയ ഗ്രഹണത്തിന്റെ കാലമായിരുന്നു കരുണാനിധിക്ക്. 1977 മുതല്‍ 1987 ല്‍ അന്ത്യംവരെയും എംജിആര്‍ മുഖ്യമന്ത്രി, കരുണാനിധി പ്രതിപക്ഷ ബെഞ്ചിലും. പിന്നീട് എംജിആറിന്റെ മരണശേഷമാണ് കരുണാനിധിക്ക് മുഖ്യമന്ത്രിക്കസേര വീണ്ടെടുക്കാനായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല