1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 8, 2018

സ്വന്തം ലേഖകന്‍: ദ്രാവിഡ രാഷ്ട്രീയത്തിന്റെ സൂര്യന്‍ അസ്തമിച്ചു; പ്രിയ കലൈജ്ഞര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ചെന്നൈയിലേക്ക് ജനപ്രവാഹം. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം. കരുണാനിധി അന്തരിച്ചു. 94 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചെന്നൈ കാവേരി ആശുപത്രിയില്‍ 10 ദിവസത്തോളമായി ചികില്‍സയിലായിരുന്നു കരുണാനിധി. ചൊവ്വാഴ്ച ഉച്ചയോടെ അദ്ദേഹത്തിന്റെ ആരോഗ്യനില അതീവഗുരുതരമാകുകയായിരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും അവയവങ്ങള്‍ തകരാറിലാണെന്നും വൈകീട്ട് 4.30ന് ഇറങ്ങിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചിരുന്നു.

മരണസമയത്ത് മകനും ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റുമായ എം.കെ.സ്റ്റാലിനും കുടുംബാംഗങ്ങളും ഡിഎംകെയുടെ മുതിര്‍ന്ന നേതാക്കളും ആശുപത്രിയിലുണ്ടായിരുന്നു. ഈ വര്‍ഷം ജൂലൈ 27 ന് അദ്ദേഹം ഡിഎംകെ അധ്യക്ഷസ്ഥാനത്ത് 49 വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. ശ്വസനം സുഗമമാക്കുന്നതിനായി കഴുത്തില്‍ ഘടിപ്പിച്ച ട്രക്കിയസ്റ്റമി ട്യൂബ് മാറ്റി സ്ഥാപിക്കാനുള്ള ശസ്ത്രക്രിയയ്ക്കു അദ്ദേഹത്തെ ജൂലൈ 19 ന് വിധേയനാക്കിയിരുന്നു. ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായതിനെ തുടര്‍ന്നു ശ്വസനം സുഗമമാക്കാനായാണ് 2016ല്‍ ശ്വാസനാളിയില്‍ ട്യൂബ് (ട്രക്കിയസ്റ്റമി) ഘടിപ്പിച്ചത്. പിന്നിട്ട ഏതാനും മാസങ്ങളായി കരുണാനിധിയെ ആരോഗ്യപ്രശ്‌നങ്ങള്‍ വലിയ തോതില്‍ അലട്ടിയിരുന്നു.

ട്രക്കിയസ്റ്റമി ട്യൂബ് മാറ്റിയതിനു പിന്നാലെ പനിയും മൂത്രനാളിയിലെ അണുബാധയും ബാധിച്ച അദ്ദേഹത്തിന്റെ ചികില്‍സയ്ക്കായി ഗോപാലപുരത്തെ വീട്ടില്‍ ആശുപത്രിക്കു സമാനമായ ചികില്‍സാ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. തുടര്‍ന്ന് നില വഷളായതിനെത്തുടര്‍ന്ന് ജൂലൈ 29ന് കാവേരി ആശുപത്രിയിലേക്കു മാറ്റി. ആശുപത്രിയില്‍ അദ്ദേഹത്തിന്റെ നില മെച്ചപ്പെടുന്നുവെന്ന സൂചന ലഭിച്ചെങ്കിലും തിങ്കളാഴ്ചയോടെ നില വീണ്ടും ഗുരുതരമാവുകയായിരുന്നു. രാഷ്ട്രപതി റാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡു, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ചലച്ചിത്രതാരങ്ങളായ രജനീകാന്ത്, കമല്‍ഹാസന്‍, വിജയ്, അജിത് തുടങ്ങിയവര്‍ അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.

നാഗപട്ടണം ജില്ലയിലെ തിരുകുവളെയില്‍ 1924 ജൂണ്‍ മൂന്നിന് പിന്നാക്ക സമുദായമായ ഇശയ വെള്ളാള വിഭാഗത്തില്‍ ജനിച്ച മുത്തുവേല്‍ കരുണാനിധി ഇ.വി. രാമസ്വാമിയുടെ (പെരിയോര്‍) ശിഷ്യനായാണ് പൊതുപ്രവര്‍ത്തനം തുടങ്ങിയത്. ദക്ഷിണാമൂര്‍ത്തി എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യപേര്. 1949 ല്‍ സി.എന്‍.അണ്ണാദുരൈ ഡിഎംകെ സ്ഥാപിച്ചപ്പോള്‍ ഒപ്പം ചേര്‍ന്ന അദ്ദേഹം 1957 ല്‍ കുളിത്തലൈയിലെ ആദ്യ പോരാട്ടത്തില്‍ വിജയിച്ച് എംഎല്‍എയായി. 1961 ല്‍ പാര്‍ട്ടി ട്രഷററായ അദ്ദേഹം 1962 ല്‍ നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായി. 1967 ല്‍ ഡിഎംകെ സര്‍ക്കാര്‍ അധികാരമേറിയപ്പോള്‍ പൊതുമരാമത്ത് മന്ത്രിയായി.
1969 ല്‍ അണ്ണാദുരെയുടെ നിര്യാണത്തെത്തുടര്‍ന്ന് ഡിഎംകെ അധ്യക്ഷനും അതേവര്‍ഷം തന്നെ മുഖ്യമന്ത്രിയുമായി. എംജിആര്‍, ജയലളിത മുതലായ തമിഴ് രാഷ്ട്രീയത്തിലെ അതികായരുമായി ഇണങ്ങിയും പിണങ്ങിയും സംഭവബഹുലമായിരുന്നു കരുണാനിധിയുടെ രാഷ്ട്രീയ ജീവിതം. കവിയും ചലച്ചിത്രകാരനുമായ അദ്ദേഹം തമിഴ് ഭാഷയുടെ ആഴമറിയുന്ന ഉജ്വല പ്രഭാഷകന്‍ കൂടിയായിരുന്നു. തിരുക്കുറള്‍ ഉള്‍പ്പെടെ തമിഴ്ക്ലാസിക്കുകള്‍ മിക്കതും മനഃപാഠം. മാക്‌സിം ഗോര്‍ക്കിയുടെ ‘ മദറി’ന്റെ തമിഴ് പരിഭാഷ ഉള്‍പ്പെടെ ഇരുനൂറോളം പുസ്തകങ്ങള്‍ രചിച്ചു.
ഇരുപതാം വയസ്സില്‍ ആദ്യ ചിത്രമായ ‘രാജകുമാരി’ക്കു തിരക്കഥയെഴുതി. തുടര്‍ന്ന് എഴുപതോളം തിരക്കഥകളും നൂറോളം പുസ്തകങ്ങളും ആ തൂലികയില്‍ നിന്നു പിറന്നു. തമിഴകം ആദരപൂര്‍വം അദ്ദേഹത്തെ ‘കലൈജ്ഞര്‍’ (കലാകാരന്‍) എന്നു വിളിച്ചു. പരേതയായ പത്മാവതി അമ്മാള്‍, രാജാത്തി അമ്മാള്‍, ദയാലു അമ്മാള് എന്നിവര്‍ ഭാര്യമാരാണ്. മകന്‍ എം.കെ.സ്റ്റാലിനെ രാഷ്ട്രീയ പിന്‍ഗാമിയായി കണ്ട അദ്ദേഹം മറ്റൊരു മകനായ അഴഗിരിയുമായി ഇടക്കാലത്ത് അകല്‍ച്ചയിലായിരുന്നു. മകള്‍ കനിമൊഴിയും രാഷ്ട്രീയത്തില്‍ സജീവമാണ്. എം.കെ. മുത്തു, എം.കെ. തമിഴരശ്, എം.കെ. സെല്‍വി എന്നിവരാണ് മറ്റു മക്കള്‍.

അതിനിടെ കരുണാനിധിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് മറീന ബീച്ചില്‍ സ്ഥലം അനുവദിക്കണമെന്ന ഡിഎംകെയുടെ ആവശ്യം തമിഴ്‌നാട് സര്‍ക്കാര്‍ നിരസിച്ചത് പ്രതിഷേധത്തിന് കാരണമായി. തുടര്‍ന്ന് ഡിഎംകെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്നലെ അര്‍ധരാത്രിയോടെ വാദം അവസാനിച്ചു. ആക്ടിങ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട രണ്ടംഗ ബെഞ്ചില്‍ രാവിലെ വാദം തുടരും. രാവിലെ എട്ടു മുതല്‍ വാദം ആരംഭിക്കും. ഡിഎംകെയുടെ വാദത്തിന് മറുപടി നല്‍കുന്നതിനു തമിഴ്‌നാട് സര്‍ക്കാര്‍ കൂടുതല്‍ സമയം ചോദിച്ചിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.