സ്വന്തം ലേഖകന്‍: കരിപ്പൂര്‍ വിമാനത്താവളത്തെ ആര്‍ക്കും വേണ്ട, എങ്ങുമെത്താതെ റണ്‍വേ നവീകരണം, വട്ടംചുറ്റി യാത്രക്കാര്‍. പ്രവൃത്തി പൂര്‍ത്തിയാകാന്‍ 18 മാസം എടുക്കുമെന്നാണ് ഔദ്യോഗിക അറിയിപ്പെങ്കിലും ഇപ്പോഴത്തെ വേഗതയിലാണെങ്കില്‍ റണ്‍വേ നവീകരണ പ്രവൃത്തികള്‍ രണ്ട് വര്‍ഷം കഴിഞ്ഞും പൂര്‍ത്തിയാകില്ലെന്നത് തീര്‍ച്ചയാണ്.
റണ്‍വേ നവീ കരണത്തിന് മുന്നോടിയായി അനുബന്ധ ജോലികള്‍ സെപ്തംബറില്‍ തന്നെ ആരംഭിച്ചിരുന്നു. റണ്‍വേ റീ കാര്‍പെറ്റിംഗിന്റെ പേരില്‍ മെയ് മാസം മുതല്‍ വലിയ വിമാനങ്ങള്‍ക്കുള്ള അനുമതി കരിപ്പൂരില്‍ നിഷേധിച്ചിരുന്നു. എയര്‍ ഇന്ത്യയുടെ രണ്ടും എമിറേറ്റ്‌സിന്റെ രണ്ടും സൗദി എയര്‍ലൈന്‍സിന്റെ ഒരു വിമാനവും ഉള്‍പ്പെടെ പ്രതിദിനം അഞ്ച് ജംബോ വിമാനങ്ങള്‍ കരിപ്പൂരില്‍ സര്‍വീസ് നടത്തിയിരുന്നു.
എന്നാല്‍ പണി തുടങ്ങിയതോടെ ഓരോ വിമാനങ്ങളുടെയും കരിപ്പൂരിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ ഉള്‍പ്പെടെ പത്ത് ജംബോ വിമാനങ്ങളാണ് ഒറ്റയടിക്ക് കരിപ്പൂരിന് നഷ്ടമായത്. എയര്‍ ഇന്ത്യ സര്‍വീസുകള്‍ നിലച്ചതോടെ കരിപ്പൂരില്‍ നിന്ന് സൗദിയിലേക്ക് നേരിട്ടുള്ള സര്‍വീസുകളും ഇല്ലാതായി.
കരിപ്പൂരിന് നഷ്ടമായ ജംബോ സര്‍വീസുകള്‍ തിരിച്ചുവരില്ലെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ കരിപ്പൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് വ്യക്തമായിരുന്നു. കരിപ്പൂരില്‍ ജംബോ വിമാനങ്ങള്‍ക്ക് വേണ്ട റണ്‍വേ നീളമില്ലെന്നാണ് അധികൃതരുടെ ന്യായം. വേണ്ടത്ര നീളമില്ലാത്ത ടാബിള്‍ ടോപ്പ് മാതൃകയിലുള്ള റണ്‍വേയില്‍ വിമാനം ഇറക്കുന്നതിന് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റില്‍ നിന്ന് അനുമതി ലഭിക്കില്ല.
ജൂണ്‍ മുതല്‍ മഴക്കാലം ആരംഭിക്കുന്നതോടെ ആറ് മാസത്തേക്ക് റീകാര്‍പെറ്റിംഗ് ചെയ്യാനാകില്ല. അറ്റകുറ്റപ്പണി തീരുമ്പോഴേക്കും വിമാനത്താവളം അകാലചരമമടയുമോ എന്ന ആശങ്കയിലാണ് യാത്രക്കാര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല