മലയാള പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന കാസനോവ 26ന് റിലീസാകും. മോഹന്‍ലാലിന്റെ 2012ലെ ആദ്യ റിലീസാണ് ഇത്. മാത്രമല്ല, മോഹന്‍ലാലിന്റെ ഏറ്റവും ചെലവേറിയ ചിത്രം കൂടിയാണ് കാസനോവ.17 കോടി രൂപ ഈ സിനിമയ്ക്കായി ചെലവായെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ബജറ്റ് സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല. കാസനോവ മറ്റ് ഭാഷകളില്‍ റിലീസ് ചെയ്യുന്നില്ല എന്നാണ് സൂചന. ഈ സാഹചര്യത്തില്‍ കേരളത്തില്‍ നിന്ന് മാത്രം ഇത്രയും വലിയ തുക തിരിച്ചുപിടിക്കുന്നതെങ്ങനെ എന്ന ചോദ്യം ബാക്കിയാകുകയാണ്.
കോണ്‍ഫിഡന്റ് ഗ്രൂപ്പ് ആണ് കാസനോവ നിര്‍മ്മിച്ചത്. “ഞാന്‍ ഈ ചിത്രത്തില്‍ സംതൃപ്തനാണ്. എന്റെ നിര്‍മ്മാതാവും തിരക്കഥാകൃത്തുക്കളും സംതൃപ്തരാണ്. ഇതൊരു വലിയ ചിത്രമാണ്. ഒട്ടേറെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. എന്നാല്‍ നിര്‍മ്മാതാവ് സി ജെ ജോയ് എന്നെ പൂര്‍ണമായും വിശ്വസിച്ച് പണം മുടക്കി” – സംവിധായകന് റോഷന് ആന്‍ഡ്രൂസ് പറയുന്നു.
“നായകനായ കാസനോവ ഒരു മില്യണയറാണ്. അയാള്‍ കെ എസ് ആര് ടി സി ബസ് സ്റ്റാന്‍ഡില്‍ നില്ക്കുന്ന രീതിയില്‍ ചിത്രീകരിക്കാനല്ല ഞാന്‍ ആഗ്രഹിച്ചത്. ഒരു പ്രൈവറ്റ് ജെറ്റും മറ്റും സ്വന്തമായുള്ളയാളാണ്. ദുബായിയും ബാങ്കോക്കും ഉള്‍പ്പടെയുള്ള വിദേശ ലൊക്കേഷനുകളില്‍ ചിത്രീകരിച്ചെങ്കില്‍ മാത്രമേ കഥയോട് നീതി പുലര്‍ത്താനാകുമായിരുന്നുള്ളൂ” – ബജറ്റ് വര്‍ദ്ധിക്കാനിടയായ സാഹചര്യം റോഷന് വ്യക്തമാക്കി.
“കാസനോവയുടെ ബജറ്റിനെപ്പറ്റിയും മറ്റും ഉയരുന്ന ആരോപണങ്ങളും അപവാദങ്ങളും അസൂയ മൂലം ചിലര്‍ പറഞ്ഞുപരത്തുന്നതാണ്. എന്നോട് ബജറ്റ് നോക്കാതെ ഒരു വലിയ സിനിമ ചെയ്തു തരാനാണ് റോയി ആവശ്യപ്പെട്ടത്.” – റോഷന് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല