സ്വന്തം ലേഖകൻ: സോജില പാസിനടുത്ത് വച്ച് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച നാല് മലയാളികൾ പാലക്കാട് ചിറ്റൂർ സ്വദേശികൾ. നവംബർ 30ന് ട്രെയിൻ മാർഗമാണ് സംഘം കശ്മീരിലേക്ക് തിരിച്ചത്. 13 പേരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഏഴ് പേർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. മോശ കാലാവസ്ഥയാണ് അപകട കാരണമായത്.
പാലക്കാട് ചിറ്റൂർ സ്വദേശികളായ അനിൽ (34 ), സുധീഷ് ( 32 ), രാഹുൽ ( 28 ), വിഘ്നേഷ് ( 23 ) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന മനോജ്, രജീഷ്, അരുൺ എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ചിറ്റൂർ ജെടിഎസിന് സമീപമുള്ളവരാണ് അപകടത്തിൽപ്പെട്ടവർ.
നാല് മലയാളികളെ കൂടാതെ വാഹനം ഓടിച്ചിരുന്ന ജമ്മു കശ്മീർ സ്വദേശിയായ ഇജാസ് അഹമ്മദും അപകടത്തിൽ മരിച്ചു. കാറില്‍ ഡ്രൈവർ ഉൾപ്പടെ ആകെ എട്ടുപേരാണ് ഉണ്ടായിരുന്നത്. നാലു പേർ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.
ശേഷിച്ച നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഒരാൾ ആശുപത്രിയിൽവെച്ച് മരണപ്പെടുകയായിരുന്നു. മരിച്ചവരിൽ ഒരാളുടെ മൃതദേഹം ഇന്നലെ തന്നെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരുടെയും മൃതദേഹം ഇന്ന് രാവിലെതന്നെ ശ്രീനഗറിലെ സർക്കാർ ആശുപത്രിയിലെത്തിക്കും. പോസ്റ്റുമോർട്ടം നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ഇന്ന് തന്നെ നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമം നടക്കുകയാണ്. മരിച്ചവരുടെ ബന്ധുക്കൾ കശ്മീരിലേക്ക് തിരിച്ചിട്ടുണ്ട്.
അപകടം നടന്നയുടൻ ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽപ്പെട്ട കാറിൽ കുടുങ്ങിയവരെ ഏറെ ശ്രമകരമായാണ് പുറത്തെടുത്തത്. കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് മലയിടുക്കിലെ കൊക്കയിലേക്ക് വീണത്.
ഇപ്പോൾ അപകടം നടന്ന സ്ഥലത്തെ ഇക്കഴിഞ്ഞ മെയിൽ രണ്ട് വാഹനങ്ങൾ കൊക്കയിലേക്ക് മറിഞ്ഞിരുന്നു. വീതി കുറഞ്ഞ റോഡിൽ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുന്ന സംഭവങ്ങൾ മുമ്പും ഇവിടെ കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല