സ്വന്തം ലേഖകന്‍: ജമ്മു കാശ്മീരില്‍ ഝലം നദി കര കവിഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ അതി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കഴിഞ്ഞ 24 മണിക്കൂറായി മേഖലയില്‍ കനത്ത മഴയും മണ്ണിടിച്ചിലും തുടരുകയാണ്. ജലനിരപ്പ് അപകടമാം വിധം ഉയര്‍ന്നതിനെ തുടര്‍ന്ന് 44 കെട്ടിടങ്ങള്‍ ഒലിച്ചു പോയതായി പൊലീസ് അറിയിച്ചു.
പതിനെട്ടു വീടുകള്‍ തകര്‍ന്നിട്ടുണ്ട്. മദ്ധ്യ കാശ്മീരിലെ ബഡ്ഗം ജില്ലയില്‍ ചോണ്ടിനാര്‍ ഗ്രാമപ്രദേശത്ത് മണ്ണിടിഞ്ഞ് എട്ടു വീടുകളും പത്തു പശു തൊഴുത്തുകളും നിലംപതിച്ചു. കൂടാതെ ഈ പ്രദേശത്ത് മാത്രമായി ഇരുപത്താറോളം വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇതുവരെ ജീവഹാനിയുണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന് അറിയിപ്പ് ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. അധികൃതര്‍ പ്രദേശവാസികളെ കൂട്ടത്തോടെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാനുള്ള ശ്രമം ആരംഭിച്ചു. കനത്ത മണ്ണിടിച്ചില്‍ കഴിഞ്ഞ ദിവസം മുതല്‍ ശ്രീനഗര്‍, ജമ്മു ദേശീയപാത അടച്ചിടാന്‍ തീരുമാനിച്ചതായി ഗതാഗത വകുപ്പ് അറിയിച്ചു.
കശ്മീരിലെ മിക്കവാറും എല്ലാ ജലാശയങ്ങളിലും ജലനിരപ്പ് അപകടകരമാം വിധം ഉയര്‍ന്നിട്ടുണ്ട്. അടുത്ത ആറു ദിവസത്തേക്ക് കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. എന്നാല്‍ ഝലം നദിയിലെ ജലനിരപ്പ് അപകട നിലയിലേക്ക് ഉയര്‍ന്നിട്ടില്ലെന്നാണ് വെള്ളപ്പൊക്ക നിയന്ത്രണ വകുപ്പിന്റെ നിലപാട്.
കഴിഞ്ഞ വര്‍ഷം വെള്ളപ്പൊക്ക കെടുതി കൂടുതലായി അനുഭവപ്പെട്ട രാജ്ബാഘ് മേഖലയിലും കനത്ത മഴ തുടരുകയാണ്. പ്രദേശത്തെ പ്രധാന റോഡുകളില്‍ 18 ഇഞ്ചോളം ഉയരത്തിലാണ് വെള്ളം ഒഴുകുന്നുത്. വൈദ്യുതി വിതരണത്തിലെ സാങ്കേതിക തകരാറുകള്‍ കാരണം വെള്ളം പമ്പു ചെയ്ത് മാറ്റുന്നതില്‍ താമസം നേരിടുന്നതും സ്ഥിതിഗതികള്‍ വഷളാക്കുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല