സ്വന്തം ലേഖകന്‍: കശ്മീര്‍ വിഷയം ലോകരാഷ്ട്രങ്ങള്‍ അവഗണിച്ചാല്‍ ഇന്ത്യയുമായി നേരിട്ട് സൈനിക ഏറ്റുമുട്ടലിനുള്ള സാധ്യത വര്‍ധിക്കുമെന്ന മുന്നറിയിപ്പുമായി പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. ദ ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തിലാണ് ഇമ്രാന് ഖാന് ഇക്കാര്യം വ്യക്തമാക്കുന്നത്.
‘കശ്മീരിനെതിരായും അവിടുത്തെ ജനങ്ങള്‍ക്ക് എതിരായും ഇന്ത്യന്‍ ആക്രമണം തുടര്‍ന്നാല്‍ അതിന്റെ പ്രത്യാഘാതം ആഗോള തലത്തിലായിരിക്കും. രണ്ട് ആണവ ശക്തികള്‍ സൈനിക ഏറ്റുമുട്ടലിലേക്ക് കൂടുതല്‍ അടുക്കുന്നത് ലോകത്തെ തന്നെ ബാധിക്കും,’ ഇമ്രാന് ഖാന് ലേഖനത്തില്‍ പറയുന്നു.കശ്മീരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ വെള്ളിയാഴ്ച അരമണിക്കൂര്‍ കശ്മീരിനായി മാറ്റിവയ്ക്കാന്‍ ഇമ്രാന് ഖാന് ആവശ്യപ്പെട്ടിരുന്നു.
ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കശ്മീരിലെ ജനങ്ങള്‍ക്കായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ് പാക്കിസ്ഥാന്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ 12.30 വരെയുള്ള അരമണിക്കൂര്‍ സമയമാണ് കശ്മീരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പാക്കിസ്ഥാന് ജനത മാറ്റിവച്ചത്.
അന്തര്‍ ദേശീയ വേദികളിലെല്ലാം കശ്മീര്‍ വിഷയം ചര്‍ച്ചയാക്കുമെന്നാണ് ഇമ്രാന് ഖാന് വ്യക്തമാക്കുന്നത്. യുഎന്‍ സമ്മേളനത്തിലും വിഷയം അവതരിപ്പിക്കുമെന്ന് ഇമ്രാന് ഖാന് പറഞ്ഞിട്ടുണ്ട്. കശ്മീരിലെ നടപടി ന്യൂനപക്ഷങ്ങള്‍ക്കെതിരായ ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഫാസിസ്റ്റ് നയമാണെന്നും ഇമ്രാന് ഖാന് നേരത്തെ പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല