സ്വന്തം ലേഖകന്‍: കശ്മീരില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ ഭീകരന്‍ രക്തസാക്ഷിയെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്, സംഘര്‍ഷം ഒഴിയാതെ താഴ്വര. കശ്മീരില്‍ ഇന്ത്യന്‍ സൈന്യവുമായുള്ള ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനി രക്തസാക്ഷിയാണെന്നും കാഷ്മീര്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചൊവ്വാഴ്ച പാക്കിസ്ഥാന്‍ കരിദിനമായി ആചരിക്കുമെന്നും പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് പ്രഖ്യാപിച്ചു.
കാഷ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ലഹോറില്‍ ചേര്‍ന്ന പ്രത്യേക കാബിനറ്റ് യോഗത്തില്‍ കാഷ്മീര്‍ പ്രക്ഷോഭത്തെ സ്വാതന്ത്ര്യസമരമായി ഷരീഫ് വിശേഷിപ്പിച്ചു. സ്വയം ഭരണത്തിനായുള്ള കാഷ്മീര്‍ ജനതയുടെ നീക്കത്തിനു ധാര്‍മികമായും രാഷ്ട്രീയമായും നയതന്ത്രപരമായും പിന്തുണ നല്കുന്നെന്നും ഷരീഫ് പറഞ്ഞു.
ഷരീഫിന്റെ പ്രസ്താവനയ്ക്കു പിന്നാലെ മറുപടിയുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം രംഗത്തെത്തി. ഇന്ത്യയുടെ ആഭ്യന്തരകാര്യത്തില്‍ ഇടപെടാന്‍ പാക്കിസ്ഥാന് ഒരു അവകാശവും ഇല്ലെന്നും ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയെ രക്തസാക്ഷിയായി പ്രഖ്യാപിക്കുകയും ജൂലൈ 19 കരിദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്ത പാക് നടപടി അപലപനീയമാണെന്നും വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ന്യൂഡല്‍ഹിയില്‍ പറഞ്ഞു.
അതേസമയം സംസ്ഥാനത്തിന്റെ പലയിടങ്ങളിലും നിരോധാജ്ഞ ഏര്‍പ്പെടുത്തുകയും സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുകയും ചെയ്തിട്ടും കശ്മീരില്‍ യുദ്ധ സമാനമായ അന്തരീക്ഷം നിലനില്‍ക്കുകയാണ്. കഴിഞ്ഞയാഴ്ച ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനു പിന്നാലെയുണ്ടായ സംഘര്‍ഷം വെള്ളിയാഴ്ചയും തുടര്‍ന്നു.
കുല്‍ഗാമില്‍ പൊലീസ് സ്റ്റേഷനു നേരെയുണ്ടായ ആക്രമണത്തില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടു. അഞ്ചു പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലയിടത്തും പൊലീസും ജനക്കൂട്ടവും ഏറ്റുമുട്ടി. കല്ലേറിലും ഗ്രനേഡ് പ്രയോഗങ്ങളിലുമായി സുരക്ഷാ സൈനികരും സിവിലിയന്മാരും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.
സംസ്ഥാനത്ത് സ്ഥിതിഗതികള്‍ വഷളായതോടെ തുടര്‍ച്ചയായ രണ്ടാം ദിവസവും അമര്‍നാഥ് തീര്‍ഥാടന യാത്ര നിര്‍ത്തിവെച്ചു. പള്ളികള്‍ തുറക്കാനാകാത്തതിനാല്‍ പലയിടത്തും വെള്ളിയാഴ്ച ജുമുഅയും നടന്നില്ല. തുടര്‍ച്ചയായ ഏഴാം ദിവസവും ഇന്റര്‍നെറ്റ്, മൊബൈല്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചില്ല.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ 10 ജില്ലകളില്‍ അധികൃതര്‍ നിരോധാജ്ഞ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ബാരാമുല്ല, സോപോര്‍, പുല്‍വാമ എന്നിവിടങ്ങളില്‍ കര്‍ഫ്യൂ ലംഘിച്ച് ജനക്കൂട്ടം തെരുവിലിറങ്ങി. ഈ സ്ഥലങ്ങളിലുണ്ടായ ഏറ്റുമുട്ടലുകളില്‍ മൂന്നു സുരക്ഷാ ഉദ്യോഗസ്ഥരുള്‍പ്പെടെ 15 പേര്‍ക്ക് പരിക്കേറ്റു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല