1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 21, 2024

സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍പാലമായ ചെനാബ് റെയില്‍പ്പാലത്തിലൂടെ ആദ്യത്തെ തീവണ്ടിയോടി.റെയില്‍വേ നടത്തിയ പരീക്ഷണയോട്ടത്തില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിന്‍ പാലത്തിലൂടെ കടന്നുപോയത്. ഇതോടെ പാലത്തിലുള്ള എല്ലാ സുരക്ഷ പരിശോധനകളും പൂര്‍ത്തിയായി. ഇതിലൂടെയുള്ള ട്രെയിന്‍ സര്‍വീസ് ഉത്തര റെയില്‍വേ ഉടന്‍ ആരംഭിക്കും. രംബാനില്‍ നിന്ന് ബാരാമുള്ളയിലേക്കുള്ള ട്രെയിന്‍ സര്‍വീസാണ് ലോകത്തിലെ എട്ടാമത്തെ അത്ഭുതമെന്നറിയപ്പെടുന്ന ഈ റെയില്‍പ്പാലത്തിലൂടെ കടന്നുപോകുക.

ജമ്മു കശ്മീരിലെ റിയാസി ജില്ലയില്‍ ബക്കലിനും കൗരിക്കും ഇടയില്‍ ചെനാബ് നദിക്കു കുറുകെയാണ് ചെനാബ് ആര്‍ച്ച് ബ്രിഡ്ജ് നിര്‍മിച്ചിരിക്കുന്നത്. ജമ്മു കശ്മീരിലൂടെയും പിന്നീട് പാക് പഞ്ചാബിലൂടെയും ഒഴുകുന്ന ചെനാബ് ഹിമാചല്‍ പ്രദേശിലെ ലാഹൗള്‍, സ്പിതി ജില്ലകളിലെ അപ്പര്‍ ഹിമാലയത്തില്‍നിന്നാണ് ഉത്ഭവിക്കുന്നത്. 28,000 കോടി ചെലവില്‍ പണിയുന്ന ഉധംപുര്‍- ശ്രീനഗര്‍- ബാരാമുള്ള റെയില്‍ ലിങ്ക് പദ്ധതിയുടെ ഭാഗമായി ഉത്തര റെയില്‍വേയ്ക്ക് വേണ്ടി അഫ്‌കോണ്‍സ് എന്ന മുംബൈ ആസ്ഥാനമായ കമ്പനിയാണ് പാലം പണിതത്.

പുതുതായി പണിത ചെനാബ് റെയില്‍വേ പാലത്തിലൂടെ ഇന്ത്യന്‍ റെയില്‍വേയുടെ മെമു ട്രെയിന്‍ കടന്നു പോകുന്ന ദൃശ്യം കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് തന്റെ എക്സ് അക്കൗണ്ടില്‍ പങ്കുവച്ചു. കശ്മീര്‍ താഴ്വരയെക്കൂടി ഇന്ത്യന്‍ റെയില്‍വേ നെറ്റ് വര്‍ക്കിന്റെ ഭാഗമാക്കാന്‍ ഉദ്ദേശിച്ചുളള പദ്ധതിയുടെ ഭാഗമായാണ് പാലം പണിതിരിക്കുന്നത്. നിലവില്‍ കന്യാകുമാരി മുതല്‍ കത്ര വരെയാണ് റെയില്‍പ്പാതയുള്ളത്.

കമാനാകൃതിയുള്ള പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മൂന്ന് കൊല്ലം മുമ്പാണ് ആരംഭിച്ചത്. ചെനാബ് നദിയ്ക്ക് കുറുകെ നിര്‍മിച്ച പാലത്തിന് രാജ്യത്തിന്റെ ഇതരഭാഗങ്ങളുമായി കശ്മീരിനെ ബന്ധിപ്പിക്കാന്‍ സഹായിക്കും. കമാനത്തിന് 467 മീറ്റര്‍ നീളമുള്ള പാലം നദിയില്‍ നിന്ന് 359 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. കശ്മീര്‍ റെയില്‍വെ പദ്ധതിയില്‍ പെടുന്ന ഉധംപുര്‍-ശ്രീനഗര്‍-ബാരാമുള്ള സെക്ഷന്റെ ഭാഗമായ കത്രയ്ക്കും ബനിഹാലിനും ഇടയിലെ 111 കിലോമീറ്ററിനെ ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാകും ചെനാബ് പാലം.

2017 നവംബറില്‍ നിര്‍മാണം ആരംഭിച്ച പാലത്തിന് 1250 കോടി രൂപയാണ് നിര്‍മാണ ചെലവ്. പാരിസിലെ ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരമുണ്ട് ഈ പാലത്തിന്(നദിയില്‍ നിന്നുള്ള ഉയരം). പാലത്തിന്റെ ആകെ നീളം 1,315 മീറ്ററാണ്. 17 തൂണുകള്‍ പാലത്തിനെ താങ്ങി നിര്‍ത്തുന്നു.

റിക്ടര്‍ സ്‌കെയിലില്‍ എട്ട് വരെയുള്ള ഭൂചലനത്തെ അതിജീവിക്കാനുള്ള ശേഷി പാലത്തിനുണ്ടെന്ന് അധികൃതര്‍ പറയുന്നു. കൂടാതെ ശക്തിയേറിയ സ്‌ഫോടനങ്ങളെ അതിജീവിക്കാനും പാലത്തിന് ശേഷിയുണ്ട്. ഭീകരാക്രമണത്തേയും ഭൂചലനത്തേയും പ്രതിരോധിക്കാന്‍ സഹായകമായ സുരക്ഷാസംവിധാനവും പാലത്തില്‍ സജ്ജമാക്കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.