സ്വന്തം ലേഖകന്‍: കശ്മീര്‍ കലാപം, സൈന്യം സമരക്കാര്‍ക്കെതിരെ പെല്ലറ്റ് പ്രയോഗിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി ജമ്മു കശ്മീര്‍ ഹൈക്കോടതി. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനേയും അര്‍ധസൈനിക വിഭാഗത്തെയും രൂക്ഷമായി വിമര്‍ശിച്ച ജമ്മു കശ്മീര്‍ ഹൈക്കോടതി ‘കശ്മീരി ജനത അന്യഗ്രഹത്തിലുള്ളവരല്ല, നിങ്ങളുടെ ജനതയാണ് അവര്‍. നിങ്ങള്‍ അവരെ സ്വന്തക്കാരായി കാണുന്നില്ല. ആകാശത്തു നിന്നും ഇറങ്ങി വന്നവരല്ല അവര്‍’ എന്ന് വ്യക്തമാക്കുകയും ചെയ്തു. പെല്ലറ്റ് പ്രയോഗത്തിനെതിരായ പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം.
സി.ആര്.പി.എഫ്, സംസ്ഥാനത്ത് ക്രമസമാധാനം നിലനിര്‍ത്താന്‍ പരിശീലനം ലഭിച്ചവരാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. പരിശീലനം ലഭിച്ച സേനയായിരുന്നെങ്കില്‍ എന്തുകൊണ്ട് ജനങ്ങളുടെ മുട്ടിനു മുകളില്‍ പരിക്കേറ്റു. പ്രത്യേകിച്ച് കണ്ണുകളില്‍ പരുക്കേറ്റുവെന്നും കോടതി ചോദിച്ചു.
കശ്മീരിലെ സ്ഥിതി വ്യത്യസ്തമാണന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. പെല്ലറ്റ് ഗണ്‍ പ്രയോഗിക്കാന്‍ സേനക്ക് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രം ആവര്‍ത്തിച്ചു. എന്നാല്‍ പരിശീലനം ലഭിച്ചിട്ടുണ്ടെങ്കില്‍ അത് കടലാസില്‍ മാത്രമാണെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി.
കേസിലെ വാദം കേള്‍ക്കുന്നത് ഓഗസ്റ്റ് ഒമ്പതിലേക്ക് മാറ്റി. ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന് ബുര്‍ഹാന്‍ വാനിയുടെ വധത്തെ തുടര്‍ന്ന് കാശ്മീരില്‍ തുടങ്ങിയ സംഘര്‍ഷത്തിലാണ് സൈന്യം പെല്ലറ്റ് പ്രയോഗം നടത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല