സ്വന്തം ലേഖകന്‍: കശ്മീരില്‍ പരീക്ഷയില്‍ തോറ്റ് ആത്മഹത്യ ചെയ്ത എഞ്ചിനീയറിംഗ് വിദ്യാര്‍ഥി പുനര്‍ മൂല്യനിര്‍ണയത്തില്‍ ക്ലാസില്‍ ഒന്നാമനായി. പരീക്ഷയില്‍ തോറ്റതിനെ തുടര്‍ന്ന് നാല് മാസങ്ങള്‍ക്കു മുന്‍പ് ആത്മഹത്യ ചെയ്ത 17 കാരനായ വിദ്യാര്‍ത്ഥിയാണ് പുനര്‍മൂല്യനിര്‍ണയത്തില്‍ അധ്യാപകരെ ഞെട്ടിച്ചത്. ശ്രീനഗര്‍ നിവാസിലായ അഡ്‌നാന്‍ ഹിലാലാണ് പരീക്ഷയില്‍ തന്റെ ഇഷ്ട വിഷയത്തില്‍ തോറ്റതിനെ തുടര്‍ന്ന് ജീവനൊടുക്കിയത്.
പുനര്‍മൂല്യനിര്‍ണയ ഫലത്തിനു പോലും കാത്തുനില്‍ക്കാതെയാണ് അഡ്‌നാല്‍ മരണത്തിനു കീഴടങ്ങിയത്. ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്നു അഡ്‌നാന്‍. ഇഷ്ട വിഷയമായ ഫിസിക്‌സിലാണ് അഡ്‌നാന്‍ തോറ്റതായി കണ്ടത്. ഈ വിഷയത്തില്‍ തോല്‍ക്കുമെന്ന് അഡ്‌നാന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.
അഡ്‌നാന്‍ മരിച്ചെങ്കിലും മാതാപിതാക്കള്‍ മകന്‍ തോറ്റ വിഷയം പുനര്‍മൂല്യനിര്‍ണയത്തിനായി അപേക്ഷിക്കുകയായിരുന്നു. ഒടുവില്‍ ഫലം വന്നപ്പോള്‍ അഡ്‌നാന്‍ പാസ്സായതായിട്ടാണ് കണ്ടത്. അതും ക്ലാസിലെ തന്നെ ഏറ്റവും നല്ല മാര്‍ക്ക് അഡ്‌നാനായിരുന്നു. 20 മാര്‍ക്കിന്റെ വ്യത്യാസമാണ് ഉണ്ടായിരുന്നത്.
അധികൃതരുടെ അനാസ്ഥ മൂലമാണ് തങ്ങളുടെ മകനെ നഷ്ടപ്പെട്ടതെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു. ഇത്തരം പിഴവുകള്‍ സാധാരണമാണെന്ന് അധികൃതര്‍ പറയുന്നു. നദിയിലേക്ക് ചാടിയാണ് അഡ്‌നാന്‍ ആത്മഹത്യ ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല