സ്വന്തം ലേഖകന്‍: റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കുന്ന കശ്മീരികളെ വധിക്കുമെന്ന് ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദീന്‍. സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയില്ലാതെ സ്വന്തം വീട്ടിലോ നാട്ടിലോ 15 മിനിറ്റ് നില്‍ക്കാന്‍ കഴിയുമോ എന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ ഭീകരര്‍ വെല്ലുവിളിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം ഹിസ്ബുള്‍ കമാന്‍ഡര്‍ പുറത്തുവിട്ട് 10 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് വെല്ലുവിളിയും ഭീഷണിയുമുള്ളത്. എ.കെ 47 തോക്കുമേന്തി നില്‍ക്കുന്ന രണ്ട് പേരാണ് വീഡിയോയില്‍ ഉള്ളത്. മെഹബൂബയും ഇന്ത്യയെ പിന്തുണയ്ക്കുന്ന മറ്റ് രാഷ്ട്രീയ പാര്‍ട്ടിക്കാരും മുതലക്കണ്ണീര്‍ ഒഴുക്കുകയാണ്. രാജ്യം അവര്‍ക്കൊപ്പമാണെന്ന് കരുതുന്നുണ്ടെങ്കില്‍ സ്വന്തം വീട്ടിലോ സുരക്ഷയില്ലാത്ത സ്ഥലത്തോ വെറും 15 മിനിറ്റ് നില്‍ക്കാന്‍ ഹിസ്ബുള്‍ ഭീകരര്‍ വെല്ലുവിളിക്കുന്നു.
കശ്മീര്‍ നിവാസികള്‍ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കരുതെന്ന് മുന്നറിയിപ്പു നല്‍കുന്ന വീഡിയോ ചതിയന്മാരായ നേതാക്കള്‍ക്ക് എതിരെ ഉറച്ചുനില്‍ക്കുന്നവരാണ് കശ്മീരി ജനതയെന്നും ഈ ഭയംകൊണ്ടാണ് മുഖ്യമന്ത്രി ഉള്‍പ്പെടയുള്ള നേതാക്കള്‍ ഉയര്‍ന്ന സുരക്ഷയോടെ മാത്രം സഞ്ചരിക്കുന്നതെന്നും ആരോപിക്കുന്നു. വീഡിയോയുടെ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല.
അതിനിടെ കശ്മീരില്‍ പ്രതിഷേധക്കാരും സൈനികരും തമ്മില്‍ വീണ്ടും സംഘര്‍ഷം. വടക്കന്‍ കശ്മീരിലെ സോപോര്‍ മേഖലയില്‍ വെള്ളിയാഴ്ച പ്രാര്‍ഥനക്ക് ശേഷം ഒരു വിഭാഗം യുവാക്കള്‍ പ്രതിഷേധ മാര്‍ച്ച് നടത്താന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. പ്രതിഷേധക്കാര്‍ സ്വാതന്ത്ര്യാനുകൂലവും ഇന്ത്യാ വിരുദ്ധവുമായ മുദ്രാവാക്യം വിളിച്ചതായാണ് റിപ്പോര്‍ട്ട്. കല്ലെറിഞ്ഞ പ്രകടനക്കാര്‍ക്ക്എതിരെ സൈന്യം കണ്ണീര്‍ വാതകം പ്രയോഗിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല