1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 12, 2019

സ്വന്തം ലേഖകന്‍: കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് തിരിച്ചടി. അടിയന്തരമായി കശ്മീര്‍ വിഷയത്തില്‍ ഇടപെടണമെന്ന പാകിസ്താന്റെ ആവശ്യം യു.എന്‍. അംഗീകരിച്ചില്ല. കശ്മീര്‍ വിഷയത്തില്‍ യു.എന്‍. സെക്രട്ടറി ജനറല്‍ ഇരുരാജ്യങ്ങളുമായി ബന്ധപ്പെട്ടെന്നും ഇക്കാര്യത്തില്‍ നേരത്തെ സ്വീകരിച്ച സമീപനത്തില്‍ മാറ്റമില്ലെന്നും ഇരുരാജ്യങ്ങളും ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണ് യു.എന്‍. സെക്രട്ടറി ജനറലിന്റെ നിലപാടെന്നും അദ്ദേഹത്തിന്റെ വക്താവ് സ്റ്റീഫന്‍ ഡുജാറിക്ക് അറിയിച്ചു.

ബിയാരിറ്റ്‌സിലെ ജി7 ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് കൂടിക്കാഴ്ച നടത്തിയിരുന്നു. പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയുമായി അദ്ദേഹം ചര്‍ച്ച നടത്തി. തിങ്കളാഴ്ച പാകിസ്താന്റെ യു.എന്നിലെ സ്ഥിരം പ്രതിനിധി മലീഹ ലോധിയുമായും യു.എന്‍. സെക്രട്ടറി ജനറല്‍ കൂടിക്കാഴ്ച നടത്തി. എന്നാല്‍ വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് ഇരുവിഭാഗങ്ങളോടും ആവശ്യപ്പെട്ടതെന്നും യു.എന്‍.വക്താവ് സ്റ്റീഫന്‍ ഡുജാറിക്ക് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം യു.എന്‍. മനുഷ്യാവകാശ കൗണ്‍സിലിലാണ് പാകിസ്താന്‍ കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ ആരോപണമുന്നയിച്ചത്. കശ്മീരില്‍ മനുഷ്യാവകാശങ്ങള്‍ ചവിട്ടിമെതിക്കുകയാണെന്നും കശ്മീരികള്‍ സൈന്യത്തിന്റെ തടവറയിലാണെന്നും പാക് വിദേശകാര്യ മന്ത്രി ആരോപിച്ചിരുന്നു. വിഷയത്തില്‍ യു.എന്‍. അന്വേഷണം നടത്തണമെന്നും അടിയന്തരമായി ഇടപെടണമെന്നുമായിരുന്നു പാകിസ്താന്റെ ആവശ്യം.

എന്നാല്‍ പാകിസ്താന്‍ ഉന്നയിച്ചത് കെട്ടിച്ചമച്ച ആരോപണങ്ങളാണെന്നും വാദങ്ങള്‍ തെറ്റാണെന്നുമായിരുന്നു ഇന്ത്യയുടെ മറുപടി. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്നും അതില്‍ മറ്റൊരു രാജ്യം ഇടപെടുന്നത് അംഗീകരിക്കാനാവില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി(ഈസ്റ്റ്) വിജയ് താക്കൂര്‍ സിങ് മനുഷ്യാവകാശ കൗണ്‍സിലില്‍ വ്യക്തമാക്കിയിരുന്നു.

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.