സ്വന്തം ലേഖകന്‍: കശ്മീരില്‍ വീണ്ടും സംഘര്‍ഷം, സുരക്ഷാസേനയുടെ പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ 12 കാരന്‍ കൊല്ലപ്പെട്ടു. ശ്രീനഗറിലെ സഫാകദല്‍ പ്രദേശത്ത് ജനക്കൂട്ടത്തെ പിരിച്ചുവിടാനുള്ള നീക്കത്തിനിടെ പരിക്കേറ്റ ജുനൈദ് അഖൂനാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മൂന്നുമാസത്തിലേറെയായി തുടരുന്ന പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 84 ആയി. നെഞ്ചിലും തലക്കും പെല്ലറ്റ് പതിച്ചാണ് കുട്ടി മരിച്ചത്.
അഖൂന്റെ സംസ്‌കാര ചടങ്ങിന് എത്തിച്ചേര്‍ന്നവരില്‍ ചിലര്‍ സുരക്ഷാസേനക്ക് നേരെ കല്ലേറ് തുടങ്ങിയതോടെ താഴ്വരയില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമായി. ഈ സാഹചര്യത്തില്‍ ശ്രീനഗറിലെ ഏഴ് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ കര്‍ഫ്യൂ തുടരുകയാണ്. നൗഹട്ട, ഖാന്‍യാര്‍, റയ്‌നവാരി, സഫാകദല്‍, മഹാരാജ് ഗഞ്ച്, മൈസുമ, ബടാമലൂ എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ.
കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയ കശ്മീരിലെ മറ്റു ഭാഗങ്ങളിലും ജനങ്ങള്‍ കൂട്ടമായി നില്‍ക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. ജൂലൈ എട്ടിന് ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രക്ഷോഭം ഇതോടെ 93 ആം ദിവസത്തിലേക്ക് കടന്നു. അതിനിടെ, ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണരേഖ മറികടന്ന് വീണ്ടും പാകിസ്താന്‍ സേന വെടിവെപ്പ നടത്തി.
വെടിവപ്പില്‍ ഒരു സൈനികന് പരിക്കേറ്റു. കൃഷ്ണഗതിമെന്ദര്‍ സെക്ടറിലെ സൈനിക പോസ്റ്റിന് നേരെയാണ് വെടിവെപ്പുണ്ടായത്. എന്നാല്‍, ഇന്ത്യയുടെ ഭാഗത്തുനിന്ന് വെടിനിര്‍ത്തല്‍ ലംഘനമുണ്ടായിട്ടില്ലെന്ന് പ്രതിരോധ വകുപ്പ് പി.ആര്‍.ഒ കേണല്‍ മനീഷ് മത്തേ പറഞ്ഞു. ഇന്ത്യന്‍ സൈന്യത്തിന്റെ സര്‍ജിക്കല്‍ ആക്രമണത്തിന് ശേഷം നിയന്ത്രണരേഖയില്‍ 25 വെടിനിര്‍ത്തല്‍ ലംഘനമുണ്ടായതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല