സ്വന്തം ലേഖകന്‍: ‘കിടക്ക പങ്കിടാന്‍ ക്ഷണിക്കുന്ന പുരുഷന്മാരെക്കുറിച്ച് പറയുന്ന അഭിമുഖം വ്യാജം,’ പൊട്ടിത്തെറിച്ച് നടി കസ്തൂരി. സിനിമയില്‍ അഭിനയിക്കാനെത്തുന്ന നടിമാരോട് കിടക്ക പങ്കിടാന്‍ ആവശ്യപ്പെടുന്ന ചില പുരുഷന്മാരുണ്ടെന്നും ഇപ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തകനായ ഒരു തെലുങ്ക് നടന്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചുണ്ടെന്നും പറഞ്ഞുകൊണ്ടുള്ള കസ്തൂരിയുടെ അഭിമുഖം ഒരു ഇംഗ്ലീഷ് മാധ്യമമാണ് പ്രസിദ്ധീകരിച്ചത്. ലോക വനിതാ ദിനത്തിന്റെ ഭാഗമായായിരുന്നു അഭിമുഖം പുറത്തുവിട്ടത്.
അഭിമുഖത്തിലെ കസ്തൂരിയുടെ വെളിപ്പെടുത്തലുകള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുകയും ചെയ്തു. ഇതിനെതിരെയാണ് വീഡിയോ സന്ദേശത്തിലൂടെയുള്ള കസ്തൂരിയുടെ രൂക്ഷമായ പ്രതികരണം പുറത്തുവന്നിരിക്കുന്നത്. ‘വനിതാ ദിനത്തിന്റെ ഭാഗമായി നല്‍കിയ അഭിമുഖമായിരുന്നു അത്. അഭിമുഖത്തില്‍ ഞാന്‍ ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചിരുന്നു. എന്നാല്‍ പ്രസിദ്ധീകരിച്ചുവന്നത് ഞാന്‍ പറയാത്ത കാര്യങ്ങളാണ്. ഇത്തരം മോശമായ പ്രചരണങ്ങള്‍ക്ക് സാധാരണനിലയില്‍ ഞാന്‍ മറുപടി നല്‍കാറില്ല. സിനിമയില്‍ സജീവമായിരുന്ന കാലത്ത് പോലും അങ്ങിനെ ചെയ്തിട്ടില്ല.
എന്നാല്‍, ഇതെന്റെ കുടുംബത്തെ വരെ ബാധിച്ചു. കുടുംബം എന്ന് ഉദ്ദേശിച്ചത് സിനിമാ ലോകത്തെയാണ്. പ്രശസ്തമായ ഒരു പത്രം ഇത്തരത്തില്‍ എഴുതിപ്പിടിപ്പിച്ചാല്‍ ചെറിയ വെബ്‌സൈറ്റുകള്‍ പിന്നെ വെറുതെ ഇരിക്കുമോ. അവരും വേണ്ട മസാല ചേര്‍ത്ത് അത് അതിലും മോശമാക്കി മാറ്റിയിരിക്കുകയാണ്. ഞാന്‍ കൊടുത്ത യഥാര്‍ഥ അഭിമുഖം എന്റെ ഫെയ്‌സ്ബുക്ക് പേജിലുണ്ട്. അത് എല്ലാവര്‍ക്കും പരിശോധിക്കാം,’ വീഡിയോയില്‍ കസ്തൂരി പറയുന്നു.
സിനിമാതാരങ്ങളെക്കുറിച്ച് അപവാദങ്ങള്‍ എഴുതിപ്പിടിപ്പിച്ച് ഉപജീവനം നടത്തുന്ന പത്രക്കാര്‍ക്ക് നമസ്‌ക്കാരം എന്നു പറഞ്ഞാണ് കസ്തൂരിയുടെ വീഡിയോ തുടങ്ങുന്നത്. നടിമാരെക്കുറിച്ച് അവര്‍ക്കില്ലാത്ത ആശങ്ക പത്രക്കാര്‍ക്കുണ്ടെന്ന് തനിക്കറിയാമെന്നും നടി പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല