സ്വന്തം ലേഖകൻ: കട്ടപ്പന ഇരട്ടക്കൊലപാതകത്തില്‍ വിജയന്റേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. വിജയനെ കൊന്ന് കുഴിച്ചുമൂടി എന്നായിരുന്നു പ്രതി നിതീഷിന്റെ മൊഴി. വിജയനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ചുറ്റിക പൊലീസ് കണ്ടെടുത്തു. പ്രതിയുമായി പൊലീസ് തെളിവെടുപ്പ് തുടരുകയാണ്.
കാഞ്ചിയാറിലെ വീടിന്റെ തറ കുഴിച്ചുള്ള പരിശോധനയിലാണ് വിജയന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കുഴിയില്‍ നിന്ന് തലയോട്ടിയും അസ്ഥികളുടെ ചില ഭാഗങ്ങളുമാണ് കണ്ടെടുത്തത്. ഇത് വിജയന്റെ തന്നേതെന്ന് സ്ഥിരീകരിക്കണമെങ്കില്‍ ഡിഎന്‍എ ടെസ്റ്റ് നടത്തണം. മൃതദേഹത്തിനൊപ്പം ധരിച്ചിരുന്ന വസ്ത്രങ്ങളും പൊലീസ് കണ്ടെടുത്തു. ഞെരുങ്ങിയിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. പ്രതി നിതീഷ് നല്‍കിയ മൊഴി അനുസരിച്ച് വിജയന്റെ മൃതദേഹാവശിഷ്ടം തന്നെയാണെന്ന നിഗമനത്തിലെത്തുന്നുണ്ട് പൊലീസ്.
വിജയനെ കൊലപ്പെടുത്തിയത് ഭാര്യയുടെയും മകന്റെയും സഹായത്തോടെയെന്ന് നിതീഷ് കുറ്റം സമ്മതിച്ചിരുന്നു. വിജയന്റെ മകനാണ് നിതീഷിന്റെ സുഹൃത്തും കേസിലെ മറ്റൊരു പ്രതിയുമായ വിഷ്ണു. ഇയാളും മാതാവ് സുമയും കേസിലെ പ്രതികളാണ്. നിതീഷ് തന്നെയാണ് നവജാത ശിശുവിനെയും കൊലപ്പെടുത്തിയത്. കൊലപാതക ശേഷം കുഞ്ഞിന്റെ മൃതദേഹം തൊഴുത്തിനുള്ളില്‍ കുഴിച്ചുമൂടുകയായിരുന്നു.
നാലുദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഗന്ധർവന് കൊടുക്കാനെന്നുപറഞ്ഞ് കൊണ്ടുപോയി ശ്വാസംമുട്ടിച്ചുകൊന്നെന്ന വിവരമാണ് പോലീസിന് ലഭിച്ചത്. കുഞ്ഞിനെ സാഗരജങ്ഷനിലുള്ള വീട്ടിൽ കുഴിച്ചിട്ടു. ഏതാനും വർഷംമുൻപാണ് ഇത് നടന്നത്. വിഷ്ണുവിന്റെ സഹോദരിക്ക് നിധീഷുമായുള്ള ബന്ധത്തിലുണ്ടായ കുഞ്ഞാണ് ഇതെന്നാണ് സൂചന. പിന്നിട് വീടുവിറ്റ് ഇവർ കാഞ്ചിയാറിലെ വാടകക്കെട്ടിടത്തിലേക്ക് മാറി.
ദുർമന്ത്രവാദത്തിന് നേതൃത്വം നൽകിയെന്ന് കരുതുന്ന നിതീഷിനെ ഞായറാഴ്ച 1.30 വരെ കട്ടപ്പന കോടതി പോലീസ് കസ്റ്റഡിയിൽവിട്ടിരുന്നു. ചോദ്യംചെയ്യലിലാണ് ഇയാൾ കുറ്റംസമ്മതിച്ചത്. വിഷ്ണു മോഷണത്തിനിടെ പരിക്കേറ്റ് ചികിത്സയിലാണ്. മാർച്ച് രണ്ടിന് കട്ടപ്പനയിലെ വർക്‌ഷോപ്പിൽ മോഷണം നടത്തുന്നതിനിടെയാണ് വിഷ്ണുവും സുഹൃത്ത് നിതീഷും പോലീസ് പിടിയിലായത്. പുലർച്ചെ വർക്‌ഷോപ്പിനുള്ളിൽ കയറിയ ഇവരെ ഉടമയുടെ മകൻ പിടികൂടുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല