സ്വന്തം ലേഖകന്‍: കാവാലം നാരായണ പണിക്കര്‍ അന്തരിച്ചു, അന്ത്യം തിരുവനന്തപുരത്തെ സ്വവസതിയില്‍. 88 വയസായിരുന്നു. കവിയും ഗാനരചയിതാവും നാടക പ്രവര്‍ത്തകനുമായി മലയാളത്തിന്റെ സാംസ്‌കാരികരംഗത്ത് ഏഴു പതിറ്റാണ്ടിലേറെ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു കാവാലം.
കുറച്ചുനാളായി അസുഖംമൂലം കിടപ്പിലായിരുന്നു അദ്ദേഹം. ഭാര്യ: ശാരദാ മണി. പിന്നണി ഗായകന്‍ കാവാലം ശ്രീകുമാര്‍, പരേതനായ കാവാലം ഹരികൃഷ്ണന്‍ എന്നിവര്‍ മക്കളാണ്. സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് സംസ്ഥാന ബഹുമതികളോടെ കാവാലത്ത് നടക്കും.
തനത് നാടകവേദിയെ രൂപപ്പെടുത്തിയ കാവാലം 30ലേറെ പ്രശസ്ത നാടകങ്ങളെഴുതി. 1928 ഏപ്രില്‍ 28ന് കുട്ടനാട്ടിലെ കാവാലത്തെ പ്രമുഖ തറവാടായ ചാലയില്‍ വീട്ടിലാണ് ജനിച്ചത്. ശ്രീമൂലം തിരുനാളിന്റെ കൊട്ടാരത്തിലെ കാര്യക്കാരിലൊരാളായിരുന്ന ഗോദവര്‍മയായിരുന്നു പിതാവ്. മാതാവ് കുഞ്ഞുലക്ഷ്മിയമ്മ. സര്‍ദാര്‍ കെ.എം. പണിക്കരുടെ അനന്തരവനാണ്.
കാവാലത്തെ മലയാമ്പള്ളിക്കൂടത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പുളിങ്കുന്ന് ഗോമേന്ത സ്‌കൂളിലായിരുന്നു ഹൈസ്‌കൂള്‍ വിദ്യാഭ്യാസം. കോട്ടയം സി.എം.എസ് കോളജില്‍ പഠിച്ച കാവാലം നിയമബിരുദം നേടി 1955 മുതല്‍ 61 വരെ ആലപ്പുഴ ജില്ലാ കോടതിയില്‍ അഭിഭാഷകനായും തിളങ്ങി. 1961 മുതല്‍ പത്തുവര്‍ഷം കേരള സംഗീത നാടക അക്കാദമി സെക്രട്ടറിയായി.
സോപാനം എന്ന രംഗകലാപഠന ഗവേഷണകേന്ദ്രം 1980ല്‍ തുടങ്ങി. ഇതിനുകീഴില്‍ തിരുവരങ്ങ്, സോപാനം തുടങ്ങിയ നാടകക്കളരികള്‍ തുടങ്ങി. നെടുമുടി വേണു അടക്കമുള്ള നടന്മാരുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച കാവാലം, നാടകത്തെ പകര്‍ന്നാടല്‍ എന്ന നിലയിലേക്ക് വികസിപ്പിച്ചവരില്‍ പ്രധാനിയായിരുന്നു.
മലയാള സിനിമയില്‍ ഗാന രചയിതാവെന്ന നിലയിലും പ്രസിദ്ധനായ കാവാലത്തിന് രണ്ടുവട്ടം മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്, സംഗീത നാടക അക്കാദമി നാഷനല്‍ അവാര്‍ഡ്, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്, 2009ല്‍ വള്ളത്തോള്‍ പുരസ്‌കാരം, മധ്യപ്രദേശ് സര്‍ക്കാറിന്റെ കാളിദാസ സമ്മാനം,കേരള സംഗീത നാടക അക്കാദമിയുടെ സീനിയര്‍ ഫെലോഷിപ് തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2007ല്‍ പത്മഭൂഷണ്‍ നല്‍കി രാഷ്ട്രം ആദരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല