
സ്വന്തം ലേഖകൻ: മലയാളത്തിന്റെ പ്രിയ നടി കവിയൂർ പൊന്നമ്മയ്ക്ക് വിടചൊല്ലി നാട്. ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം ആലുവായിലെ കരുമാലൂര്‍ ശ്രീപദം വീട്ടുവളപ്പിൽ നടന്നു. പൊന്നമ്മയുടെ സഹോദരനാണ് ചിതയ്ക്ക് തീകൊളുത്തിയത്.
നിരവധിപേരാണ് പൊന്നമ്മയ്ക്ക് ആദാരഞ്ജലികൾ അർപ്പിച്ച് വീട്ടിലും പൊതുദർശനം നടന്ന കളമശേരി ടൗൺ ഹാളിലും എത്തിയത്.
മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എംപി, മന്ത്രി പി. രാജീവ്, ഹൈബി ഈഡൻ എംപി, സിദ്ദീഖ്, മനോജ് കെ. ജയൻ, രഞ്ജി പണിക്കർ, ജയസൂര്യ, നിഖില വിമൽ തുടങ്ങി സിനിമ -രാഷ്ട്രീയ സാംസ്കാരിക രംഗത്തുനിന്നും നിരവധിപേരാണ് കവിയൂർ പൊന്നമ്മയെ അവസാനമായി കാണാനെത്തിയത്.
എറണാകുളം ലിസി ആശുപത്രിയില്‍ അർബുദ ബാധിതയായി ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് കവിയൂര്‍ പൊന്നമ്മ അന്തരിച്ചത്.
1971,1972,1973, 1994 എന്നിങ്ങനെ നാല് തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡ് സ്വന്തമാക്കി. സംഗീത, നാടക രംഗത്ത് നിന്നും സിനിമാ മേഖലയിലെത്തി അമ്മ വേഷങ്ങളിൽ ശ്രദ്ധേയയായി. ടെലിവിഷനിലും സജീവമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല