രാജീവ് കുമാര്‍: കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്‍ സെപ്റ്റംബര്‍ 12ന് ട്രെന്റ്ഹാം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ ഓണാഘോഷം, സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിള്‍ക്ക് അടുത്ത ഓണം വരെ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ അനവധി നല്ല മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചുകൊണ്ടാണ് തിരശീല വീണത്.
500ലധികം മലയാളികള്‍ പങ്കെടുത്ത ഓണാഘോഷം അതിന്റെ തനിമയോടെയും പവിത്രതയോടെയും മനോഹരമാക്കാന്‍ കഴിഞ്ഞതിലുള്ള ചാരിതാര്‍ത്ഥം കെ.സി.എ ഭാരവാഹികള്‍ മറച്ചുവെക്കുന്നില്ല.
രാവിലെ അത്തപൂക്കളത്തോടു കൂടി തുടങ്ങിയ ഓണാഘോഷം കുട്ടികളുടെ , പെയിന്റിംഗ്, ഡ്രോയിംഗ് മത്‌സരങ്ങളും കായിക മത്‌സരങ്ങളും കലാപരിപാടികളും ഗാനമേളയും ഒക്കെയായി ആബാലവൃദ്ധജനങ്ങളുടെയും മനസുകളില്‍ ആഘോഷത്തിന്റെ വാര്‍മഴവില്ല് തീര്‍ത്ത വര്‍ണ്ണപ്രഭയില്‍ മുങ്ങിയ പ്രതീതിയായിരുന്നു.
പ്രസിഡന്റ് സോബിച്ചന്‍ കോശിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ സാംസ്‌കാരിക സമ്മേളനം ഉത്ഘാടനം ചെയ്തത് ക്രോയിഡോണ്‍ മേയര്‍ മജ്ഞു ഷാഹുല്‍ ഹമീദ് ആണ്. ഹണ്ടിംങ്ങ്ടണ്‍ഷെയര്‍ ഡിസ്ട്രിക്റ്റ് കൗണ്‍സിലര്‍ ലിഡോ ജോര്‍ജ്ജ് ആശംസകള്‍ അര്‍പ്പിച്ചു.സമ്മേളനത്തിന്റെ ഒടുവില്‍ മഹാബലിയെ വരവേറ്റതോടു കൂടി ഓണസദ്യക്കുള്ള ഒരുക്കം തുടങ്ങി.
കെ.സി.എ.യുടെ നേതൃത്വത്തില്‍ വിഭവ സമൃദ്ധമായ ഓണസദ്യ ബിജൂ മാത്യൂസും, മിനി ബാബുവും, ജോസ് ജോസഫും ചേര്‍ന്ന് ഒരുക്കി. രുചിവൈഭവം കൊണ്ടും വിഭവസമൃദ്ധി കൊണ്ടും പൂര്‍ണ്ണസംതൃപ്തി ഏവര്‍ക്കും കൈവന്നു.തുടര്‍ന്ന് കേരളതനിമ നിറഞ്ഞ നൃത്തവിസ്മയങ്ങള്‍ കോര്‍ത്തിണക്കി ഒരുക്കിയ ഓണം സ്‌പെഷ്യല്‍ ഫ്യൂഷന്‍ നൃത്ത വിരുന്നിന്റെ അകമ്പടിയോടു കൂടി കലാപരിപാടികളുടെ കേളികൊട്ട് ഉയര്‍ന്നു. പ്രോഗ്രാം കണ്‍വിനര്‍മാരായ റിന്റോ റോക്കിയുടെയും അനില്‍ പുതുശ്ശേരിയുടെയും മേല്‍നോട്ടത്തില്‍ കെ.സി.എ അക്കാഡമിയുടെ കീഴിലുള്ള ഗേള്‍സ് ഡാന്‍സ് സ്‌കൂള്‍ ടീച്ചര്‍ കല മനോജിന്റെ ശിക്ഷണത്തില്‍ നടന്ന കലാപരിപാടികള്‍ അവതരണ മികവുകൊണ്ടും വ്യത്യസ്തതകൊണ്ടും കലാമൂല്യംകൊണ്ടും ആസ്വാദക ഹൃദയങ്ങളെ കുളിരണിയിച്ചു. ബോയ്‌സ് ഡാന്‍സിന്റെ മേല്‍നോട്ടം വഹിച്ചത് ജോര്‍ജ്ജോ ബ്ലെസനും ഉത്തര നവീനും ആണ്.
ക്ലാസ്സിക്കല്‍ , സിനിമാറ്റിക് ഡാന്‍സുകളും, തിരുവാതിര, കോല്‍ക്കളി, വള്ളംകളി, തുടങ്ങിയ നാടന്‍ കലാരൂപങ്ങളും, ഗാനമേളയും ഒപ്പം കെ.സി.എ അക്കാഡമിയുടെ കീഴിലുള്ള കരാട്ടെ സ്‌ക്കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച കരാട്ടെ ഡെമോണ്‍സ്ട്രഷനും ചേര്‍ന്ന് കെ.സി.എയുടെ ഓണാഘോഷം സ്റ്റോക്കിനെ ഉത്‌സവലഹരിയിലാഴ്തി
ഓണാഘോഷക്കമ്മറ്റി കണ്‍വീനര്‍മാരായ കെ.സി.എ പ്രസിഡന്റ് സോബിച്ചന്‍ കോശിയുടെയും കെ.സി.എ സെക്രട്ടറി ജോസ് വര്‍ഗ്ഗീസിന്റെയും പ്രോഗ്രാം കണ്‍വിനര്‍മാരായ റിന്റോ റോക്കിയുടെയും അനില്‍ പുതുശ്ശേരിയുടെയും, കെ.സി.എ അക്കാഡമി കോഡിനേറ്റര്‍ ബിനോയ് ചാക്കോയുടെയും നേതൃത്വത്തില്‍ എക്‌സിക്കുട്ടീവ് കമ്മറ്റി അംഗങ്ങളായ രാജീവ് കുമാര്‍, സജി മത്തായി, മിനി ബാബു, മേരി ബ്ലെസന്‍ ഡോ.ശാലനി സുമോദ്, ഷിജി ജോയ്, റോയ് , അനൂപ് പാപ്പച്ചന്‍, സുധീഷ്, ഫിലിപ്പ്., സോക്രട്ടീസ്, തുടങ്ങിയവരാണ് ആഘോഷ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചത്.
കലാപരിപാടികള്‍ അവതരിപ്പിച്ച എല്ലാവര്‍ക്കും കമ്മറ്റിയുടെ അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല