കേന്ദ്രപ്രവാസികാര്യമന്ത്രാലയത്തിന്റെ തുടര്‍ച്ചയായുള്ള അവഗണനയില്‍ പ്രതിഷേധിച്ചുകൊണ്ട് യുകെ പ്രവാസികേരള കോണ്‍ഗ്രസ്(എം) ലണ്ടന്‍ റീജിയന്റെ നേതൃത്വത്തില്‍ വായ്മൂടിക്കെട്ടിക്കൊണ്ട് പ്രതിഷേധം രേഖപ്പെടുത്തി. വിമാനയാത്രാക്ലേശം ഉള്പ്പെടെകേരളത്തിലെ എയര്‍പോര്‍ട്ടില്‍ എത്തിച്ചേരുന്ന പ്രവാസികളോട് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ കാണിക്കുന്ന മാന്യമല്ലാത്ത രീതിയിലുള്ള പെരുമാറ്റവും, കേരളത്തിലെ ജനങ്ങളെ രണ്ടാംതരം പൗരന്മാരായി കാണുന്ന യുകെ ഇന്ത്യന്‍ എംബസിയിലെ വടക്കേ ഇന്ത്യന്‍ ലോബികളുടെ പ്രവര്‍ത്തികളില്‍ നടപടി എടുക്കാതെയും, ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്താതെയും, യൂറോപ്യന്‍ രാജ്യങ്ങളിലെ നഴ്സുമാരും, വഞ്ചിതരാകുന്ന സ്റ്റുഡന്റ്സ് വിസയില്‍ എത്തിയവരും അനുഭവിക്കുന്ന യാതനകള്‍ കണ്ടില്ലെന്ന് നടിച്ച് കൊണ്ട് വകുപ്പില്ലാ പ്രവാസികകാര്യമന്ത്രിയുടെ അനങ്ങാപ്പാറ പ്രവര്‍ത്തനത്തിലും പ്രതിഷേധിച്ച് കൊണ്ടായിരുന്നു ഈ പരിപാടി.
റീജണല്‍ വൈസ് പ്രസിഡന്റ് തോമസ് ജോസഫ് വെട്ടിക്കാട് അധ്യക്ഷതവഹിച്ച യോഗം പ്രസിഡന്റ് സോജി ടി മാത്യു ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ ജിജോ മുക്കാട്ടിന്, എബി പൊന്നാകുഴി, ജോസ് ചെങ്ങളം, അനീഷ്കുട്ടി ജോസഫ്, ജോബിന് സ്റ്റീഫന്‍, സണ്ണി അഗസ്റ്റിന്, കോശിസാം നിരണം, തങ്കച്ചന് ജോസഫ്, ലിനീഷ് ലൂക്കോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.സജിത് ടി ലോറന്‍സ്, ജോര്‍ജ്ജ്കുട്ടി ജോസഫ്, സുനില്‍ബേബി, നിബിന് ജോസഫ്, ബൈബിന് ബാബു, ടോണി കല്ലൂര്‍, ജിജി വാര്ത്താംസ്റ്റോ തുടങ്ങിയവര്‍ നേതൃത്വം നല്കി.
മലങ്കര ഓര്‍ത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസനത്തിന്റെ പ്രഥമമെത്രാപൊലീത്തയും ലണ്ടന്‍ ഇടവക മുന്‍ വികാരി പൗലോസച്ചനുമായിരുന്ന അഭിവന്ദ്യ പക്കോമിയോസ് തിരുമേനിയുടെ ദേഹവിയോഗത്തില്‍ ലണ്ടന്‍ റിജീയന്റെ അനുശോചനം രേഖപ്പെടുത്തുകയും, ലണ്ടന്‍ ഒളിംമ്പിക്സില്‍ ദേശീയഗാനം കേള്‍ക്കാന്‍ സാധിച്ചില്ലെങ്കിലും ഇന്ത്യയുടെ മാനം കാത്ത കായികതാരങ്ങളെയും അവരുടെ പരിശീലകരെയും യോഗം അഭിവന്ദിക്കുകയും ഇന്ത്യന്‍ എംബസിയില്‍ പിഞ്ച് കുഞ്ഞുങ്ങളേയും കൊണ്ട് പാതിരാത്രിയില്‍ ക്യൂ നില്ക്കാന് ആരംഭിക്കുന്ന പ്രവാസികളുടെ യാതനകള്‍ മനസിലാക്കി അപേക്ഷകളും മറ്റ് നടപടിക്രമങ്ങളും ഓണ്‍ലൈന്‍ സംവിധാനത്തില്‍ ക്രമീകരിക്കുവാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്കൊണ്ട് നിവേദനം നല്കുവാനും ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തില്‍ ഇതിന്റെ ഒപ്പ് ശേഖരണം ആരംഭിക്കുവാനും യോഗം തീരുമാനിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല