1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 4, 2024

സ്വന്തം ലേഖകൻ: കിരീടം എന്ന ചിത്രത്തിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച നടന്‍ മോഹന്‍ രാജ് അന്തരിച്ചു. ഏറെ നാളായി ചികിത്സയിലായിരുന്നു.

തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിലായിരുന്നു അന്ത്യം. വിവിധ ഭാഷകളിലായി എണ്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായിരുന്നു. ആയുര്‍വേദ ചികിത്സയ്ക്കായി ചെന്നൈയില്‍ നിന്ന് ഒരു വര്‍ഷം മുമ്പാണ് തിരുവനന്തപുരത്ത് എത്തിയത്.

1988-ല്‍ പുറത്തിറങ്ങിയ മൂന്നാം മുറ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ മോഹന്‍ രാജ് നിരവധി സിനിമകളില്‍ വില്ലന്‍ വേഷങ്ങളില്‍ തിളങ്ങി. അര്‍ത്ഥം, വ്യൂഹം, രാജവാഴ്ച, മറുപുറം, പുറപ്പാട്, കാസര്‍കോട് കാദര്‍ഭായ്, ഉപ്പുകണ്ടം ബ്രദേഴ്‌സ്, ചെങ്കോല്‍, ആറാം തമ്പുരാന്‍, വാഴുന്നോര്‍, പത്രം, നരസിംഹം, നരന്‍, മായാവി തുടങ്ങി 35-ഓളം മലയാള ചിത്രങ്ങളുടെ ഭാഗമായി. 2008-ന് ശേഷം രണ്ട് മലയാള ചിത്രങ്ങളില്‍ മാത്രമാണ് അഭിനയിച്ചത്.

2015-ല്‍ ചിറകൊടിഞ്ഞ കിനാക്കളില്‍ അഭിനയിച്ച മോഹന്‍ രാജ് 2022-ല്‍ മമ്മൂട്ടിയുടെ റോഷാക്കിലും പ്രത്യക്ഷപ്പെട്ടു. റോഷാക്കില്‍ ഗ്രേസ് ആന്റണിയുടെ അച്ഛനായ വിശ്വനാഥന്‍ എന്ന കഥാപാത്രമായിരുന്നു. ഒമ്പത് തമിഴ് ചിത്രങ്ങളുടേയും 31 തെലുങ്ക് ചിത്രങ്ങളുടേയും ഭാഗമായി.

അസിസ്റ്റന്റ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസറായി മോഹന്‍ രാജ് കോഴിക്കോട് ജോലി ചെയ്യുമ്പോഴാണ് കിരീടം റിലീസ് ചെയ്യുന്നത്. ജോലിയില്‍ നിന്ന് വിരമിച്ചശേഷം കുടുംബത്തോടൊപ്പം ചെന്നൈയിലായിരുന്നു താമസം. ഭാര്യ: ഉഷ, മക്കള്‍: ജെയ്ഷ്മ, കാവ്യ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.