സ്വന്തം ലേഖകൻ: ബ്രിട്ടനിലെ ലേബർ പാർട്ടിയുടെ വിജയം ഇന്ത്യ–യുകെ ബന്ധത്തിൽ വലിയ ചലനങ്ങൾക്ക് കാരണമായേക്കില്ല. ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കുന്നതിൽ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് കെയ്ർ സ്റ്റാർമറുടെ നേതൃത്വത്തിലുള്ള ലേബർ പാർട്ടി തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തുതന്നെ വ്യക്തമാക്കിയിരുന്നു. സാങ്കേതികവിദ്യ, കാലാവസ്ഥാമാറ്റം, വിദ്യാഭ്യാസം, സൈബർ സുരക്ഷ എന്നീ മേഖലകളിൽ ഇന്ത്യയുമായുള്ള സഹകരണം െമച്ചപ്പെടുത്തുമെന്ന് സ്റ്റാർമർ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.
2022ൽ ഋഷി സുനക് സർക്കാരിന്റെ കാലത്ത് മുന്നോട്ടുവയ്ക്കപ്പെട്ട ഇന്ത്യ–യുകെ സ്വതന്ത്ര വ്യാപാരക്കരാറിന്റെ (എഫ്ടിഎ) ഭാവി എന്താകുമെന്നതായിരുന്നു ബ്രിട്ടനിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതൽ ഇന്ത്യയെ സംബന്ധിച്ചുള്ള ആശങ്ക. എന്നാൽ കരാർ യാഥാർഥ്യമാക്കുന്നതിൽ പ്രതിജ്ഞാബദ്ധരാണെന്നും ചർച്ച തുടരുമെന്നും ലേബർ പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്. സ്വതന്ത്ര വ്യാപാരക്കരാറിൽ അന്തിമ തീരുമാനമെടുക്കുമെന്നും ഇന്ത്യയുമായി സാങ്കേതികവിദ്യ, പ്രതിരോധ മേഖലകളിൽ തന്ത്രപ്രധാന പങ്കാളിത്തം തുടരുമെന്നുമാണ് തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ലേബർ പാർട്ടി അവകാശപ്പെട്ടിട്ടുള്ളത്.
ഇതുവരെ എഫ്ടിഎ സംബന്ധിച്ച് 13 തവണയാണ് ഇന്ത്യയും ബ്രിട്ടനും ചർച്ച നടത്തിയത്. അതേസമയം ബ്രിട്ടനിൽ ഇന്ത്യയിൽനിന്നുള്ള വിദഗ്ധ പ്രഫഷണലുകൾക്ക് കൂടുതൽ അവസരം, സേവന മേഖലയിലെ തൊഴിലാളികൾക്ക് താൽക്കാലിക വീസ തുടങ്ങിയ ഇന്ത്യയുടെ ആവശ്യങ്ങൾ ലേബർ പാർട്ടി എങ്ങനെ സ്വീകരിക്കും എന്നതിൽ സംശയം നിലനിൽക്കുന്നു. കുടിയേറ്റം നിയന്ത്രിക്കുമെന്ന് വാഗ്ദാനം നൽകി അധികാരത്തിലേറിയ ലേബർ പാർട്ടി ഇക്കാര്യത്തിൽ അനുകൂല തീരുമാനമെടുക്കുമോയെന്നതിൽ ആശങ്ക നിലനിൽക്കുന്നുണ്ട്.
പ്രതിരോധ രംഗത്തെ ഇരുരാജ്യങ്ങളുടെ സഹകരണത്തിലും കാര്യമായ മാറ്റങ്ങളുണ്ടാകില്ല. സ്വതന്ത്രവും തുറന്നതുമായ ഇന്തോ–പസഫിക് മേഖലയ്ക്കായി ഇന്ത്യയ്ക്കൊപ്പം ചേർന്നു പ്രവർത്തിക്കാനാണ് ലേബർ പാർട്ടി ലക്ഷ്യമിടുന്നതെന്ന് സ്റ്റാർമർ മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രിയാകുമെന്ന് കരുതുന്ന ഡേവിഡ് ലാമ്മി പറയുന്നത്.
ബ്രിട്ടിഷ് പൊതുതിരഞ്ഞെടുപ്പില്‍ വൻ വിജയം നേടിയ ലേബർ പാർട്ടി നേതാവ് കെയ്ർ സ്റ്റാർമറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ–യുകെ ബന്ധം ശക്തമാക്കാൻ സഹകരിച്ച് പ്രവർത്തിക്കാമെന്നും എക്സിൽ പങ്കുവച്ച കുറിപ്പിൽ പ്രധാനമന്ത്രി പറഞ്ഞു.
തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കൺസർവേറ്റീവ് പാർട്ടി നേതാവും നിലവിലെ പ്രധാനമന്ത്രിയുമായ ഋഷി സുനകിന് നന്ദി അറിയിച്ചുള്ള സന്ദേശവും മോദി എക്സിൽ പങ്കുവച്ചു. ബ്രിട്ടനെ മികച്ച രീതിയിൽ നയിച്ചതിനും ഇന്ത്യയുമായുള്ള സഹകരണത്തിന് നൽകിയ സംഭാവനയ്ക്കും നന്ദിയെന്നും ഭാവിയ്ക്കും കുടുംബത്തിനും ആശംസകളെന്നും മോദി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല