സ്വന്തം ലേഖകൻ: അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള വിവാദ റുവാണ്ട പദ്ധതി റദ്ദാക്കാൻ ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമർ. പ്രധാനമന്ത്രിയായതിനുശേഷമുള്ള കിയേർ സ്റ്റാമറുടെ ആദ്യ തീരുമാനമാണിത്. 2022 ജനുവരി ഒന്നിനുശേഷം അനധികൃതമായി യുകെയിലേക്ക് കുടിയേറിയവരെ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലേക്ക് നാടുകടത്താനുള്ള കൺസർവേറ്റീവ് പാർട്ടി സർക്കാരിന്റെ പദ്ധതി വലിയ വിവാദമുണ്ടാക്കിയിരുന്നു. മുൻ പ്രധാനമന്ത്രി ഋഷി സുനകായിരുന്നു പദ്ധതിയുടെ ഉപജ്ഞാതാവ്.
റുവാണ്ട പദ്ധതി മരിച്ചതാണെന്നും തുടങ്ങുംമുന്‍പേ ഒടുങ്ങിയതാണെന്ന് ആദ്യ മന്ത്രിസഭാ യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ കിയേർ സ്റ്റാമർ പറഞ്ഞു. ഇത്തരം സൂത്രപ്പണികളുമായി മുന്നോട്ടുപോകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി റദ്ദാക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽത്തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ആയിരത്തിലേറെ ഇന്ത്യക്കാരെയും ബാധിക്കുന്നതായിരുന്നു റുവാണ്ട പദ്ധതി. 2023ൽ ആയിരത്തിലേറെ ഇന്ത്യക്കാർ യൂറോപ്പിൽനിന്ന് ഇംഗ്ലിഷ് ചാനൽ വഴി ചെറുബോട്ടുകളിൽ യുകെയിലേക്ക് കടന്നെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതുവരെ പദ്ധതിക്കായി 3.2 കോടി പൗണ്ടാണ് (ഏകദേശം മൂവായിരം കോടിയോളം രൂപ) ബ്രിട്ടിഷ് സർക്കാർ ചെലവഴിച്ചത്. പദ്ധതി റദ്ദാക്കുന്നതോടെ ഈ പണം വെള്ളത്തിലാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല