1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 9, 2024

സ്വന്തം ലേഖകൻ: വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ കീര്‍ സ്റ്റാര്‍മറുടെ ലേബര്‍ സര്‍ക്കാര്‍, മധുവിധുക്കാലത്ത് തന്നെ ജനപ്രീതി നഷ്ടപ്പെടുത്തുന്ന കാഴ്ചയാണ് കാണുന്നത്. ഇപ്പോള്‍ ലേബര്‍ പാര്‍ട്ടിക്ക് മുന്‍തൂക്കം വെറും ഒരു പോയിന്റ് മാത്രം. തെറ്റായ നടപടികള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ ഇനിയും നഷ്ടപ്പെടുത്തിയേക്കാം എന്നാണ് ഒരു മന്ത്രി തന്നെ ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്. നമ്പര്‍ 10 ലെ പുതുക്കിയ ഔദ്യോഗിക ഘടന സര്‍ക്കാരിന് നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചു പിടിക്കാന്‍ സഹായിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് കരുതുന്നത്. ചീഫ് ഓഫ് സ്റ്റാഫ് സ്യൂ ഗ്രേയും കാബിനറ്റ് സെക്രട്ടറി സൈമണ്‍ കെയ്‌സും വിട്ടുപോയതും ഏറെ ഗുണം ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.

തന്നെ തിരഞ്ഞെടുത്ത ജനങ്ങള്‍ താന്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്ന മാറ്റം നല്‍കുന്നതിനായിടാണ് ഓഫീസ് ഘടനയില്‍ മാറ്റം വരുത്തിയത് എന്നായിരുന്നു പ്രധാനമന്ത്രി ക്യാബിനറ്റിനെ അറിയിച്ചത്. എന്നാല്‍, ഈ മാറ്റങ്ങള്‍ ഒന്നും തന്നെ ജനങ്ങള്‍ക്ക് സ്വീകാര്യമല്ല എന്നാണ് ഏറ്റവും ഒടുവിലത്തെ അഭിപ്രായ സര്‍വ്വേഫലം ചൂണ്ടിക്കാണിക്കുന്നത്. സംഭാവനകളും സൗജന്യങ്ങളും സ്വീകരിച്ചതും, അതോടൊപ്പം വിന്റര്‍ ഫ്യുവല്‍ പേയ്‌മെന്റ് നിര്‍ത്തലാക്കുന്നതുള്‍പ്പടെയുള്ള ജനവിരുദ്ധ നയങ്ങളും കാരണം സ്റ്റാര്‍മറുടെ ജനപ്രീതി നിര്‍ബാധം ഇടിഞ്ഞുകൊണ്ടിരിക്കുകയാണ് എന്നതാണ് വസ്തുത.

തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിനു ശേഷം കഷ്ടി മൂന്ന് മാസം പിന്നിറ്റുമ്പോള്‍ വെറും ഒരു പോയിന്റിന് മാത്രമാണ് ലേബര്‍ പാര്‍ട്ടി ഇപ്പോള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയേക്കാള്‍ മുന്നിട്ടു നില്‍ക്കുന്നത്. 29 ശതമാനം പേര്‍ ലേബര്‍ പാര്‍ട്ടിയെ പിന്തുണയ്ക്കുമ്പോള്‍ 28 ശതമാനം പേര്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് പിന്നിലും അടിയുറച്ച് നില്‍ക്കുന്നു. തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പായി മാത്രം രൂപീകരിച്ച റിഫോം യു കെ പാര്‍ട്ടി അതിന്റെ അടിത്തറ വിപുലപ്പെടുത്തി 19 ശതമാനം ജനപ്രീതി നേടിയപ്പോള്‍ ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് നേടാനായത് 11 ശതമാനം മാത്രമാണ്.ഗ്രീന്‍സിന് 7 ശതമാനവും ലഭിച്ചു.

മറ്റൊരു സര്‍വ്വേയില്‍ കണ്ടെത്തിയത് സര്‍ കീര്‍ സ്റ്റാര്‍മറുടെ നെറ്റ് അപ്രൂവല്‍ റേറ്റിംഗ് മൈനസ് 36 ല്‍ എത്തി എന്നാണ്. റിഫോം യു കെയുടെ നേതാവ് നെയ്ജല്‍ ഫരാജിനേക്കാള്‍ താഴെയാണിത്. സര്‍ക്കാര്‍ പല ബുദ്ധിമുട്ടുകളും അഭിമുഖീകരിക്കുന്നുണ്ട് എന്ന് പറഞ്ഞ ഗതാഗത വകുപ്പിന്റെ സഹമന്ത്രി ലൂസി ഹെയ് പക്ഷെ സര്‍ കീര്‍ സ്റ്റാര്‍മര്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ വളര്‍ത്താന്‍ സഹായിക്കുമോ എന്ന ചോദ്യത്തിന് മൗനം പാലിക്കുകയായിരുന്നു. ഇത് വളരെ പ്രായം കുറഞ്ഞ ഒരു ഭരണകൂടമാണ്. ആദ്യ ചില മാസങ്ങളില്‍ ചില തെറ്റായ നടപടികള്‍ എടുക്കുക സ്വാഭാവികമാണെന്നും അവര്‍ പറഞ്ഞു.

നീണ്ട 14 വര്‍ഷക്കാലത്തോളം പ്രതിപക്ഷത്തിരുന്ന തങ്ങള്‍ക്കിടയില്‍ ഭരന രംഗത്ത് പരിചയമുള്ളവര്‍ കുറവാണെന്നും അവര്‍ പറഞ്ഞു. ഇനിയും തെറ്റുകള്‍ പറ്റുമോ എന്ന ചോദ്യത്തിന് ഒരു ഭരണകൂടവും കുറ്റമറ്റതല്ല എന്നും, തെറ്റു പറ്റില്ല എന്ന ഉറപ്പ് നല്‍കാന്‍ കഴിയില്ലെന്നുമായിരുന്നു അവരുടെ മറുപടി. സ്യൂ ഗ്രേയോട് പ്രധാനമന്ത്രി നീതിപൂര്‍വ്വമാണോ പെരുമാറിയത് എന്ന ചോദ്യത്തിനും, ഗ്രേയുടെ ഉറ്റ സുഹൃത്ത് കൂടിയായ അവര്‍ മറുപടി പറഞ്ഞില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.