സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥന്‍ കീത്ത് പാമറിന് ബ്രിട്ടന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. സെന്‍ട്രല്‍ ലണ്ടനിലെ സൗത്താര്‍ക്ക് കത്തീഡ്രലില്‍ നടന്ന സംസ്‌കാരചടങ്ങായിരുന്നു ഇന്നലെ സെന്‍ട്രല്‍ ലണ്ടനിലെ സൗത്താര്‍ക്ക് കത്തീഡ്രലില്‍ നടന്ന സംസ്‌കാര ചടങ്ങുകള്‍ ദര്‍ശിക്കാന്‍ അപൂര്‍വമായ ജനത്തിരക്കാണ് അനുഭവപ്പെട്ടത്.
വിലാപയാത്ര ആരംഭിച്ച വെസ്റ്റ്മിനിസ്റ്റര്‍ പാലസില്‍നിന്നും കത്തീഡ്രല്‍ വരെയുള്ള 2.6 മൈല്‍ ദൂരം റോഡിന് ഇരുവശവും ആയിരക്കണക്കിന് ആളുകള്‍ പാമറിന് അവസാന യാത്രാമൊഴി നല്‍കാന്‍ തടിച്ചുകൂടി. മാര്‍ച്ച് 22നായിരുന്നു പാര്‍ലമെന്റിനുള്ളിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ച ഭീകരനെ തടയാന്‍ ശ്രമിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥനായ പൊലീസ് കോണ്‍സ്റ്റബിള്‍ കീത്ത് പാമര്‍ കുത്തേറ്റു മരിച്ചത്.
രാജ്ഞിയുടെ പ്രത്യേക അനുമതിയോടെ കീത്ത് പാമറിന്റെ മൃതദേഹം വെസ്റ്റ്മിനിസ്റ്റര്‍ പാലസിനുള്ളിലെ ചാപ്പലില്‍ പൊതുദര്‍ശനത്തിനു വച്ചശേഷമാണു സംസ്‌കാരത്തിനായി കത്തീഡ്രലില്‍ എത്തിച്ചത്. സാധാരണ രാജകുടുംബാംഗങ്ങള്‍ മരിക്കുമ്പോള്‍ മാത്രമാണു വെസ്റ്റ് മിനിസ്റ്റര്‍ പാലസിലെ ചാപ്പലില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കുന്നത്.
കീത്തിന്റെ ഭാര്യയും മകളും മാതാപിതാക്കളും ഉള്‍പ്പെടെ അന്‍പതോളം കുടുംബാംഗങ്ങളാണു സംസ്‌കാര ചടങ്ങിന് എത്തിയത്. ആഭ്യന്തര സെക്രട്ടറി അംബര്‍ റൂഡ്, ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍, കീത്തിന്റെ ഇഷ്ട ഫുട്‌ബോള്‍ ക്ലബായ ചാള്‍ട്ടന്റെ എഫ്‌സിയുടെ മാനേജരും ക്യാപ്റ്റനും തുടങ്ങിയവരും കീത്തിന്റെ അവസാന യാത്രക്കെത്തി. കത്തീഡ്രലിനു മുകളില്‍ വട്ടമിട്ടുപറന്ന പൊലീസ് ഹെലികോപ്റ്ററുകള്‍ ‘ഏരിയല്‍ സല്യൂട്ട്’ നല്‍കിയതും യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയ സുരക്ഷാ ഉദ്യോഗസ്ഥരും കീത്ത് രാജ്യത്തിന് എത്ര പ്രിയങ്കരനാണ് എന്നതിന് തെളിവായി.
വെസ്റ്റ്മിനിസ്റ്റര്‍ പാലത്തിലെ ഫുട്പാത്തിലേക്കു കാറോടിച്ചുകയറ്റി വഴിയാത്രക്കാരായ നിരവിധിപേരെ ഇടിച്ചുവീഴ്തിയ ശേഷമായിരുന്നു ഖാലിദ് മസൂദ് എന്ന അക്രമി പാര്‍ലമെന്റിലേക്ക് ഓടിക്കയറിയത്. ആക്രമണത്തില്‍ പൊലീസുകാരനു പുറമെ മറ്റു നാലുപേര്‍കൂടി കൊല്ലപ്പെട്ടിരുന്നു. അക്രമിയെ പൊലീസ് വെടിവച്ചു കൊല്ലുകയും ചെയ്തു. ആക്രമണത്തോടെ സുരക്ഷാ സേനയില്‍ 15 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന 48 കാരനായ കീത്ത് ദേശീയ ഹീറോയാകുകയും കീത്തിന്റെ ധീരതയെ പ്രകീര്‍ത്തിച്ച് പ്രമുഖര്‍ രംഗത്തെത്തുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല