സ്വന്തം ലേഖകന്‍: മാധ്യമങ്ങള്‍ക്കെതിരെ കേജ്‌രിവാള്‍ വാളെടുത്താല്‍ കേജ്‌രിവാളിനെതിരെ കോടതി വാളെടുക്കുമെന്നാണ് ഇപ്പോള്‍ ഡല്‍ഹിക്കാര്‍ പറയുന്നത്. കേജ്രിവാളിന്റെ മാധ്യമങ്ങള്‍ക്കെതിരായ സര്‍ക്കുലറിന് സുപ്രീം കോടതി സ്റ്റേ നല്‍കിയതോടെയാണിത്.
സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ മാനനഷ്ട കേസ് നല്‍കാനുള്ള സാധ്യത പരിശോധിക്കാനുള്ള സര്‍ക്കുലര്‍ ആം ആദ്മി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഈ സര്‍ക്കുലറിനാണ് സുപ്രീം കോടതിയുടെ സ്റ്റേ. സര്‍ക്കുലര്‍ സംബന്ധിച്ച് ആറാഴ്ചക്കകം കേജ്‌രിവാള്‍ സുപ്രീം കോടതിയില്‍ മറുപടി നല്‍കണം.
സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്പിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കണമെന്നാണ് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് കെജ്‌രിവാള്‍ സര്‍ക്കുലറില്‍ നിര്‍ദ്ദേശം നല്‍കുന്നത്. വിമര്‍ശനങ്ങളോടുള്ള കേജ്‌രിവാളിന്റെ അസഹിഷ്ണുതയും ഏകാധിപത്യ പ്രവണതയുമാണ് സര്‍ക്കുലര്‍ വ്യക്തമാക്കുന്നത് എന്നായിരുന്നു വിമര്‍ശനം.
അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് കേജ്‌രിവാള്‍ അപകീര്‍ത്തി കേസുകള്‍ക്കെതിരെ കോടതിയെ സമീപിച്ചിരുന്നു. എന്നിട്ട് ഇപ്പോള്‍ ആവശ്യപ്പെടുന്നത് മാധ്യമങ്ങള്‍ക്കെതിരെ മാനനഷ്ടക്കേസ് എടുക്കണം എന്നാണ്. തികച്ചും വിരുദ്ധമായ രണ്ട് കാര്യങ്ങള്‍ എങ്ങനെയാണ് ഒരേസമയം ആവശ്യപ്പെടാന്‍ കഴിയുകയെന്ന് കോടതി ആരാഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല