ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ജനപ്രിയ നായകനായ അരവിന്ദ് കേജരിവാളിനെ തേടി പിന്തുണയുമായി എത്തുന്ന പ്രമുഖരുടെ എണ്ണം കൂടിവരികയാണ്.ഉന്നത ഉദ്ധ്യോഗസ്ഥര്‍ മുതല്‍ സിനിമാ രംഗത്തെ താര രാജാക്കള്‍ വരെ പലപ്പോഴായി ആം ആദ്മി പാര്‍ട്ടിയുടെ നയങ്ങളെയും പാര്‍ട്ടി നേതാവായ അരവിന്ദ് കേജരിവാളിനെയും പ്രകീര്‍ത്തിച്ചു കൊണ്ട് പരസ്യമായി രംഗത്ത് വന്ന സംഭവങ്ങള്‍ നിരവധി മാധ്യമങ്ങള്‍ ഇതിനു മുന്‍പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഏറ്റവും പുതുതായി,ഹോളിവുഡ് സിനിമകളിലെ ആക്ഷന്‍ ഹീറോകള്‍ക്കുള്ള ബോളിവുഡ് സിനിമയുടെ മറുപടിയും അനേകം യുവ ഹൃദയങ്ങളുടെ ഹരവുമായ ഖില്ലാടി നടന്‍ അക്ഷയ് കുമാറാണ് ഡല്‍ഹി മുഖ്യമന്ത്രി കേജരിവാളിനെ കാണാന്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ സെപ്റ്റംബ റിലെ അവസാന വെള്ളിയാഴ്ച ഉച്ചയോടെ എത്തിയത്.വെറും ഒരു സന്ദര്‍ശനം മാത്രം ആയിരുന്നില്ല താരത്തിന്റ്‌റെ ലക്ഷ്യം.മറിച്ച് ഇന്ത്യയുടെ വരും നാളുകളെ ബാധിക്കുന്ന പല പ്രധാനപ്പെട്ട കാര്യങ്ങളും ഭാവി പ്രധാനമന്ത്രിയായി അനേക കോടി ഇന്ത്യാക്കാര്‍ സ്വപ്നം കാണുന്ന അരവിന്ദ് കേജരിവാളുമായി തുറന്നു സംസാരിക്കാനും അക്കാര്യങ്ങള്‍ നടപ്പിലാക്കാന്‍ തന്റ്‌റെ എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്യാനും ആയിരുന്നു ഈ വരവിന്റ്‌റെ ഉദ്ദേശ്യം.
ഇന്ത്യയിലെ കര്‍ഷകര്‍ ഇപ്പോള്‍ അനുഭവിക്കുന്ന നിരവധി നീറുന്ന പ്രശ്‌നങ്ങള്‍ക്കുള്ള ഒരു പരിഹാരം കണ്ടെത്തേണ്ടത് വളരെ അത്യാവശ്യമാണ് എന്ന് രണ്ടു പേരും തുറന്നു പറഞ്ഞു.രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ വര്‍ദ്ധിച്ചു വരുന്ന കര്‍ഷക ആത്മഹത്യകള്‍ തടയുക എന്നതാണ് ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു കാര്യം എന്ന് അക്ഷയ് കുമാര്‍ കേജരിവാളിനോട് പറഞ്ഞു. കര്‍ഷകആത്മഹത്യകള്‍ ഏറെ നടന്ന മഹാരാഷ്ട്രയില്‍ താന്‍ നടത്തിയ ചില നല്ല കാര്യങ്ങള്‍ അക്ഷയ് ആം ആദ്മി നേതാവിനെ അറിയിച്ചു.ഏതാണ്ട് ഒരു കോടിയോളം രൂപയാണ് ഈ മഹാനടന്‍ കടക്കെണി മൂലം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നേരിട്ട് നല്കിയത്.ആത്മഹത്യയല്ല മറിച്ച് നിലനില്‍പ്പിന്റ്‌റെ സാധ്യതകളെപ്പറ്റി ചിന്തിക്കുക എന്ന സന്ദേശം കര്‍ഷകകര്‍ക്ക് നല്കുകയും അതിനു വേണ്ട സഹായങ്ങള്‍ തന്റ്‌റെ കഴിവിനാലാവും വിധം നല്കാം എന്നും അക്ഷയ് കുമാര്‍ ഇവര്‍ക്ക് ഉറപ്പു നല്കുകയും ചെയ്തത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.നിത്യേനെ നമ്മുടെ തീന്‍ മേശകളില്‍ എത്തുന്ന ആഹാരം ഇന്ത്യയിലെ അനേക കോടി ആളുകളുടെ വിയര്‍പ്പിന്റ്‌റെ ഫലം ആണെന്നും അതിനായി ജീവിതം ഉഴിഞ്ഞു വച്ചിട്ടുള്ള നമ്മുടെ കര്‍ഷകരുടെ ദുഃഖങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നത് ശരിയല്ല എന്നും കേജരിവാള്‍ തുറന്നു പറഞ്ഞു.ഈ പ്രശ്‌നങ്ങളില്‍ ഇടപെടാതെ മാറി നില്ക്കുന്ന കേന്ദ്രത്തിലെയും അനവധി സംസ്ഥാനങ്ങളിലെയും ഗവര്‍മെന്റുകള്‍ അനീതിയാണ് ചെയുന്നത് ,ഇതിനെതിരെ ആം ആദ്മി പാര്‍ട്ടി ഇനിയുള്ള നാളുകളില്‍ ശക്തമായി രംഗത്ത് വരും എന്ന് അദ്ദേഹം ഉറപ്പു നല്‍കി.
പഞ്ചാബിലുടനീളം വര്‍ദ്ധിച്ചു വരുന്ന മയക്കുമരുന്നിന്റ്‌റെ നിര്‍മ്മാണവും ഉപയോഗവും വിതരണവും രാജ്യത്തിനാകമാനം അപകടകരമായ നിലയിലേക്ക് നീങ്ങുന്നുവെന്ന ആശങ്ക അക്ഷയ് കുമാര്‍ കൂടിക്കാഴ്ചയില്‍ പ്രകടിപ്പിച്ചു .കൂടുതലും യുവാക്കളാണ് ഇതിനു പിന്നില്‍ എന്നത് രാജ്യത്തിന്റ്‌റെ ഭാവിക്ക് വലിയ ദോഷം ചെയ്യും എന്നും ഇക്കാര്യത്തിലൊരു തടയിടാന്‍ ആം ആദ്മി പോലുള്ള ഒരു പാര്‍ട്ടിക്കേ ഫലപ്രദമായി എന്തെങ്കിലും ചെയ്യാന്‍ ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ ഒക്കൂ എന്നും അക്ഷയ് കുമാര്‍ ചൂണ്ടിക്കാട്ടി.അനീതി കണ്ടു മടുത്ത ഇന്ത്യയിലെ ചുറുചുറുക്കുള്ള ചെറുപ്പകാര്‍ ഇപ്പോള്‍ ഏറെ പ്രതീക്ഷ വയ്ക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ രാജ്യവ്യാപകമായി ആം ആദ്മി എന്തു നീക്കം നടത്തിയാലും അത് വിജയിക്കും എന്നും ചര്‍ച്ചയില്‍ രണ്ടുപേരും ഉറപ്പു പ്രകടിപ്പിച്ചു. ഇന്ത്യയുടെ ഭാവിയും, ആം ആദ്മി പാര്‍ട്ടിയുടെ ശക്തിയും യുവാക്കളാണ് എന്ന് അരവിന്ദ് കേജരിവാള്‍ പറഞ്ഞു.
ഇന്ത്യന്‍ സിനിമയിലെ കരുത്തിന്റ്‌റെ പ്രതീകത്തോട്,തന്റ്‌റെ ഓഫീസില്‍ വരാന്‍ സമയം കണ്ടെത്തിയതിനു കേജരിവാള്‍ നന്ദി പറഞ്ഞു.രാഷ്ട്രീയത്തിലിറങ്ങാതെതന്നെ രാഷ്ട്രത്തിനു വേണ്ടി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും തന്നെപോലുള്ളവര്‍ക്ക് പ്രചോദനം നല്കുന്ന താങ്കള്‍ക്കാണ് ഞാന്‍ നന്ദി പറയേണ്ടത് എന്ന് ചിരിച്ചു കൊണ്ട് കേജരിവാളിന് മറുപടി നല്കി അക്ഷയ് കുമാര്‍ യാത്രപറഞ്ഞു പിരിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല