സ്വന്തം ലേഖകന്‍: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഓഫീസില്‍ സിബിഐ റെയ്ഡ്, പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസില്‍ നിന്ന് 3 ലക്ഷം രൂപയുടെ വിദേശ പണം. കെജ്രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ രാജേന്ദ്ര കുമാറിന്റെ വീട്ടില്‍ സിബിഐ നടത്തിയ റെയിഡിലാണ് മൂന്ന് ലക്ഷം രൂപയുടെ വിദേശ പണം കണ്ടെത്തിയത്.
മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഓഫീസ് സിബിഐ റെയ്ഡ് ചെയ്തത് വിവാദമായതിന് തൊട്ടുപിന്നാലെയായിരുന്നു പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ വീട്ടില്‍ നിന്നും പണം കണ്ടെടുത്തതായി റിപ്പോര്‍ട്ട് പുറത്തു വിട്ടത്. മൂന്ന് ലക്ഷം രൂപ മുല്യമുള്ള വിദേശപണത്തിനു പുറമേ 2.4 ലക്ഷം രൂപയും പിടിച്ചെടുത്തതായി റിപ്പോര്‍ട്ടിലുണ്ട്.
ഒരേ ദിവസത്തില്‍ 14 സ്ഥലങ്ങളിലാണ് സിബിഐ റെയ്ഡ് നടത്തിയത്.റെയ്ഡിനു പിന്നില്‍ മോദിയാണെന്നാണ് ആം ആദ്മി പ്രവര്‍ത്തകരും കെജ്രിവാളും ഉന്നയിക്കുന്നത്. കെജ്രിവാളിനെ രാഷ്ട്രീയമായി നേരിടാന്‍ കഴിയാത്തത് കൊണ്ടാണ് ഇത്തരം നടപടികളുമായി മുന്നോട്ട് വന്നിരിക്കുന്നത് എന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
മോദിയെ പരസ്യമായി കുറ്റപ്പെടുത്തി കൊണ്ട് കെജ്രിവാള് ട്വിറ്ററില്‍ കുറിച്ചപ്പോള്‍ സിബിഐയുടെ കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപ്പെടാറില്ലെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല