1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 3, 2024

സ്വന്തം ലേഖകൻ: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പുതിയ നേതാവായി കെമി ബാഡ്‌നോക്ക് തിരഞ്ഞെടുക്കപ്പെട്ടു. റോബര്‍ട്ട് ജെന്റിക്കിനാണു സാധ്യത എന്ന രീതിയിലായിരുന്നു വലതുപക്ഷ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. എന്നാല്‍ റിഷി സുനാകിന്റെ പിന്‍ഗാമിയായി എത്തുന്നത് വംശീയ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള ആളായി.

നൈജീരിയയില്‍ വളര്‍ന്ന ബാഡ്‌നോക്ക് യുകെയിലെ ഒരു പ്രധാന രാഷ്ട്രീയ പാര്‍ട്ടിയെ നയിക്കുന്ന ആദ്യത്തെ കറുത്തവര്‍ഗക്കാരിയാണ്. ജൂലൈയില്‍ കണ്‍സര്‍വേറ്റീവുകളെ അവരുടെ എക്കാലത്തെയും മോശമായ തിരഞ്ഞെടുപ്പ് പരാജയത്തിലേക്ക് നയിച്ച സുനാകില്‍ നിന്ന് അവര്‍ ചുമതലയേറ്റു.

തന്റെ പ്രചാരണ വേളയില്‍, കണ്‍സര്‍വേറ്റീവുകളെ “ആദ്യ തത്വങ്ങളിലേക്ക്” തിരികെ കൊണ്ടുവരുമെന്നും ഒരു പുതിയ നയ പ്ലാറ്റ്‌ഫോം രൂപപ്പെടുത്തുന്നതിന് വരും മാസങ്ങളില്‍ അവലോകനങ്ങളുടെ ഒരു പരമ്പര ആരംഭിക്കുമെന്നും ബാഡ്‌നോക്ക് പ്രതിജ്ഞയെടുത്തു.

എട്ടര വര്‍ഷത്തിനുള്ളിലെ ആറാമത്തെ ടോറി നേതാവ് കൂടിയാണ് അവര്‍, വിഘടിത പാര്‍ട്ടിയെ ഒന്നിപ്പിക്കുന്ന വെല്ലുവിളിയാണ് മുമ്പിലുള്ളത്. തന്റെ വിജയ പ്രസംഗത്തില്‍, “സത്യം പറയാനുള്ള സമയമാണിത്”, “ബിസിനസ്സിലേക്ക് ഇറങ്ങുക” എന്ന് ബാഡെനോക്ക് അംഗങ്ങളോട് പറഞ്ഞു. മുന്‍ ബിസിനസ് സെക്രട്ടറിയായിരുന്നു ബാഡ്‌നോക്ക്.

എംപിമാര്‍ക്ക് താത്പര്യം കെമി ബാഡ്നോകിനോട് ആണെങ്കിലും അണികളില്‍ താല്‍പര്യം റോബര്‍ട്ട് ജെന്റികിനോടാണ് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ . അതുകൊണ്ടു വിജയം റോബര്‍ട്ട് ജെന്റിക്കിനായിരിക്കും എന്ന നിലയിലായിരുന്നു അഭ്യൂഹം.

പാര്‍ട്ടി അണികളുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ റോബര്‍ട്ട് ജെന്റിക് വിജയം തന്റെ ഭാഗത്താകുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചിരുന്നു. പുതിയ നേതാവിനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനാണ് സമാപിച്ചത്. നാലുമാസം നീണ്ട മാരത്തോണ്‍ തിരഞ്ഞെടുപ്പ് പ്രക്രിയയായിരുന്നു നടന്നത്.

പാര്‍ട്ടി സമ്മേളനങ്ങളില്‍ ഏറെ തിളങ്ങാന്‍ കഴിയാതെ പോയവരാണ് ജെന്റിക്കും ബാഡ്‌നോക്കുമെന്നതാണ് ശ്രദ്ധേയം. പാര്‍ട്ടി സമ്മേളനത്തിലെ പ്രസംഗത്തിന്റെ പേരില്‍ ഏറെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ ക്ലെവര്‍ലി പുറത്തായത് അപ്രതീക്ഷിതമായിരുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ടോറി പാര്‍ട്ടി നേരിട്ടത് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയായിരുന്നു. 24 ശതമാനത്തില്‍ താഴെ വോട്ടുകളോടെ 121 സീറ്റുകളില്‍ മാത്രമാണ് ടോറി പാര്‍ട്ടിയ്ക്ക് വിജയിക്കാനായത്. ആ നിലയില്‍ നിന്ന് പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ടതും ബജറ്റിന് പിന്നാലെ ലേബര്‍ സര്‍ക്കാരിനെതിരെ ഉയരുന്ന വിമര്‍ശനം ശക്തമാക്കാനും ആയിരിക്കും കെമി ബാഡ്നോക്കിന്റെ ശ്രമം.

യൂറോപ്പിലെ തന്നെ ഒരു പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്കെത്തുന്ന ആദ്യത്തെ കറുത്തവര്‍ഗ്ഗക്കാരിയായ വനിതയായി മാറിയിരിക്കുകയാണ് കെമി ബേഡ്‌നോക്ക്. മാത്രമല്ല, മാര്‍ഗരറ്റ് താച്ചര്‍, തെരേസ മേ, ലിസ് ട്രസ്സ് എന്നിവര്‍ക്ക് പിന്നാലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവാകുന്ന നാലാമത്തെ വനിതയുമാണിവര്‍.

ഒരിക്കല്‍ ബ്രിട്ടീഷ് ഏഷ്യന്‍ വംശജന്‍ ഋഷി സുനകും പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് എത്തിയിരുന്നു. എന്നാല്‍, വര്‍ഗ്ഗ സമര സിദ്ധാന്തം ഉദ്‌ഘോഷിക്കുന്ന ലേബര്‍ പാര്‍ട്ടിയില്‍ ഇത് വരെ വെള്ളക്കാരായ പുരുഷന്മാര്‍ മാത്രമെ നേതൃസ്ഥാനത്തേക്ക് എത്തിയിട്ടുള്ളു എന്നത് ഒരു വൈരുദ്ധ്യമാകാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.