സ്വന്തം ലേഖകന്‍: കെനിയയില്‍ ഒഹുറു കെനിയാട്ടയ്ക്ക് പ്രസിഡന്റായി രണ്ടാമൂഴം, തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായി ആരോപിച്ച് പ്രതിപക്ഷം തെരുവിലിറങ്ങി. 54.3 ശതമാനം വോട്ട് നേടിയാണ് കെനിയാട്ട വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. മുഖ്യ എതിരാളിയായ റൈല ഒഡീങ്കയ്ക്ക് 44.7 ശതമാനം വോട്ട് മാത്രമാണ് നേടാനായത്. കെനിയാട്ട 2013 മുതല്‍ കെനിയയുടെ പ്രസിഡന്റാണ്.
മികച്ച ഭരണം കാഴ്ചവച്ചതുകൊണ്ടാണ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതെന്ന് കെനിയാട്ട പറഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടന്നതായും വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം തെരുവിലിറങ്ങി. തെറ്റായ ഫലമാണു തിരഞ്ഞെടുപ്പു കമ്മിഷന്റെ വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. വെബ്‌സൈറ്റില്‍ നുഴഞ്ഞുകയറ്റം നടന്നതായും പ്രതിപക്ഷ നേതാവ് റൈലാ ഒഡിങ്ഗ ആരോപിച്ചു.
ഫലപ്രഖ്യാപനത്തില്‍ കൃത്രിമം നടന്നെന്ന ആരോപണത്തെത്തുടര്‍ന്ന് രാജ്യത്തു പലയിടത്തും പ്രതിപക്ഷം കലാപത്തിനിറങ്ങി. പടിഞ്ഞാറന്‍ കെനിയയിലെ കിസുമുവില്‍ പ്രതിഷേധക്കാര്‍ക്കു നേരെ പൊലീസ് നടത്തിയ വെടിവയ്പില്‍ ഒരാള്‍ മരിച്ചു. 92% വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍, പ്രസിഡന്റ് ഉഹുറു കെനിയാട്ടയ്ക്ക് 54.3% വോട്ട് ലഭിച്ചെന്നായിരുന്നു കമ്മിഷന്റെ പ്രഖ്യാപനം.
ഒഡിങ്ഗയ്ക്ക് 44.7% വോട്ടു ലഭിച്ചെന്നും 13 ലക്ഷം വോട്ടിന്റെ വ്യത്യാസമുണ്ടെന്നും കമ്മിഷന്റെ വെബ്‌സൈറ്റില്‍ പ്രഖ്യാപനം വന്നു. എന്നാല്‍, വെബ്‌സൈറ്റില്‍ അജ്ഞാതര്‍ നുഴഞ്ഞുകയറി കൃത്രിമമായ കണക്കുകള്‍ പുറത്തുവിടുകയായിരുന്നു എന്നാണു പ്രതിപക്ഷത്തിന്റെ ആരോപണം. 2007ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന് ആരോപിച്ചുണ്ടായ കലാപത്തില്‍ 1100 പേര്‍ മരിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല