സ്വന്തം ലേഖകൻ: കേരളത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കാൻ തത്വത്തിൽ അംഗീകാരം നൽകാൻ ആരോഗ്യ മന്ത്രാലയം ധനമന്ത്രാലയത്തോട് ശുപാർശ ചെയ്തു. കെ മുരളീധരൻ എംപിക്ക് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പവാർ നൽകിയ മറുപടിയിലാണ് നിർണായക വിവരമുള്ളത്. എല്ലാ സംസ്ഥാനങ്ങളിലും ഘട്ടം ഘട്ടമായി എയിംസ് സ്ഥാപിക്കുകയാണ് കേന്ദ്ര സർക്കാർ നയം.
ആരോഗ്യ മന്ത്രാലയത്തിൻ്റെ വിദഗ്ധ സമിതിയാകും അന്തിമപരിശോധന നടത്തി സ്ഥലം സംബന്ധിച്ച് തീരുമാനം സ്വീകരിക്കുക. എയിംസ് സ്ഥാപിക്കുന്നത് സംബന്ധിച്ച് ധനമന്ത്രാലയമാണ് തുടർനടപടികൾ സ്വീകരിക്കുക. സാമ്പത്തിക കാര്യങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ പരിശോധിച്ച ശേഷമാകും എയിംസ് അനുവദിക്കുന്നതിൽ അന്തിമ തീരുമാനമുണ്ടാകുക. എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ബജറ്റിൽ നടത്തുന്നതും തുക വകയിരുത്തുന്നതും ധനമന്ത്രാലയമാണ്.
കഴിഞ്ഞ പാർലമെൻ്റ് സമ്മേളനത്തിലാണ് കെ മുരളീധരൻ എംപി കോഴിക്കോട് കിനാലൂരിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചത്. എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അനുകൂലമായ സ്ഥലങ്ങൾ അറിയിക്കണമെന്ന് വ്യക്തമാക്കി കേന്ദ്രം കേരളത്തിന് കത്ത് നൽകിയിരുന്നു. ഇതുപ്രകാരം തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് ജില്ലകളിലെ മൂന്ന് സ്ഥലങ്ങളാണ് സംസ്ഥാന സർക്കാർ നിർദേശിച്ചിട്ടുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല