സ്വന്തം ലേഖകന്‍: കേരളത്തില്‍ പത്തു വര്‍ഷം പഴക്കവും 2000 സി.സിക്ക് മുകളില്‍ ശേഷിയുമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ കോര്‍പ്പറേഷനുകളിലാണ് നിരോധനം ബാധകമാവുക. ദേശീയ ഹരിത ട്രൈബൂണലിന്റെതാണ് വിധി. 2000 സി.സിക്ക് മുകളിലുള്ള പുതിയ ഡീസല്‍ വാഹനങ്ങളുടെ റെജിസ്‌ട്രേഷനും റീ റെജിസ്‌ട്രേഷനും ട്രൈബൂണല്‍ തടഞ്ഞു.
കേരളത്തിലെ വാഹന ഡീലര്‍മാര്‍ക്കും ഉടമകള്‍ക്കും സെക്കണ്ട്ഹാന്‍ഡ് വിപണിക്കും തിരിച്ചടിയാകുന്ന ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവില്‍ പൊതു ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങള്‍ക്ക് ഇളവ് അനുവദിക്കുമെന്നും പറയുന്നു. ഉത്തരവ് നടപ്പാക്കാന്‍ ഒരു മാസം സമയം അനുവദിച്ചിട്ടുണ്ട്. ഒരു മാസത്തിനു ശേഷം നിരത്തിലിറങ്ങുന്ന നിരോധിത വാഹനങ്ങളില്‍ നിന്ന് ഒരു തവണ 10,000 രൂപ വീതം പിഴ ഈടാക്കണം.
ട്രാഫിക് പൊലിസ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവര്‍ക്കാണ് പിഴ ചുമത്താന്‍ അധികാരം. ബോര്‍ഡിന്റെ കീഴില്‍ പ്രത്യേക അക്കൗണ്ട് തുടങ്ങി പിഴപ്പണം അതില്‍ അടക്കുകയും പ്രസ്തുത തുക പരിസ്ഥിതി സംരക്ഷണത്തിന് ചെലവഴിക്കുകയും ചെയ്യണം. ഡല്‍ഹിയില്‍ 2000 സി.സി.ക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന്റെ ചുവടു പിടിച്ചാണ് കേരളത്തിലും ട്രൈബൂണല്‍ നിയന്ത്രണം കൊണ്ടുവന്നത്.
ടൊയോട്ട ഇന്നോവ, ഫൊര്‍ച്യൂനര്‍, ഷെവര്‍ലെ ടവേര, ഫോര്‍ഡ് എന്‍ഡവര്‍, മിറ്റ്‌സുബിഷി പജേറോ, മഹീന്ദ്ര ബോലേറോ, സ്‌കോര്‍പിയോ, സൈലോ, ടാറ്റ സഫാരി, ടാറ്റ സുമോ തുടങ്ങി 60 ഓളം വാഹനങ്ങളെ നിരോധം ബാധിക്കും. ഓഡി, ബി.എം.ഡബ്ല്യു, ജാഗ്വര്‍, പൊര്‍ഷെ, ബെന്‍സ് തുടങ്ങി ലക്ഷ്വറി വാഹനങ്ങളെയും വിധി പ്രതികൂലമായി ബാധിക്കും. ഉത്തരവ് നടപ്പായാല്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ വലിയൊരു വിഭാഗം ഓട്ടം നിര്‍ത്തേണ്ടി വരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല