സ്വന്തം ലേഖകന്‍: ഐഎസ്എലിലെ തോല്‍വി, കേരള ബ്ലാസ്‌റ്റേഴ്‌സ് കോച്ച് പീറ്റര്‍ ടെയ്‌ലര്‍ രാജിവെച്ചു. ഐഎസ്എലില്‍ കളിച്ച അവസാനത്തെ നാല് കളികളിലും കേരള ബ്ലാസ്റ്റേഴ്‌സ് തോറ്റിരുന്നു. ടെവര്‍ മോര്‍ഗന്‍, പീറ്റര്‍ ടെയ്‌ലറിന്റെ പകരക്കാരനായി പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്നാണ് ടീം അധികൃതര്‍ നല്‍കുന്ന സൂചന.
ഐഎസ്എല്ലിന്റെ ഒന്നാം സീസണിലെ ഫൈനലിസ്റ്റുകളായ കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്താണ്. തുടര്‍ച്ചയായ നാല് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് തോറ്റത്. പുണെ സിറ്റിക്കെതിരെയായിരുന്നു ഇതില്‍ ഒടുവിലത്തെ പരാജയം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു കേരളത്തിന്റെ തോല്‍വി.
നിലവില്‍ ടീമിന്റെ സഹപരിശീലകനാണ് മോര്‍ഗന്‍. പീറ്റര്‍ ടെയ്‌ലര്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിടുന്ന വിവരം ടീം ഉടമകള്‍ തന്നെയാണ് പുറത്തുവിട്ടത്. പുണെ സിറ്റി എഫ്‌സിക്കെതിരായ മത്സരം വരെ ടെയ്‌ലറിന് ബ്ലാസ്റ്റേഴ്‌സ് ഉടമകള്‍ സമയം അനുവദിച്ചിരുന്നു എന്നും ഈ കളിയിലും പരാജയപ്പെട്ടതാണ് ടെയ്‌ലറെ പുറത്താക്കാനുള്ള തീരുമാനമെടുക്കാന്‍ കാരണമെന്നും അറിയുന്നു.
ടെയ്‌ലറുടെ പല തീരുമാനങ്ങളും ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായതാണ് ടീം ഉടമകള്‍ കരുതുന്നത്. മലയാളി താരം മുഹമ്മദ് റാഫിക്ക് ആറു മല്‍സരങ്ങളില്‍ മൂന്ന് തവണ മാത്രമാണ് അവസരം കിട്ടിയത്. മൂന്നു കളികളില്‍ നിന്നും നാലു ഗോളുകളാണ് റാഫി ഇതുവരെ അടിച്ചത്. ഗോളി സ്റ്റീഫന്‍ ബൈവാട്ടര്‍, നായകന്‍ പീറ്റര്‍ റാമേജ് എന്നിവര്‍ക്ക് മാത്രമാണ് ടെയ്‌ലറുടെ ടീമില്‍ ഇടം ഉറപ്പുണ്ടായിരുന്നത്.
ഐ എസ് എല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമുകളിലൊന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ആദ്യകളിയില്‍ അവര്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോല്‍പിക്കുകയും ചെയ്തിരുന്നു. അവസാന നാല് കളികളില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത, ഡല്‍ഹി ഡൈനാമോസ്, ഗോവ എഫ് സി, പുണെ സിറ്റി എഫ് സി എന്നീ ടീമുകളോട് തോറ്റു. മുംബൈ സിറ്റി എഫ്‌സിക്കെതിരെ കൊച്ചിയില്‍ സമനിലയും വഴങ്ങി.
പോയിന്റ് പട്ടികയില്‍ ഏറ്റവും ഒടുവിലാണ് കേരളത്തിന്റെ സ്ഥാനം. ബ്ലാസ്‌റ്റേഴ്‌സ് മുങ്ങിത്താഴുമ്പോള്‍ മുതലാളിയായ സച്ചിന്‍ അടുത്ത മാസം അമേരിക്കയില്‍ നടക്കാനിരിക്കുന്ന ഓള്‍ സ്റ്റാര്‍ ക്രിക്കറ്റ് മത്സരത്തിന് വേണ്ടി കടുത്ത ബാറ്റിംഗ് പരിശീലനത്തിലാണ്. ട്വന്റി 20 ഫോര്‍മാറ്റില്‍ മൂന്ന് കളികളിലാണ് സച്ചിന്‍ കളിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല