1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 5, 2017

 

സ്വന്തം ലേഖകന്‍: പ്രവാസി ക്ഷേമത്തിന് പ്രത്യേക പരിഗണന നല്‍കി സംസ്ഥാന ബജറ്റ്, പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ വര്‍ധന, പ്രവാസി പുനരിധിവാസം, പ്രവാസി ഡാറ്റാബേസ് എന്നിങ്ങനെ ഒട്ടേറെ പദ്ധതികളുമായി ധനമന്ത്രി തോമസ് ഐസക്ക്. പശ്ചാത്തല സൗകര്യവികസനത്തിനും പൊതുവിദ്യാഭ്യാസത്തിനും  പൊതുജനാരോഗ്യത്തിനും ഊന്നല്‍ നല്‍കുന്ന പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് ധനമന്ത്രി ഡോ.തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചു. നോട്ടു നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ മേഖലകളേയും പരിഗണിക്കാന്‍ ശ്രമിച്ച ധനമന്ത്രി പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പ്രത്യേക പരിഗണനയും നല്‍കി.

പ്രവാസി ക്ഷേമപെന്‍ഷന്‍ 500 രൂപയില്‍ നിന്ന് 2000 രൂപയാക്കി ഉയര്‍ത്തിയ ബജറ്റില്‍ പ്രവാസികളുടെ പുനരധിവാസത്തിനും നൈപുണ്യ വികസനത്തിനും 18 കോടി രൂപ അനുവദിച്ചു. പ്രവാസികളുടെ ഓണ്‍ലൈന്‍ ഡേറ്റാ ബെയ്‌സ് തയ്യാറാക്കും. കൂടാതെ റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പാക്കേജ് നല്‍കാനായി 5 കോടി രൂപയും നീക്കിവച്ചു. എല്ലാ വിദേശമലയാളികളേയും ഇതില്‍ രജിസ്റ്റര്‍ ചെയ്യിച്ച്, പ്രവാസികളുടെ കൃത്യമായ വിവരങ്ങള്‍ ശേഖരിച്ച്, പ്രവാസിക്ഷേമത്തിന് ഉതകുന്ന പുതിയ പദ്ധതികള്‍ ആവിഷ്‌കരിയ്ക്കുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. വിദേശ മലയാളികളുടെ കേരളത്തിലെ പ്രാതിനിധ്യത്തിന് ‘ലോക കേരളസഭ’ രൂപീകരിക്കും. ജനസംഖ്യാനുപാതത്തില്‍ രാജ്യങ്ങളുടെ പ്രതിനിധികളും കേരള നിയമസഭാംഗങ്ങളും ഇതില്‍ അംഗങ്ങളായിരിക്കും.

കെ.എസ്.എഫ്.ഇ ഈ വര്‍ഷം ജൂണ് മാസത്തിനകം ആരംഭിക്കുന്ന പ്രവാസി ചിട്ടി പദ്ധതിയിലൂടെ ലഭിക്കുന്ന പണം തീരദേശമലയോര ഹൈവേകളുടെ നിര്മ്മാണത്തിനായി ഉപയോഗിക്കുമെന്ന് ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രവാസികളുടെ നിക്ഷേപം നാടിന്റെ വികസനത്തിന് ഉപയോഗിയ്ക്കാന്‍ കഴിയുന്ന ഈ പദ്ധതിയില് കഴിവുള്ള എല്ലാ പ്രവാസികളെങ്കിലും പങ്കു ചേരണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രവാസ ലോകത്തോട് അഭ്യര്‍ത്ഥിച്ചു.

25,000 കോടി രൂപയുടെ പശ്ചാത്തലസൗകര്യ വികസന പരിപാടിയാണ് ഇത്തവണത്തെ ബജറ്റില്‍ മുഖ്യ ആകര്‍ഷണം. കിഫ്ബി വഴിയുള്ള വികസനത്തിനാണ് ബജറ്റില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. ക്ഷേമപദ്ധതിക്ക് മുന്‍തൂക്കം നല്‍കിയും വനിതാ ക്ഷേമ വകുപ്പ് രൂപീകരിക്കുമെന്ന പ്രഖ്യാപനവും ബജറ്റിലുണ്ട്. സമ്പൂര്‍ണ്ണ വൈദ്യൂതീകരണത്തിനും പാലങ്ങളുടേയും റോഡുകളുടെയും വികസനത്തിനും ബജറ്റില്‍ മുന്‍തൂക്കം നല്‍കുന്നു. ആരോഗ്യ മേഖലയില്‍ സ്വപ്ന പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ പുനരുദ്ധാരണത്തിന് പാക്കേജും ഇടം പിടിച്ചിരിക്കുന്ന സംസ്ഥാന ബജറ്റില്‍ എല്ലാ മേഖലയേയും പരിഗണിച്ചിട്ടുണ്ട്.

വിവിധ വകുപ്പുകളിലായി 10,000 തസ്തികകള്‍ സൃഷ്ടിക്കുമെന്ന പ്രഖ്യാപനവും ഉണ്ടായി. ക്ഷേമ പെന്‍ഷനുകള്‍ 1,100 രൂപയായി ഉയര്‍ത്തുകയും പെന്‍ഷന്‍ ഇരട്ടിപ്പിക്കല്‍ ഒഴിവാക്കാന്‍ ഏകീകൃത പെന്‍ഷന്‍ സമ്പ്രദായം കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു. ഹരിത കേരളം മിഷനില്‍ ഉള്‍പ്പെടുത്തി മാലിന്യ നിര്‍മ്മാര്‍ജനം, ജലസംരക്ഷണം, പച്ചക്കറി കൃഷി, മരങ്ങളുടെ സംരക്ഷണം എന്നിവ നടപ്പാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ജീവിത ശൈലീമാറാരോഗങ്ങള്‍ക്കടക്കം സമ്പൂര്‍ണ്ണപ്രതിരോധവും സൗജന്യചികിത്സയും ആര്‍ദ്രം മിഷനിലൂടെ ബജറ്റില്‍ വാഗ്ദാനം ചെയ്യുന്നു.

കേരളം സമ്പൂര്‍ണ്ണ പാര്‍പ്പിട സംസ്ഥാനമാക്കുക എന്ന ലക്ഷ്യം മുന്നില്‍ക്കണ്ട് ഭൂമിയുള്ള ഭവന രഹിതര്‍ക്ക് നിലവിലെ സ്‌കീമും ഭൂമിയില്ലാത്ത ഭവന രഹിതര്‍ക്ക് പാര്‍പ്പിടസമുച്ചയങ്ങളും ലഭ്യമാക്കും. ഭിന്നശേഷിക്കാര്‍ക്ക് ഉന്നത വിദ്യാഭ്യാസത്തില്‍ അഞ്ച് ശതമാനം സംവരണം, ജോലിക്ക് 4 ശതമാനം സംവരണം, ഭിന്നശേഷിയുള്ളവര്‍ക്ക് സൗകര്യമൊരുക്കാനുള്ള ബാരിയര്‍ ഫ്രീപദ്ധതിക്ക് 15 കോടി രൂപ എന്നിവ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അന്ധത, കാഴ്ച്ചക്കുറവ്, ബുദ്ധിവൈകല്യം എന്നിവ ഉള്ളവര്‍, ചലനശേഷി ഇല്ലാത്തവര്‍, കുഷ്ഠരോഗവിമുക്തര്‍ എന്നിവര്‍ക്കുള്ള രണ്ട് ലക്ഷം രൂപയ്ക്കുള്ള സ്വാവലംബം ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയാണ് മറ്റൊരു ആകര്‍ഷണം. 65 വയസ്സു വരെയുള്ളവര്‍ക്കാണ് ഈ പദ്ധതി.

മറ്റുള്ളവര്‍ക്ക് ഇന്റര്‍നെറ്റ് സേവനം വളരെ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കി ഇന്റര്‍നെറ്റ് സൗകര്യം പൗരാവകാശമായിട്ടുള്ള സംസ്ഥാനമായി മാറുകയാണ് കേരളത്തിന്റെ ലക്ഷ്യമെന്ന് ബജറ്റ് വ്യക്തമാക്കുന്നു. കെഫോണ്‍ എന്ന പേരില്‍ കെ.എ സ്.ഇ.ബി വൈദ്യുതിശൃംഖലയ്ക്ക് സമാന്തരമായി സൃഷ്ടിക്കുന്ന പുതിയൊരു ഓപ്റ്റിക് ഫൈബര്‍ പാത വഴിയാണ് എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കുക. ശൃംഖല 18 മാസത്തിനുള്ളില്‍ നിലവില്‍ വരും. നിലവിലെ സാമ്പത്തിക സാഹചര്യം പരിഗണിക്കുമ്പോള്‍ ഉള്ളതുകൊണ്ട് എല്ലാ മേഖലകള്‍ക്കും ആശ്വാസമെത്തിക്കുന്ന മികച്ച ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്നാണ് പൊതുവെ വിലയിരുത്തല്‍.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.