1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 11, 2022

സ്വന്തം ലേഖകൻ: രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ധന മന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചു. 1.34 ലക്ഷം കോടി വരവും 1.57 ലക്ഷം കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. മൂലധന ചെലവിനായി 14891 കോടി രൂപയാണ് വകയിരുത്തിയത്. സംസ്ഥാനത്തിന്‍റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്‍റെ 2.3 ശതമാനം റവന്യൂ കമ്മിയും, 3.91 ശതമാനം ധനക്കമ്മിയും, 37.18 ശതമാനം പൊതുകടവുമാണ്.

ഏതെങ്കിലും ഒരു പ്രത്യേക മേഖലയ്ക്ക് പ്രാധാന്യം നല്‍കുന്ന പതിവു ബജറ്റ് ശൈലിക്കപ്പുറം, വിവിധ മേഖലകള്‍ക്ക് വിഭവങ്ങള്‍ പങ്കുവെച്ചു നല്‍കുന്ന രീതിയാണ് 2022-23 സാമ്പത്തികവര്‍ഷത്തെ ബജറ്റില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവലംബിച്ചത്. ലോകമെമ്പാടുമുള്ള പ്രഗത്ഭരായ സമാധാന പ്രവര്‍ത്തകരെയും ചിന്തകരെയും സംഘടിപ്പിച്ചുകൊണ്ട് ഓണ്‍ലൈന്‍ ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കുന്നതിനും സമാധാന പ്രസ്ഥാനങ്ങള്‍ക്ക് ശക്തി പകരുന്നതിനുമായി രണ്ടുകോടി നീക്കിവെക്കുന്നു എന്നതായിരുന്നു ബജറ്റിലെ ആദ്യപ്രഖ്യാപനം.

കാര്‍ഷികമേഖലയില്‍ മൂല്യവര്‍ധിത ഉത്പാദനം സാധ്യമാക്കുക എന്നൊരു ലക്ഷ്യവും ബജറ്റ് മുന്നോട്ടുവെക്കുന്നുണ്ട്. പഴവര്‍ഗങ്ങളില്‍നിന്നും കാര്‍ഷിക ഉല്‍പന്നങ്ങളില്‍നിന്നും എഥനോള്‍ ഉള്‍പ്പെടെയുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉത്പാദിപ്പിക്കുകയും വീര്യം കുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് ബജറ്റ് പറയുന്നുണ്ട്. പൈലറ്റ് പ്രോജക്ട് എന്ന നിലയില്‍ മരച്ചീനിയില്‍നിന്ന് എഥനോളും മറ്റ് മൂല്യവര്‍ധിത ഉത്പന്നങ്ങളും ഉത്പാദിപ്പിക്കാനുള്ള പദ്ധതിക്കായി രണ്ടുകോടി രൂപ മാറ്റിവെച്ചിട്ടുണ്ട്.

ഐ.ടി. ഇടനാഴികളുടെ വിപുലീകരണത്തിന് ബജറ്റില്‍ മതിയായ പ്രാധാന്യം നല്‍കിയിട്ടുണ്ട്. നിലവില്‍ നാലുവരിപ്പാതയായി വികസിപ്പിക്കുന്ന ദേശീയപാത 66-ന് സമാന്തരമായി നാല് ഐ.ടി. ഇടനാഴികളുടെ സ്ഥാപനം, കണ്ണൂരില്‍ പുതിയ ഐ.ടി. പാര്‍ക്ക് തുടങ്ങിയവ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലുള്ള ഐ.ടി. പാര്‍ക്കുകളില്‍ രണ്ടുലക്ഷം പുതിയ തൊഴില്‍ അവസരങ്ങളെങ്കിലും സൃഷ്ടിക്കപ്പെടും. ഇതിന്റെ ഭാഗമായി അടിസ്ഥാന സൗകര്യവികസനത്തിന് കിഫ്ബി വഴി 100 കോടി രൂപ അനുവദിക്കും. ആയിരം കോടി രൂപ മുതല്‍മുടക്കില്‍ നാല് സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കാനും ബജറ്റില്‍ നിര്‍ദേശമുണ്ട്. തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ സമീപമാകും ഇത്. കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആഗോള ശാസ്‌ത്രോത്സവം സംഘടിപ്പിക്കാനും ബജറ്റില്‍ നിര്‍ദേശമുണ്ട്.

തീരപ്രദേശങ്ങളെ മണ്ണൊലിപ്പില്‍നിന്നും കാലാവസ്ഥാ വ്യതിയാനത്തില്‍നിന്നും സംരക്ഷിക്കാനുള്ള പുതിയ പദ്ധതിക്ക് 100 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മനുഷ്യ-വന്യമൃഗ സംഘര്‍ഷ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് ദീര്‍ഘകാല പരിഹാര പദ്ധതികള്‍ രൂപപ്പെടുത്താന്‍ 25 കോടി വകയിരുത്തിയിട്ടുണ്ട്. ഇതില്‍ 7 കോടി വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ജീവഹാനി സംഭവിക്കുന്നവര്‍ക്കും പരിക്കേല്‍ക്കുന്നവര്‍ക്കും നഷ്ടപരിഹാരം നല്‍കാനാണ്.

വ്യവസായ മേഖലയ്ക്കു വേണ്ടിയുള്ള പ്രഖ്യാപനത്തില്‍ ഏറ്റവും ശ്രദ്ധേയം, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഹാര്‍ഡ് വെയര്‍ ടെക്‌നോളജീസ് ഹബ് സ്ഥാപിക്കുന്നതിന് 28 കോടി രൂപ വകയിരുത്തിയതാണ്. ചെറുകിട ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍ക്ക് വിവിധങ്ങളായ സഹായങ്ങള്‍ അനുവദിക്കുന്നതിന് 20 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കയര്‍വ്യവസായ മേഖലയ്ക്ക് വകയിരുത്തിയ തുക 117 കോടിയായി ഉയര്‍ത്തിയിട്ടുണ്ട്.

ഗതാഗത മേഖലയുടെ ആകെ ബജറ്റ് വിഹിതം മുന്‍വര്‍ഷത്തെ 1444.25 കോടിയില്‍നിന്ന് 1788.67 കോടിയായി ഉയര്‍ത്തിയിട്ടുണ്ട്. വിഴിഞ്ഞം കാര്‍ഗോ വികസനം, തങ്കശ്ശേരി തുറമുഖം എന്നിവയുടെ വികസനത്തിന് 10 കോടി രൂപവീതം വകയിരുത്തിയിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി. പുനരുജ്ജീവനത്തിന് 1000 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. കെ റെയില്‍ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലിന് വേണ്ടി കിഫ്ബിയില്‍നിന്ന് 2,000 കോടി രൂപ അനുവദിക്കുമെന്നും ബജറ്റ് പറയുന്നു.

വിനോദസഞ്ചാരമേഖല: സംസ്ഥാനത്തെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് വ്യോമമാര്‍ഗം യാത്ര ചെയ്യുന്ന വിനോദസഞ്ചാരികള്‍ക്കു വേണ്ടി 20 മുതല്‍ 40 സീറ്റുവരെയുള്ള വിമാനങ്ങള്‍, ഹെലികോപ്ടറുകള്‍, ഡ്രോണ്‍ അധിഷ്ഠിത ഗതാഗതം എന്നിവയ്ക്കായി എയര്‍ സ്ട്രിപ്പുകളുടെ ശൃംഖല സ്ഥാപിക്കും. വിനോദസഞ്ചാര ഹബ്ബുകള്‍, ഡെസ്റ്റിനേഷന്‍ ചലഞ്ച് പോലെയുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് നപ്പാക്കാന്‍ 362.15 കോടി രൂപ നീക്കി വെച്ചിട്ടുമുണ്ട്. ചാമ്പ്യന്‍സ് ബോട്ട് ലീഗ് 12 സ്ഥലങ്ങളില്‍ നടത്തുന്നതിനായി 15 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലയില്‍ ലാറ്റിന്‍അ മേരിക്കയ്ക്ക് സ്വാധീനമുണ്ട്. ഇതിന്റെ ഭാഗമായി ലാറ്റിന്‍ അമേരിക്കന്‍ സെന്ററിന്റെ പഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും തുടര്‍പദ്ധതികള്‍ക്കുമായി രണ്ടുകോടി രൂപ വകയിരുത്തിയിട്ടുണ്ട്.

പട്ടികജാതിക്കാര്‍ക്കു വേണ്ടി ഭൂമി, പാര്‍പ്പിടം മറ്റു വികസന പദ്ധതികള്‍ എന്നിവയ്ക്കായി 1935.38 കോടിയും വകയിരുത്തിയിട്ടുണ്ട്. കൂടാതെ ജെന്‍ഡര്‍ ബജറ്റിനായുള്ള അടങ്കല്‍ 4665.20 കോടിയായി വര്‍ധിപ്പിച്ചിട്ടുണ്ട്. അംഗനവാടി കുട്ടികളുടെ പോഷകാഹാരം മെച്ചപ്പെടുത്താന്‍ അവര്‍ക്കു വേണ്ടിയുള്ള മെനുവില്‍ പാലും മുട്ടയും ഉള്‍പ്പെടുത്തും.

മുന്‍സിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും 40.47 ആറിനു മുകളില്‍ പുതിയ സ്ലാബ് ഏര്‍പ്പെടുത്തി അടിസ്ഥാന ഭൂനികുതി പരിഷ്‌കരിക്കും. എല്ലാ സ്ലാബുകളിലെയും അടിസ്ഥാന ഭൂനികുതി നിരക്കുകള്‍ വര്‍ധിപ്പിക്കും. ഇത് 80 കോടി രൂപയുടെ അധികവരുമാനം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷ. ഭൂമിയുടെ ന്യായവിലയില്‍ 10 ശതമാനം ഒറ്റത്തവണ വര്‍ധനവ് നടപ്പാക്കുമെന്നും ബജറ്റ് പറയുന്നു. 200 കോടിയോളം രൂപയുടെ അധികവരുമാനം ഇത് നല്‍കുമെന്നാണ് കരുതുന്നത്. ഭൂമിയുടെ ന്യായവില 10% കൂട്ടി, ഭൂനികുതി സ്ലാബുകള്‍ പരിഷ്‌കരിക്കുംഭൂമിയുടെ ന്യായവില 10% കൂട്ടി, ഭൂനികുതി സ്ലാബുകള്‍ പരിഷ്‌കരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.