സ്വന്തം ലേഖകൻ: മടങ്ങിവരുന്ന പ്രവാസികളുടെ ക്ഷേമത്തിനായി ബജറ്റില്‍ 50 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. വിദേശത്തുനിന്ന് മടങ്ങിയെത്തിയ തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന ‘നോര്‍ക്ക അസിസ്റ്റന്റ് ആന്‍ഡ് മൊബിലൈസ് എംപ്ലോയ്മെന്റ്’ എന്ന പദ്ധതി മുഖേന ഓരോ പ്രവാസി തൊഴിലാളിക്കും പരമാവധി 100 തൊഴില്‍ദിനങ്ങള്‍ എന്ന കണക്കില്‍ ഒരുവര്‍ഷം ഒരുലക്ഷം തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്നു. ഈ പദ്ധതിക്കായി അഞ്ചുകോടി രൂപ ബജറ്റില്‍ വകയിരുത്തി.
മടങ്ങിയെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കാനും നിലനില്‍പ്പിന് ആവശ്യമായ പുതിയ നൈപുണ്യ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാനും സര്‍ക്കാര്‍ വലിയശ്രമമാണ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിനായി വിവിധ പദ്ധതികളിലായി 84.60 കോടി രൂപ വകയിരുത്തി.
മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരവധിവാസവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന പ്രത്യേക പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 25 കോടി. മടങ്ങിയെത്തിയ പ്രവാസികള്‍ക്കും മരണമടഞ്ഞ പ്രവാസികളുടെ ആശ്രിതര്‍ക്കും സമയബന്ധിതമായി ധനസഹായം നല്‍കാന്‍ ഉദ്ദേശിച്ചുള്ള സാന്ത്വന പദ്ധതിക്ക് 33 കോടി രൂപ.
കേരള നോണ്‍ റെസിഡന്റ് കേരളൈറ്റ്‌സ് വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ് മുഖനേയുള്ള പദ്ധതിക്ക് 15 കോടി. വിമാനത്താവളങ്ങളില്‍ നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സ് സേവനത്തിന് 60 ലക്ഷം. ലോക കേരള സഭയുടെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിനും ലോക കേരള സഭയുടെ പ്രാദേശിക യോഗങ്ങള്‍ നടത്തുന്നതിനും ലോക കേരള സഭ സെക്രട്ടറിയേറ്റിന്റെ ഓഫീസ് ചെലവുകള്‍ നിര്‍വഹിക്കുന്നതിനും 2.50 കോടി രൂപ.
മാവേലിക്കരയില്‍ ലോക കേരള കേന്ദ്രം സ്ഥാപിക്കാന്‍ ഒരുകോടി രൂപ. ഐഇഎല്‍ടിഎസ്, ഒഇടി പരീക്ഷ പരിശീലനത്തിന് സാമ്പത്തിക സഹായമെന്നനിലയില്‍ കുറഞ്ഞ പലിശ നിരക്കില്‍ നടപടിക്രമങ്ങള്‍ ലഘൂകരിച്ച് കൊണ്ട് വായ്പ നല്‍കുന്ന നോര്‍ക്ക ശുഭയാത്ര പദ്ധതിക്ക് രണ്ടുകോടി രൂപ എന്നിങ്ങനെയാണ് ബജറ്റിൽ പ്രവാസ ലോകത്തിനുള്ള മാറ്റിവെപ്പ്.
വിമാനയാത്രക്കൂലിയിൽ പ്രവാസികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ പരിഹരിക്കാൻ സർക്കാർ ഇതിനകം വിവിധ തലങ്ങളിൽ ചർച്ച നടത്തി പരിഹാരത്തിന് ശ്രമിച്ചുവരികയാണെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. അടിക്കടിയുണ്ടാവുന്ന വിമാന യാത്രാനിരക്ക് പ്രവാസികൾക്കും അവരുടെ കുടുംബത്തിനുമുണ്ടാക്കുന്ന പ്രയാസങ്ങൾ നിസ്സാരമല്ല. വിമാനയാത്രാ നിരക്ക് കുറയ്ക്കാൻ 15 കോടി രൂപയുടെ കോർപസ് ഫണ്ട് അനുവദിച്ചതായി ധനമന്ത്രി പ്രഖ്യാപിച്ചു.
വിമാനയാത്രാ ചെലവ് നിയന്ത്രിക്കാൻ ആഭ്യന്തര, വിദേശ എയർലൈൻ ഓപ്പറേറ്റർമാർ, ട്രാവൽ ഏജൻസികൾ, പ്രവാസി അസോസിയേഷനുകൾ എന്നിവരുമായി സർക്കാർ ഒന്നിലധികം തവണ ചർച്ച നടത്തിയിട്ടുണ്ട്. നോർക്ക റൂട്ട്‌സ് വിമാനയാത്രക്കാരുടെ ഡിമാൻഡ് അഗ്രഗേഷനായി ഒരു പ്രത്യേക പോർട്ടൽ നടപ്പാക്കാനും പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്.
വിമാനങ്ങൾ ചാർട്ടർ ചെയ്യാനുള്ള കുറഞ്ഞ ക്വട്ടേഷനുകൾ എയർലൈൻ ഓപ്പറേറ്റർമാരിൽ നിന്ന് സുതാര്യമായ പ്രക്രിയയിലൂടെ വാങ്ങും. ചാർട്ടേഡ് വിമാനങ്ങളുടെ ചെലവ് യുക്തിസഹമാക്കാനും അതുവഴി യാത്രക്കാർക്ക് താങ്ങാവുന്ന പരിധിക്കുള്ളിൽ ടിക്കറ്റ് നിരക്ക് നിലനിർത്താനുമാണ് പ്രാഥമികമായി 15 കോടി രൂപയുടെ കോർപസ് ഫണ്ട് ഉപയോഗപ്പെടുത്തുക. ഏതെങ്കിലും പ്രത്യേക വിമാനത്താവളം ഇതിൽ പങ്കാളിയാകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ ഫണ്ട് ഒരു അണ്ടർ റൈറ്റിങ് ഫണ്ട് ആയി ഉപയോഗിക്കാമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല