1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 3, 2023

സ്വന്തം ലേഖകൻ: കേരളത്തിൽ മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി ആകെ 50 കോടി രൂപ സംസ്ഥാന ബജറ്റിൽ വകയിരുത്തിയതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. നോർക്ക വഴി ഓരോ പ്രവാസിക്കൾക്കും 100 തൊഴിൽ ദിനങ്ങൾ ഒരുക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. മടങ്ങിയെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനും അവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ പുതിയ നൈപുണ്യവികസന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിനും ബജറ്റ് ഊന്നൽ നൽകുന്നുണ്ട്.

ഇതിനായി വിവിധ പദ്ധതികളില്‍ 84.60 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. മടങ്ങിയെത്തിയ പ്രവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രത്യേക പദ്ധതി, നോർക്ക ഡിപ്പാർട്ട്മെന്റ് പ്രൊജക്റ്റ് ഫോർ റിട്ടേണ്‍ഡ് എമിഗ്രന്റ്‌സിന്റെ പ്രവർത്തനങ്ങൾക്കായി മാത്രം 25 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. കുറഞ്ഞ വരുമാനമുള്ള പ്രവാസികള്‍ക്ക് രണ്ടു ലക്ഷം രൂപ വരെയുള്ള പലിശരഹിത വായ്പ കുടുംബശ്രീ വഴി പ്രവാസി ഭദ്രത എന്ന പേരിൽ നൽകും.

സഹകരണ ബാങ്കുകൾ, ദേശസാൽകൃത ബാങ്കുകൾ, ഷെഡ്യൂൾഡ് ബാങ്കുകൾ എന്നിവ മുഖേന 5 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 25% മൂലധന സബ്സിഡിയും മൂന്ന് ശതമാനം പലിശ സബ്സിഡിയും നൽകുന്ന ‘പ്രവാസി ഭദ്രത മൈക്രോ’ പദ്ധതി, കെഎസ്ഐഡിസി മുഖേന എം എസ് എം ഇ സംരംഭകർക്ക് 5% പലിശ നിരക്കിൽ 25 ലക്ഷം മുതൽ രണ്ടു കോടി വരെ വായ്പയായി നൽകുന്ന ‘പ്രവാസി ഭദ്രത മെഗാ’ എന്നീ പദ്ധതികളും ബജറ്റിൽ വിഭാവനം ചെയ്തിട്ടുണ്ട്.

മടങ്ങിവന്ന പ്രവാസികൾക്കും, മരണമടഞ്ഞ മലയാളി പ്രവാസികളുടെ ആശ്രിതര്‍ക്കും സമയബന്ധിതമായി ധനസഹായം നല്‍കുന്ന ‘സാന്ത്വന പദ്ധതിക്ക്’ 33 കോടി രൂപ മാറ്റിവച്ചു. കേരള നോണ്‍റെസിഡന്റ് കേരളൈറ്റ്‌സ് ഫണ്ട് ബോര്‍ഡ് മുഖേനയുള്ള ക്ഷേമപദ്ധതികള്‍ക്കായി 15 കോടി രൂപ വകയിരുത്തി. എയര്‍പോര്‍ട്ടുകളില്‍ നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സുകള്‍ക്ക് 60 ലക്ഷം രൂപയും വകയിരുത്തി.

പ്രവാസികളുടെ യാത്രാ ടിക്കറ്റ് നിരക്കാനുള്ള പദ്ധതിയുമായി സംസ്ഥാന ബജറ്റ്. ചാർട്ടർ ഫ്ലൈറ്റുകള്‍ മുഖേന ടിക്കറ്റ് നിരക്ക് പിടിച്ച് കെട്ടാനാണ് സർക്കാർ ശ്രമം. കേരളത്തിലെ പ്രവാസി സമൂഹം, പ്രത്യേകിച്ചും ഗള്‍ഫ് മേഖലയിലുള്ളവർ കേരളത്തിലേക്കും തിരിച്ചും യാത്രചെയ്യേണ്ടി വരുമ്പോള്‍ നല്‍കുന്ന ഉയർന്ന വിമാനച്ചിലവ് നിയന്ത്രിക്കുന്നിന് ആഭ്യന്തര-വിദേശ എയർലൈനുകളുടേയും ട്രാവല്‍ ഏജന്‍സികളുടേയും പ്രവാസി അസോസിയേഷനുകളുടേയും പ്രതിനിധികളുമായി സർക്കാർ ഒന്നില്‍ അധികം ചർച്ചകള്‍ നടത്തിയിട്ടുണ്ട്.

നോർക്ക റൂട്ട്സ് വിമാന യാത്രക്കാരുടെ ഡിമാന്‍ഡ് അഗ്രഗ്രേഷനായി ഒരു പ്രത്യേക പോർട്ടല്‍ നടപ്പിലാക്കാനിയ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. വിമാനം ചാർട്ടർ ചെയ്യാനുള്ള കുറഞ്ഞ ക്വട്ടേഷനുകള്‍ എയർലൈന്‍ ഓപ്പറേറ്റർമാരില്‍ നിന്നും സുതാര്യമായി വാങ്ങും. ചാർട്ടർ ഫ്ലൈറ്റുകളുടെ ചിലവ് യുക്തി സഹമാക്കാനും അതുവഴി യാത്രക്കാർക്ക് താങ്ങാനാവുന്ന തരത്തില്‍ ടിക്കറ്റ് നിരക്ക് താങ്ങാനാവുന്ന തരത്തില്‍ നിലനിർത്താനായി 15 കോടിയുടെ ഒരു കോർപ്പസ് ഫണ്ട് രൂപീകരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.