സ്വന്തം ലേഖകൻ: രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാം ബജറ്റാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചത്. രണ്ടര മണിക്കൂർ നീണ്ട ബജറ്റ് പ്രസംഗം 9 മണിക്ക് ആരംഭിച്ച് 11.30ന് അവസാനിപ്പിച്ചു. ധനമന്ത്രി കെ.എൻ ബാലഗോപാൽ ഇതുവരെ അവതരിപ്പിച്ചതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ ബജറ്റായിരുന്നു ഇത്. സുപ്രധാനമായ നയംമാറ്റ പ്രഖ്യാപനം കൂടിയായി ഈ സംസ്ഥാന ബജറ്റ് മാറുകയാണ്.
നിരവധി പൊതുമേഖലകളിൽ സ്വകാര്യ പങ്കാളിത്തം കൂടി ഉൾപ്പെടുത്താൻ പോകുന്നുവെന്നതാണ് ഇടതു സർക്കാരിന്റെ പുതിയ നയമാറ്റത്തിന്റെ വ്യക്തമായ സൂചനകൾ നൽകുന്നത്. മദ്യം, വൈദ്യുതി, കോടതി ഫീസ് ഉൾപ്പെടെയുള്ളവയ്ക്ക് വില കൂടുമ്പോൾ, ടൂറിസ്റ്റ് ബസുകളുടെ രജിസ്ട്രേഷൻ ഫീസ് കുറയും. ക്ഷേമ പെൻഷനുകൾ അടുത്ത വർഷം മുതൽ സമയബന്ധിതമായി നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രധാനമായി സ്വകാര്യ നിക്ഷേപങ്ങൾക്ക് വഴി തുറക്കുകയാണ് ഈ ബജറ്റ്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ മൂന്ന് ലക്ഷം കോടിയുടെ നിക്ഷേപമാണ് ലക്ഷ്യമിടുന്നത്. മാത്രമല്ല മെഡിക്കൽ ഹബ്ബാക്കി കേരളത്തെ മാറ്റുമെന്നും ബജറ്റിൽ പറയുന്നു. എന്നാൽ ക്ഷേമ പെൻഷനുകൾ കൂട്ടിയിട്ടില്ല. പകരം സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പുനഃപരിശോധിക്കുമെന്നും പകരം മറ്റൊന്ന് ആലോചിക്കുമെന്നുമാണ് ബജറ്റിൽ പറയുന്നത്.
കേന്ദ്രത്തെ വിമർശിച്ചും കേരളത്തിന്റെ വികസനങ്ങൾക്ക് പ്രാധാന്യം നൽകിയും കൂടിയായിരുന്നു ബജറ്റ് അവതരണം. ഭരണഘടനയുടെ ആമുഖമാണ് ബജറ്റിന്റെ പുറം ചട്ട. കേരളത്തിന്റേത് സൂര്യോദയ സമ്പദ്ഘടനയെന്ന് പറഞ്ഞായിരുന്നു ധനമന്ത്രി അവതരണം ആരംഭിച്ചതെങ്കിൽ വള്ളത്തോളിന്റെ കവിത ചൊല്ലിയാണ് ബജറ്റ് അവതരണം അവസാനിപ്പിച്ചത്. രണ്ടര മണിക്കൂർ പ്രസംഗം നീണ്ടു. ബാലഗോപാലിൻ്റെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം കൂടിയായിരുന്നു ഇത്. വിഴിഞ്ഞം, ദേശീയപാതാ വികസനം എന്നിവ ബജറ്റിന്റെ തുടക്കത്തിൽ ഇടംപിടിച്ചു.
1,38,655 കോടി രൂപ വരവും 1,84,327 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. റവന്യൂ കമ്മി 27,846 കോടി രൂപയും ധനക്കമ്മി 44,529 കോടി രൂപയുമാണ്. നികുതി വരുമാനത്തില്‍ 7845 കോടി രൂപയുടെയും നികുതിയേതര വരുമാനത്തില്‍ 1503 കോടി രൂപയുടെയും വര്‍ദ്ധനവ് ഈ ബജറ്റ് ലക്ഷ്യമിടുന്നു.
കേന്ദ്രത്തിനെതിരെ രൂക്ഷമായ വിമർശനമാണ് ധനമന്ത്രി ബജറ്റ് അവതരണത്തിൽ എടുത്ത് പറഞ്ഞത്. നടപ്പ് സാമ്പത്തിക വര്‍ഷം കേന്ദ്രത്തിന്റെ അവഗണന അതിന്റെ പാരമ്യത്തിലാണെന്ന് ധനകാര്യ മന്ത്രി ചൂണ്ടിക്കാണിച്ചു. കേന്ദ്രം സാമ്പത്തികമായി അവഗണിക്കുമ്പോഴും വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ധനകാര്യ മന്ത്രി വ്യക്തമാക്കി. കേന്ദ്രം ഫെഡറല്‍ തത്വങ്ങള്‍ ലംഘിച്ച് വിഭവകേന്ദ്രീകരണം നടത്തുകയാണെന്ന ഗൗരവമേറിയ വിമര്‍ശനവും ബജറ്റ് പ്രസംഗത്തില്‍ കെ എന്‍ ബാലഗോപാല്‍ മുന്നോട്ടുവച്ചു. കേന്ദ്രത്തിൻ്റെ സാമ്പത്തിക ഉപരോധത്തിലും കേരളം തകരില്ലെന്ന് വ്യക്തമാക്കിയ ധനകാര്യമന്ത്രി കേരളം തളരില്ലെന്നും കേരളത്തെ തകർക്കാനാവില്ലെന്ന് വ്യക്തമാക്കി മുന്നോട്ടു പോകണമെന്നും ആഹ്വാനം ചെയ്തു.
വിഴിഞ്ഞം തുറമുഖത്തെ സാമ്പത്തിക മുന്നേറ്റത്തിനുള്ള കവാടമായി വിഭാവനം ചെയ്യുന്ന കാഴ്ചപ്പാടുകളാണ് ഈ ബജറ്റ് പ്രധാനമായും മുന്നോട്ട് വെക്കുന്നത്. വിദേശമലയാളികളെ അടക്കം ഉള്‍പ്പെടുത്തി പ്രത്യേക വികസന സോണ്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും ഇതിനായി നിക്ഷേപ സംഗമം കൊണ്ടുവരുമെന്നും ധനകാര്യമന്ത്രി പ്രഖ്യാപിച്ചു. വിഴിഞ്ഞം തന്നെയാണ് ഈ നീക്കത്തിന്റെയും പ്രധാനകേന്ദ്രം എന്ന് തന്നെയാണ് ധനകാര്യമന്ത്രി നല്കുന്ന സൂചന. വിഴിഞ്ഞത്തെ സ്പെഷ്യല്‍ ഹബ്ബാക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനത്തില്‍ ഇത് വ്യക്തമാണ്.
കാര്‍ഷിക മേഖലയ്ക്കായി 1698.30 കോടി വകയിരുത്തി. ഭക്ഷ്യ-കാര്‍ഷിക മേഖലയുടെ വാണിജ്യവത്കരണം പ്രോത്സാഹിപ്പിക്കുമെന്നും ധനകാര്യ മന്ത്രി വ്യക്തമാക്കി. നാളികേര വികസനത്തിന് 65 കോടി രൂപയും നെല്ല് ഉല്പാദനത്തിന് 93.6 കോടി രൂപയും സുഗന്ധ വ്യഞ്ജന കൃഷിക്ക് 4.6 കോടി രൂപയും വിളകളുടെ ഉത്പാദനശേഷി വര്‍ധിപ്പിക്കുന്നതിന് രണ്ട് കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. 51. സഹകരണ മേഖലയ്ക്ക് 134.42 കോടി രൂപ പ്രഖ്യാപിച്ചു.
ഉന്നത വിദ്യാഭ്യാസ രംഗത്ത് നയം മാറ്റമെന്ന് കൂടി ബജറ്റ് പ്രഖ്യാപിക്കുന്നു. സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കാന്‍ നടപടിയെടുക്കും. നികുതി ഇളവുകള്‍ ഉള്‍പ്പെടെ നല്‍കിയായിരിക്കും സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കുക. പഠനത്തിനായി വിദേശത്തു പോകുന്നവരുടെ എണ്ണം കൂടുന്നതിനാല്‍ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തില്‍ ആരംഭിക്കണമെന്ന് ആവശ്യമുണ്ട്. ഇത് ഉള്‍പ്പെടെ പരിഗണിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര മാറ്റം കൊണ്ട് വരും. പ്രവാസികളായ അക്കാദമിക് വിദഗ്ധരുടെ ടാസ്ക് ഫോഴ്സ് രൂപീകരിക്കാനും തീരുമാനമുണ്ട്. വിദേശ സര്‍വകലാശാല ക്യാമ്പസുകള്‍ കേരളത്തിലും ആരംഭിക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി പറഞ്ഞു.
ബജറ്റ് 2024-25 ഒറ്റനോട്ടത്തില്‍
1,38,655 കോടി രൂപ വരവും 1,84,327 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്.
റവന്യൂ കമ്മി 27,846 കോടി രൂപ (സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 2.12 ശതമാനം)
ധനക്കമ്മി 44,529 കോടി (ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 3.4 ശതമാനം)
നികുതി വരുമാനത്തില്‍ 7845 കോടി രൂപയുടെയും നികുതിയേതര വരുമാനത്തില്‍ 1503 കോടി രൂപയുടെയും വര്‍ദ്ധനവ് ലക്ഷ്യമിടുന്നു.
കിഫ്ബി ഉള്‍പ്പടെ മൂലധന നിക്ഷേപ മേഖലയില്‍ 34,530 കോടിയുടെ വകയിരുത്തല്‍
വിളപരിപാലനത്തിന് 535.90 കോടി.
ഏഴ് നെല്ലുല്‍പ്പാദക കാര്‍ഷിക ആവാസ യൂണിറ്റുകള്‍ക്ക് 93.60 കോടി.
വിഷരഹിത പച്ചക്കറി വികസനത്തിന് 78.45 കോടി.
നാളീകേര കൃഷി വികസനത്തിന് 65 കോടി.
ഫലവര്‍ഗ്ഗ കൃഷി വികസനത്തിന് 18.92 കോടി, ഇതില്‍ 25 ശതമാനം ഗുണഭോക്താക്കള്‍ സ്ത്രീകളായിരിക്കും.
കാര്‍ഷികോല്‍പ്പന്ന വിപണന പദ്ധതിയ്ക്ക് 43.90 കോടി.
മണ്ണ് ജലസംരക്ഷണത്തിന് 83.99 കോടി.
മൃഗസംരക്ഷണത്തിന് 277.14 കോടിയുടെ വകയിരുത്തല്‍
മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വീട്ടുപടിക്കലേക്ക്
ക്ഷീരവികസന മേഖലയ്ക്ക് 109.25 കോടി
മത്സ്യബന്ധന മേഖലയ്ക്ക് 227.12 കോടി.
മത്സ്യത്തൊഴിലാളികളുടെ പഞ്ഞമാസ സമാശ്വാസത്തിന് 22 കോടി.
ഉള്‍നാടന്‍ മത്സ്യമേഖലയ്ക്ക് 80.91 കോടി.
തീരദേശ വികസനത്തിന് 136.98 കോടി.
മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാനസൗകര്യ, മാനവശേഷി വികസനത്തിന് 60 കോടി
മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് ഭൂമിയും വീടും നല്കുന്ന പദ്ധതിയ്ക്ക് 10 കോടി.
തീരദേശ അടിസ്ഥാന സൗകര്യമൊരുക്കാന്‍ 10 കോടി.
പുനര്‍ഗേഹം പദ്ധതിയുടെ വാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് 40 കോടി.
മത്സ്യബന്ധന തുറമുഖങ്ങള്‍ക്കായി 9.5 കോടി.
മത്സ്യത്തൊഴിലാളി അപകട ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയ്ക്ക് 11.18 കോടി
മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്‍പ്പെടെ 10 കോടി
പൊഴിയൂരില്‍ പുതിയ മത്സ്യബന്ധന തുറമുഖത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 5 കോടി
നിര്‍മ്മാണ മേഖലയെ സജീവമാക്കാന്‍ 1000 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍.
ചന്ദന കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ചന്ദനം സംരക്ഷിക്കുന്നതിനും പ്രത്യേക പദ്ധതി
വനം വന്യജീവി മേഖലയ്ക്കായി 232.59 കോടി.
പാരിസ്ഥിതിക പുനരുദ്ധാരണ അടിസ്ഥാന സൗകര്യ വികസന ഫണ്ടിനായി 50.30 കോടി.
മനുഷ്യ-വന്യമൃഗ സംരക്ഷണ ലഘൂകരണത്തിന് 48.85 കോടി.
പുത്തൂര്‍ സുവോളജിക്കല്‍ പാര്ക്കിന് 6 കോടി
കേരള കാലാവസ്ഥ പ്രതിരോധ കാര്‍ഷിക മൂല്യ ശൃംഖല ആധുനികവല്‍ക്കരണ പദ്ധതിയ്ക്ക് സംസ്ഥാന വിഹിതം 100 കോടി. ലോകബാങ്ക് സഹായത്തോടെ 5 വര്‍ഷം കൊണ്ട് നടപ്പാക്കുന്ന പദ്ധതിയ്ക്ക് 2365 കോടി രൂപ ചെലവിടും.
പത്ര പ്രവര്‍ത്തകരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയ്ക്ക് 25 ലക്ഷം.
നാടുകാണിയില്‍ സഫാരി പാര്ക്കിന് 2 കോടി
പെരുവണ്ണാമൂഴി മുതുകാടുള്ള 120 ഹെക്ടറില്‍ ടൈഗര്‍ സഫാരി പാര്‍ക്ക്.
തദ്ദേശസ്വയംഭരണ സ്ഥാപന പദ്ധതി വിഹിതം സംസ്ഥാന പദ്ധതി അടങ്കലിന്റെ 28.09 ശതമാനമായി ഉയര്‍ത്തി. (8532 കോടി വകയിരുത്തല്‍)
ഗ്രാമവികസനത്തിന് 1768.32 കോടി.
തൊഴിലുറപ്പില്‍ 10.50 കോടി തൊഴില്‍ ദിനം ലക്ഷ്യം. ഇതിനായി സംസ്ഥാന വിഹിതം 230.10 കോടി.
2025 നവംബറോടെ അതിദാരിദ്ര്യരില്ലാത്ത സംസ്ഥാനമായി കേരളം മാറും.
കുടുംബശ്രീയ്ക്ക് 265 കോടി
പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് 1736.63കോടി
ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 456.71 കോടി.
പൊതുജനാരോഗ്യ മേഖലയ്ക്ക് 2052.23 കോടി
2025 മാര്‍ച്ച് 31-നകം ലൈഫ് പദ്ധതിയില്‍ 5 ലക്ഷം വീടുകളുടെ പൂര്‍ത്തീകരണം ലക്ഷ്യം. അടുത്ത വര്‍ഷത്തേക്ക് 1132 കോടി രൂപ.
മുതിര്‍ന്ന പൗരന്മാര്ക്കായി വാര്‍ദ്ധക്യ സൗഹൃദ ഭവനം പദ്ധതി.
എം.എന്‍ ലക്ഷം വീട് ഭവന പദ്ധതിയിലെ 9004 വീടുകള്‍ വാസയോഗ്യമാക്കാന്‍ 10 കോടി.
കാസര്‍ഗോഡ്, ഇടുക്കി, വയനാട് പാക്കേജുകള്‍ക്ക് 75 കോടി വീതം
ശബരിമല മാസ്റ്റര്‍ പ്ലാനിന് 27.60 കോടി.
സഹകരണ മേഖലയ്ക്ക് 134.42 കോടി.
ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനും തീര പരിപാലനത്തിനുമായി 588.85 കോടി.
ഊര്‍ജ്ജ മേഖലയ്ക്ക് 1150.76 കോടി (2024-25)
സൗരോര്‍ജ്ജത്തിലൂടെ ആയിരം മെഗാവാട്ട് സ്ഥാപിതശേഷി കൈവരിക്കല്‍ ലക്ഷ്യം.
കെ.എസ്.ആര്.ടി.സിയ്ക്ക് 1120.54 കോടി
ദ്യുതി പദ്ധതിയ്ക്ക് 400 കോടി.
വ്യവസായവും ധാതുക്കളും മേഖലയ്ക്കായി 1729.13 കോടി.
ഇടത്തരവും വലുതുമായ വ്യവസായങ്ങള്‍ക്ക് 773.09 കോടി.
കൊച്ചി മറൈന്‍ ഡ്രൈവില്‍ 2150 കോടി രൂപയുടെ അന്താരാഷ്ട്ര വാണിജ്യ സമുച്ചയം
കശുവണ്ടി വ്യവസായത്തിന് 53.36 കോടി.
കശുവണ്ടി ഫാക്ടറി പുനരുദ്ധാരണത്തിന് 2 കോടി
കാഷ്യു ബോര്‍ഡിന് റിവോള്‍വിംഗ് ഫണ്ടായി 40.81 കോടി
കൈത്തറി-യന്ത്രത്തറി മേഖലയ്ക്ക് 51.89 കോടി.
പൊതുജനങ്ങളുടെ പങ്കാളിത്തത്തോട് കൂടി ആരോഗ്യ സുരക്ഷാ ഫണ്ട് രൂപീകരിക്കും.
സ്മാര്‍ട്ട് സിറ്റി മിഷന് പദ്ധതിയുടെ നടത്തിപ്പിന് 100 കോടി
തോട്ടം തൊഴിലാളികളുടെ ദുരിതാശ്വാസ നിധി 1.1കോടി
കയര്‍ വ്യവസായത്തിന് 107.64 കോടി
ഖാദി വ്യവസായത്തിന് 14.80 കോടി
കെ.എസ്.ഐ.ഡി.സിയ്ക്ക് 127.50 കോടി
നിക്ഷേപ പ്രോത്സാഹന പ്രവര്‍ത്തനങ്ങള്‍ക്ക് 22 കോടി.
സ്റ്റാര്‍ട്ടപ്പ് സപ്പോര്‍ട്ട് ഉദ്യമങ്ങള്‍ക്കായി 6 കോടി
2 ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കുന്ന രീതിയില്‍ അങ്കണവാടി ജീവനക്കാര്‍ക്ക് പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി.
ധനകാര്യ വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകള്‍ക്കായി ഓഫീസ് കോംപ്ലക്സ് തിരുവനന്തപുരത്ത് നിര്‍മ്മിക്കും.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവര്‍ വിരമിച്ച ശേഷം മാസം തോറും ഒരു നിശ്ചിത തുക ലഭ്യമാക്കുന്ന തരത്തില്‍ അന്വിറ്റി എന്ന പുതിയ പദ്ധതി നടപ്പിലാക്കും.
ലൈഫ് സയന്‍സ് പാര്ക്കിന് 35 കോടി.
കേരള റബ്ബര്‍ ലിമിറ്റഡിന് 9കോടി
വന്‍കിട പശ്ചാത്തല വികസന പദ്ധതികള്‍ക്കായി 300.73 കോടി
കിന്‍ഫ്രയ്ക്ക് 324.31 കോടി
കെല്‍ട്രോണിന് 20 കോടി
വിവരസാങ്കേതിക മേഖലയ്ക്ക് 507.14 കോടി
കേരള സ്പേസ് പാര്ക്കിന് 52.50 കോടി.
സംസ്ഥാനത്ത് ആകമാനം 2000 വൈ-ഫൈ ഹോട്ട്സ്പോട്ടുകള്‍ കൂടി
കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയ്ക്ക് 23.51 കോടി
ഗ്രാഫീന് അധിഷ്ഠിത ഉല്‍പ്പന്ന വികസനത്തിന് 260 കോടി
ഗതാഗത മേഖലയ്ക്ക് 1976.04 കോടി.
കൊല്ലം തുറമുഖം പ്രധാന നോണ്‍ മേജര്‍ തുറമുഖമാക്കി വികസിപ്പിക്കും.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ഡി.എ അനുവദിക്കും. ഏപ്രില്‍ മാസത്തെ ശമ്പളത്തോടൊപ്പം ലഭിക്കും.
പങ്കാളിത്ത പെന്ഷന് പദ്ധതിയ്ക്ക് പകരം അഷ്വേര്‍ഡ് പെന്ഷന് പദ്ധതി.
റബ്ബര്‍ സബ്സിഡി 180 രൂപയാക്കി ഉയര്‍ത്തി.
നഗര വികസന പരിപാടികള്‍ക്ക് 961.14 കോടി.
ബി.ഡി, ഖാദി, മുള, ചൂരല്‍, മത്സ്യബന്ധനവും സംസ്കരണവും കശുവണ്ടി, കയര്‍, തഴപ്പായ കരകൗശല നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ധനസഹായത്തിന് 90 കോടി.
പട്ടിക ജാതി ഉപ പദ്ധതിയ്ക്ക് 2979.40 കോടി.
പട്ടിക വര്‍ഗ്ഗ വികസനത്തിന് 859.50 കോടി.
മറ്റ് പിന്നാക്ക വിഭാഗ ക്ഷേമങ്ങള്‍ക്കായി 167 കോടി.
ന്യൂനപക്ഷ ക്ഷേമത്തിന് 73.63 കോടി
മുന്നാക്ക വിഭാഗ ക്ഷേമത്തിന് 35 കോടി.
കെ.എസ്.എഫ്.ഇയ്ക്ക് പുതിയ 50 ബ്രാഞ്ചുകള്‍
3 വര്‍ഷത്തിനുള്ളില്‍ 3 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കാനുള്ള പരിപാടികള്‍.
വിഴിഞ്ഞം തുറമുഖത്തിന്റ വികസന സാധ്യതകളെ പ്രയോജനപ്പെടുത്താന്‍ പ്രത്യേക ഡെവലപ്മെന്റ് സോണുകള്‍. ഇതിനായി നിക്ഷേപക സംഗമവും മാരിടൈം ഉച്ചകോടിയും.
ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയില്‍ പി.ജി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ പി.എച്ച്.ഡി പഠനത്തിന് അവസരമൊരുക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല