സ്വന്തം ലേഖകൻ: സംസ്ഥാന സർക്കാറിന്റെ ബജറ്റിൽ നിന്നുള്ള അവഗണനയുടെ നിരാശയിൽ പ്രവാസ ലോകം. കേന്ദ്ര ബജറ്റിനു പിന്നാലെ സംസ്ഥാന സർക്കാറിന്റെ ബജറ്റിലും നാടിന്റെ പ്രധാന സാമ്പത്തിക ഉറവിടമായ പ്രവാസികളെ അവഗണിക്കുകയും, നിലവിലെ ആനുകൂല്യങ്ങൾ തന്നെ വെട്ടിക്കുറക്കുകയും ചെയ്തതിനെതിരെ ശക്തമായ പ്രതിഷേധവും ഉയരുന്നു.
നാടിന്റെ സാമ്പത്തിക സ്രോതസ്സ് എന്ന ഭംഗിവാക്കുകൾ ഭരണാധികാരികൾ ആവർത്തിക്കുന്നതിനിടെയാണ് വിവിധ ആവശ്യങ്ങൾ തള്ളുകയും നിലവിലെ ആനുകൂല്യങ്ങൾ വെട്ടുകയും ചെയ്തുകൊണ്ട് സംസ്ഥാന സർക്കാർ ബജറ്റ് അവതരിപ്പിച്ചത്.
പ്രവാസികൾക്കുള്ള രണ്ട് പദ്ധതികളുടെ ബജറ്റ് വിഹിതം മുൻ വർഷത്തെ അപേക്ഷിച്ച് വർധിപ്പിച്ചില്ല. അതേസമയം, രണ്ട് പദ്ധതികളുടെ വിഹിതത്തിൽ കുറവും വരുത്തിയത് ഇരുട്ടടിയുമായി. പ്രവാസികളുടെ സുസ്ഥിര ജീവനോപാധി ഉറപ്പാക്കുന്നതിന് ആവിഷ്കരിച്ച എൻ.ഡി.പി.ആർ.ഇ.എം പദ്ധതിയുടെയും ‘സാന്ത്വന’ പദ്ധതിയുടെയും വിഹിതത്തിലാണ് ഇത്തവണ വർധനയില്ലാത്തത്.
മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസ, പുനഃസംയോജന ഏകോപന പദ്ധതിയുടെയും ‘കേരള ദി നോൺ റെസിഡന്റ് കേരളൈറ്റ്സ് വെൽഫെയർ ബോർഡ്’ വഴിയുള്ള ക്ഷേമപദ്ധതികളുടെയും ബജറ്റ് വിഹിതത്തിൽ സർക്കാർ ഇത്തവണ കുറവും വരുത്തി.
സർക്കാരിന്റെ നിലവിലുള്ള പ്രവാസി സൗഹൃദ പദ്ധതികൾക്ക് കേരള ബജറ്റിൽ തുക അനുവദിച്ചു. നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്സ് (എൻഡിപിആർഇഎം) ആണ് ഒരു പദ്ധതി. സ്വയം തൊഴിൽ സംരംഭങ്ങളെ പ്രോൽസാഹിപ്പിക്കുന്ന പദ്ധതിയാണിത്. മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സുസ്ഥിര ജീവനോപാധി ഉറപ്പാക്കുന്ന പദ്ധതിയിലേക്ക് 25 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസ പുനഃസംയോജന ഏകോപന പദ്ധതികൾക്കായി 44 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
പ്രവാസികൾക്കു സാമ്പത്തിക സഹായം നൽകുന്ന സാന്ത്വനം പദ്ധതിക്കായി 33 കോടി രൂപ വകയിരുത്തി. ചികിത്സാ സഹായമായി 50000 രൂപവരെ പദ്ധതിയിൽ ലഭിക്കും. കുറഞ്ഞത് 2 വർഷമെങ്കിലും പ്രവാസജോലി ചെയ്തിരിക്കണമെന്നതാണ് നിബന്ധന. പ്രവാസികൾക്കു മരണാനന്തര സഹായമായി ഒരു ലക്ഷം രൂപവരെ പദ്ധതിയുടെ ഭാഗമായി ലഭിക്കും. വിവാഹ സഹായമായി 15000 രൂപയും വൈകല്യം സംഭവിച്ചവർക്ക് ഉപകരണങ്ങൾ വാങ്ങാൻ 10000 രൂപയും ലഭിക്കും. പ്രവാസി ക്ഷേമ പദ്ധതിക്കായി 12 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
പ്രവാസികളായ അക്കാദമിക് വിദഗ്ധരെ ഉൾപ്പെടുത്തി ടാസ്ക് ഫോഴ്സിനു രൂപം നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ സർവകലാശാലകളിൽ പ്രാഗൽഭ്യം തെളിയിച്ച പ്രവാസികളെ പരിഗണിച്ചേക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല