സ്വന്തം ലേഖകൻ: സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ പ്രവാസി മലയാളികൾക്ക് എന്താണുള്ളത്? മടങ്ങിയെത്തുന്ന പ്രവാസികൾക്കായി നോർക്ക മുഖേന ചില പദ്ധതികള്‍ക്ക് പണം നീക്കിവച്ചിട്ടുണ്ട്. ഇതിൽ മിക്ക പദ്ധതികളും നിലവിൽ ഉള്ളതു തന്നെയാണ്. ലോക കേരള സഭയ്ക്കും വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രിക്കുന്നതിനും പണം നീക്കിയിരിക്കുന്നു. ബജറ്റിൽ പ്രവാസികൾക്കായുള്ള പ്രഖ്യാപനങ്ങൾ എന്തെല്ലാമാണെന്നു പരിശോധിക്കാം.
വിദേശത്തു നിന്നും മടങ്ങിയെത്തിയ തൊഴിലാളികൾക്ക് തൊഴിൽ ലഭിമാക്കുന്ന നോർക്ക അസിസ്റ്റൻഡ് ആൻഡ് മൊബിലൈസ്ഡ് എംപ്ലോയിമെന്റ് (എൻഎഎംഇ) എന്ന പദ്ധതി മുഖേന ഓരോ പ്രവാസി തൊഴിലാളിക്കും പരമാവധി 100 തൊഴിൽ ദിനങ്ങൾ എന്ന കണക്കിൽ ഒരു ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നു. പദ്ധതിക്കായി അഞ്ചു കോടി രൂപ വകയിരുത്തി.
മടങ്ങിയെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനും അവർക്ക് നിലനിൽപ്പിനു ആവശ്യമായ പുതിയ നൈപുണ്യ വികസന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതിനും സർക്കാർ ശ്രദ്ധ നൽകുന്നു. ഇതിനായി വിവിധ പദ്ധതികളിൽ 84.60 കോടി രൂപ വകയിരുത്തി.
മടങ്ങിയെത്തിയ പ്രവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പ്രത്യേക പദ്ധതി ‘നോർക്ക് ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേണ്‍ഡ് എമിഗ്രന്റ്സ്’ (എൻഡിപിആർഇഎം) ന്റെ പ്രവർത്തനങ്ങൾക്ക് 25 കോടി രൂപ അനുവദിച്ചു. മടങ്ങിവരുന്ന പ്രവാസികളുടെ ക്ഷേമത്തിനായി ആകെ 50 കോടി രൂപ വകയിരുത്തി.
കുറഞ്ഞ വരുമാനമുള്ള പ്രവാസികൾക്ക് രണ്ടു ലക്ഷം രൂപ വരെയുള്ള പലിശ രഹിത വായ്പ കുടുംബശ്രീ മിഷനു കീഴിൽ നൽകുന്ന പദ്ധതിയായ ‘പ്രവാസി ഭദ്രത’, സഹകരണ ബാങ്കുകൾ/ദേശസാൽകൃത ബാങ്കുകൾ/ഷെഡ്യൂൾഡ് ബാങ്കുകൾ മുഖേന അഞ്ചു ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 25 % മൂലധന സബ്സിഡിയും (പരമാവധി ഒരു ലക്ഷം രൂപ) 3 % പലിശ സബ്സിഡിയും നൽകുന്ന ‘പ്രവാസി ഭദ്രത മൈക്രോ’, കെഎസ്ഐഡിസി മുഖേന എംഎസ്എംഇ സംഭരംഭകർക്ക് 5% പലിശ നിരക്കിൽ 25 ലക്ഷം മുതൽ രണ്ടു കോടി വരെ വായ്പയായി നൽകുന്ന ‘പ്രവാസി ഭദ്രത–മെഗാ’ എന്നീ പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്.
മടങ്ങിവന്ന പ്രവാസി മലയാളികൾക്കും മരണമടഞ്ഞ പ്രവാസി മലയാളികളുടെ ആശ്രിതർക്കും സമയബന്ധിതമായി ധനസഹായം ലഭ്യമാക്കാൻ ഉദ്ദേശിച്ചു കൊണ്ടുള്ള ‘സാന്ത്വന’ പദ്ധതിയ്ക്ക് 33 കോടിരൂപ മാറ്റിവച്ചു. ‘കേരള നോൺ റസിഡന്റ് കേരളൈറ്റ്സ് വെൽഫയർ ഫണ്ട് ബോർഡ്’ മുഖേനയുള്ള ക്ഷേമപദ്ധതികൾക്കായി 15 കോടി രൂപ.
വിമാനത്താവളങ്ങളിൽ നോർക്ക എമർജൻസി ആംബുലൻസ് സേവനത്തിനായി 60 ലക്ഷം രൂപ വകയിരുത്തി. രണ്ടാമത്തെയും മൂന്നാമത്തെയും ലോക കേരള സഭയുടെ ശുപാർശകൾ നടപ്പാക്കുന്നതിനും ലോകകേരള സഭയുടെ പ്രാദേശിക യോഗങ്ങൾ നടത്തുന്നതിനും ലോകകേരള സഭ സെക്രട്ടേറിയറ്റിന്റെ ഓഫീസ് ചെലവുകൾ വഹിക്കുന്നതിനും 2.50 കോടി രൂപ വകയിരുത്തി.
ഐഇഎൽടിഎസ്, ഒഇടി തുടങ്ങിയ പരീക്ഷകളുടെ പരിശീലനത്തിനുള്ള സാമ്പത്തിക സഹായം എന്ന നിലയിൽ കുറഞ്ഞ പലിശ നിരക്കിൽ നടപടിക്രമങ്ങൾ ലഘൂകരിച്ച് വായ്പ നൽകുന്ന നോർക്ക ശുഭയാത്ര എന്ന പുതിയ പദ്ധതിക്കായി രണ്ടു കോടി രൂപ വകയിരുത്തി.
ഉയർന്ന വിമാന യാത്രാ ചെലവുകൾ നിയന്ത്രിക്കുന്നതിനു ആഭ്യന്തര, വിദേശ എയർലൈൻ ഓപ്പറേറ്റർമാരുമായും ട്രാവൽ ഏജൻസികൾ, പ്രവാസി അസോസിയേഷനുകൾ എന്നിവയുമായും സർക്കാർ ചർച്ചകൾ നടത്തിയിട്ടുണ്ട്. നോർക്ക റൂട്ട്സ് വിമാന യാത്രക്കാരുടെ ഡിമാൻഡ് അഗ്രഗേഷനായി ഒരു പ്രത്യേക പോർട്ടൽ നടപ്പിലാക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ധനമന്ത്രി അറിയിച്ചു.
വിമാനങ്ങൾ ചാർട്ടർ ചെയ്യാനുള്ള കുറഞ്ഞ ക്വട്ടേഷനുകൾ (INR/സീറ്റ്) എയർലൈൻ ഓപ്പറേറ്റർമാരിൽ നിന്ന് സുതാര്യമായ പ്രക്രിയയിലൂടെ വാങ്ങും. ചാർട്ടർ ഫ്ലൈറ്റുകളുടെ ചെലവ് യുക്തിസഹമാക്കാനും അതുവഴി യാത്രക്കാർക്ക് താങ്ങാനാകുന്ന പരിധിക്കുള്ളിൽ ടിക്കറ്റ് നിരക്ക് നിലനിർത്താനും പ്രാഥമികമായി 15 കോടി രൂപയുടെ ഒരു കോർപ്പസ് ഫണ്ട് രൂപീകരിക്കും.
ഏതെങ്കിലും പ്രത്യേക വിമാനത്താവളം ഇതിൽ പങ്കാളിയാകാൻ ആഗ്രഹിക്കുന്ന സാഹചര്യത്തിൽ ഈ ഫണ്ട് ഒരു അണ്ടർ റൈറ്റിംഗ് ഫണ്ടായും ഉപയോഗിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല