സ്വന്തം ലേഖകൻ: സാധാരണക്കാരന്റെ നടുവൊടിക്കുന്ന ബജറ്റാണ് ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് പരക്കെ ആരോപണം ഉയരുകയാണ്. കടുത്ത വിലക്കയറ്റത്തിനു വഴിവയ്ക്കുന്ന പ്രഖ്യാപനങ്ങളായിരുന്നു സംസ്ഥാന ബജറ്റില്‍ ഇടംപിടിച്ചത്. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ ട്രോള്‍ രൂപത്തിലും നിറയുകയാണ് സംസ്ഥാന ബജറ്റ്. മുറുക്കിയുടുക്കാൻ ഒരു മുണ്ടെങ്കിലും തന്നിട്ട് പോകാനും വിഷം ഒഴികെ എല്ലാത്തിനും വിലക്കയറ്റമാണെന്നുമാണ് പരിഹാസം.
തമിഴ്‌നാട് അതിര്‍ത്തിയിലുള്ളവരെ തോല്‍പ്പിക്കാനാവില്ലെന്നും ട്രോളുകളിലുണ്ട്. പെട്രോളിന് കേരളത്തിലേക്കാള്‍ അഞ്ചുരൂപയോളം കുറവാണ് തമിഴ്നാട്ടില്‍. നിരവധിപേർ അതിർത്തി കടന്ന് തമിഴ്‌നാട്ടിൽനിന്നാണ് വാഹനങ്ങളിൽ പെട്രോൾ അടിക്കുന്നത്. സംസ്ഥാനത്ത് പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമ്പോൾ വ്യത്യാസം ഏഴു രൂപയ്ക്കുമേൽ വരും. മാഹിയില്‍ 12 രൂപയോളമാണ് വ്യത്യാസം. അതേസമയം, ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധിക്കുന്ന ബി.ജെ.പിയുടെ ഇരട്ടത്താപ്പിനെയും ട്രോളന്മാര്‍ ചോദ്യം ചെയ്യുന്നുണ്ട്.
ബജറ്റ് തലേന്ന് കേന്ദ്രം കേരളത്തിന്റെ വായ്പ വീണ്ടും വെട്ടിക്കുറച്ചതോടെ സംസ്ഥാനസര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയില്‍. അടുത്തവര്‍ഷവും ഈ സ്ഥിതി തുടരുമെന്ന് കേന്ദ്രം മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇതോടെയാണ് പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടുരൂപ ഉള്‍പ്പെടെയുള്ള കടുത്ത നികുതിനിര്‍ദേശങ്ങള്‍ ഏര്‍പ്പെടുത്താന്‍ തയ്യാറായതെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.
ഇത് നേരത്തേ ആലോചിച്ചിരുന്നതല്ല. ഇല്ലെങ്കില്‍ ക്ഷേമപെന്‍ഷന്‍ ഉള്‍പ്പെടെ നിര്‍ത്തലാക്കേണ്ട ഗുരുതരമായ സാഹചര്യമുണ്ടാകും. 63 ലക്ഷം കുടുംബങ്ങള്‍ക്ക് സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമപെന്‍ഷനും നല്‍കാന്‍ വര്‍ഷം വേണ്ടത് 11,000 കോടിയാണ്. ജനുവരിമുതല്‍ മാര്‍ച്ചുവരെയുള്ള മൂന്നുമാസങ്ങളില്‍ 17,500 കോടിയുടെ വായ്പ അനുവദിക്കണമെന്നാവശ്യപ്പെട്ട കേരളത്തിന് കേന്ദ്രം അനുവദിച്ചത് വെറും 973 കോടിയാണ്.
കിഫ്ബി ഈ വര്‍ഷം എടുത്ത വായ്പയിലെ 2700 കോടി രൂപകൂടി പൊതുകടത്തില്‍ ഉള്‍പ്പെടുത്തി ഈ വര്‍ഷംതന്നെ വെട്ടിക്കുറച്ചു. ബജറ്റ് തയ്യാറാക്കുന്നത് അവസാനഘട്ടത്തിലേക്കുകടന്ന വ്യാഴാഴ്ച രാവിലെയാണ് ഇതുസംബന്ധിച്ച അറിയിപ്പുവന്നത്. ഇത് കേന്ദ്രത്തിന്റെ സര്‍ജിക്കല്‍ സ്ട്രൈക്കാണെന്ന് മന്ത്രി പറഞ്ഞു. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നല്‍കാനായി ക്ഷേമപെന്‍ഷന്‍ കമ്പനിയെടുത്ത വായ്പയില്‍ 8600 കോടി അടുത്തവര്‍ഷം കുറയ്ക്കാനിരിക്കുകയാണ്.
കിഫ്ബിയും ക്ഷേമപെന്‍ഷന്‍ കമ്പനിയും എടുത്ത വായ്പയായ 14,312 കോടി രൂപ നാലുവര്‍ഷംകൊണ്ട് സര്‍ക്കാരിന്റെ വായ്പപ്പരിധിയില്‍ കുറയ്ക്കാനാണ് നേരത്തേ കേന്ദ്രം തീരുമാനിച്ചത്. ഇതനുസരിച്ച് 3100 കോടി ഈ വര്‍ഷം വെട്ടിക്കുറച്ചു. ഇതിനുപുറമേയാണ് കിഫ്ബി ഈ വര്‍ഷം എടുത്ത വായ്പയായ 2700 കോടി രൂപ കുറച്ചേ ഇത്തവണ കടമെടുക്കാനാവൂ എന്ന അറിയിപ്പ് വ്യാഴാഴ്ച വന്നത്. ഏത് ചട്ടമനുസരിച്ചാലും ഏറ്റവും കുറഞ്ഞത് 4000 കോടിയുടെ വായ്പയ്ക്ക് കേരളത്തിന് അര്‍ഹതയുണ്ടെന്ന് മന്ത്രി പറഞ്ഞു.
അതിനിടെ ബജറ്റിലെ നികുതി നിര്‍ദേശങ്ങളില്‍ ഇളവിന് സാധ്യത. രണ്ട് രൂപ ഇന്ധന സെസ് ഏര്‍പ്പെടുത്തിയതിനെതിരെ സിപിഐഎമ്മിലും എല്‍ഡിഎഫിലും എതിര്‍പ്പ് ശക്തമാവുകയാണ്. ഈ സാഹചര്യത്തിലാണ് ഇളവ് നല്‍കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്. അതിനിടെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ എറണാകുളത്ത് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു.
സംസ്ഥാന ബജറ്റിലുണ്ടായത് നിര്‍ദേശങ്ങള്‍ മാത്രമാണെന്ന് എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും. ഇന്ധനവിലയ്ക്ക് കാരണം കേന്ദ്രനയമാണെന്നും സംസ്ഥാനത്തെ കേന്ദ്രം പ്രതിസന്ധിയിലാക്കുകയാണെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല